Saturday December 10, 2016
Latest Updates

വീരന്‍ അയയുന്നു, കോണ്‍ഗ്രസിന് ആശ്വാസം, ഇടതിന്‍റെ മുന്നണി വിപൂലീകരണ സ്വപ്നങ്ങള്‍ തകര്‍ന്നേക്കും

വീരന്‍ അയയുന്നു, കോണ്‍ഗ്രസിന് ആശ്വാസം, ഇടതിന്‍റെ മുന്നണി വിപൂലീകരണ സ്വപ്നങ്ങള്‍ തകര്‍ന്നേക്കും

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡും യുഡിഎഫുമായുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നതായി സൂചന. ജെഡി(യു) മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ കോണ്‍ഗ്രസ് വഴങ്ങുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശനിയാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

കടുത്ത അവഗണയുണ്ടാകുന്നെന്ന പരാതിയെത്തുടര്‍ന്നു യുഡിഎഫിന്റെ മേഖലാ ജാഥകളില്‍നിന്നു വിട്ടു നില്‍ക്കുന്നതായി ജെഡി(യു) പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. പിന്നാലെ അവര്‍ മുന്നണി വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. ഇതോടെയാണ് ആദ്യം മുഖ്യമന്ത്രിയും പിന്നീട് ഇന്നലെ കെപിസിസി പ്രസിഡന്റ് അടക്കമുള്ള യുഡിഫ് നേതാക്കളും എം.പി. വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയത്.

പാലക്കാട് പാര്‍ലമന്റ് മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതു സംബന്ധിച്ച യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ശനിയാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ നല്‍കുമെന്ന് ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു നല്‍കി. മറ്റ് ആവശ്യങ്ങളിലും വൈകാതെ തീരുമാനമെടുക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പിനു മുന്‍പ് ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങളെല്ലാം പൂര്‍ണമായി പരിഹരിക്കണമെന്നു കോണ്‍ഗ്രസും തീരുമാനമെടുത്തിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തിയാണ് വീരനെ അനുനയിപ്പിക്കാനുള്ള ശ്രമം.

തദ്ദേശ സ്ഥാപനങ്ങലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച ഉറപ്പു വാങ്ങിയശേഷമാകും ഇപ്പോഴുള്ള പ്രശ്‌നങ്ങളില്‍ ജനതാദള്‍ യുണൈറ്റഡും തീരുമാനമെടുക്കുക. പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ യുഡിഎഫ് വിട്ട് ജനതാദള്‍ (യു) എല്‍ഡിഎഫില്‍ എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കും ഇതോടെ വിരാമമാകും. എല്‍ഡിഎഫില്‍നിന്നും വിട്ടു പോയ ആര്‍എസ്പി, ജെഡിയു ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ തിരികെ കൊണ്ടു വന്ന് സര്‍ക്കാരിനെ പ്രതിസന്ധിയാലാക്കാമെന്ന ഇടതുപക്ഷ കക്ഷികളുടെ ശ്രമവും ഇതോടെ നിഷ്ഫലമാകും.

Scroll To Top