Friday December 09, 2016
Latest Updates

രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി തുടരും; മുഴുവന്‍ സമയ പരിശീലകനാക്കണമെന്ന് കോഹ്‌ലി

രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി തുടരും; മുഴുവന്‍ സമയ പരിശീലകനാക്കണമെന്ന് കോഹ്‌ലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലും മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രി ടീം ഡയറക്ടറായി തുടരാന്‍ ധാരണയായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ടീം ഇന്ത്യയുടെ ഡയറക്ടറാണ് രവി ശാസ്ത്രി.

ശാസ്ത്രിയോടൊപ്പം മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ചയ് ബംഗാര്‍ ബാറ്റിങ്ങ് കോച്ചായും, ഭരത് അരുണ്‍ ബൗളിങ്ങ് കോച്ചായും ടീമിനൊപ്പം ചേരും. മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവുമടങ്ങുന്ന പരമ്പരക്കായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ ടീം ബംഗ്ലാദേശിലെത്തുക.

ടീം ഇന്ത്യയുടെ പുതുതായി രൂപീകരിച്ച ഉപദേശക സമിതിയില്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരെ ബിസിസിഐ നിയമിച്ചിരുന്നു. എന്നാല്‍ ഡങ്കണ്‍ ഫ്‌ലച്ചറിനു പകരക്കരനായി ഒരു മുഴുവന്‍ സമയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐക്ക് ആയിട്ടില്ല.

മറ്റൊരു ഇതിഹാസ താരമായ ദ്രാവിഡിനെ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ ബോര്‍ഡിനായില്ല. അതിനിടെ ദ്രാവിഡിന് അര്‍ഹമായ അംഗീകാരം നല്‍കാതെ തഴഞ്ഞുവെന്ന വിമര്‍ശനവും ശക്തമാണ്. എന്നാല്‍ എല്ലാവരേയും ഒരേ സമയം പരിഗണിക്കാനാവില്ലെന്നായിരുന്നു ഇതോട് ബിസിസിഐ വൈസ് പ്രസിഡണ്ട് അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം.

രവി ശാസ്ത്രിയെ തന്നെ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനാക്കണമെന്ന ആവശ്യവുമായി ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും രംഗത്തെത്തി. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാത്ത ആളാണ് ശാസ്ത്രിയെന്നും, ടീമിനെ ശരിയായ ദിശയില്‍ നയിക്കേണ്ടതെങ്ങിനെയെന്ന് അദ്ദേഹത്തിനറിയാമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Scroll To Top