Friday December 09, 2016
Latest Updates

ബാര്‍ കോഴ :കെ എം മാണിയുടെ ഭാര്യയേയും മകനേയും വിജിലന്‍സ് ചോദ്യം ചെയ്യും ,മാണി കടുത്ത സമ്മര്‍ദത്തില്‍ 

ബാര്‍ കോഴ :കെ എം മാണിയുടെ ഭാര്യയേയും മകനേയും വിജിലന്‍സ് ചോദ്യം ചെയ്യും ,മാണി കടുത്ത സമ്മര്‍ദത്തില്‍ 

തിരുവനന്തപുരം: ബാര്‍ കോഴ പണം കൈമാറുമ്പോള്‍ സാക്ഷിയായ മന്ത്രി കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മയെയും മകന്‍ ജോസ് കെ.മാണി എം.പിയെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും.
മാണിക്ക് കോഴപ്പണം കൈമാറുമ്പോള്‍ കുട്ടിയമ്മയും ഒപ്പമുണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ഇതിനൊപ്പം കോഴയായി നല്‍കിയെന്നു പറയപ്പെടുന്ന കറന്‍സി നോട്ടുകളുടെ നമ്പറുകള്‍ ശേഖരിക്കാനും പണമിടപാടുകള്‍ വിശകലനം ചെയ്യാനും റിസര്‍വ് ബാങ്കിന്റെ സഹായം തേടാനും വിജിലന്‍സ് തീരുമാനിച്ചു. ഇതോടെ മന്ത്രി മാണി കടുത്ത സമ്മര്‍ദ്ദത്തിലാവുകയാണ്.

കോഴയായി അമ്പതു ലക്ഷം രൂപ 2014 ഏപ്രില്‍ രണ്ടിന് മാണിയുടെ വസതിയില്‍ എത്തിച്ചുനല്‍കിയെന്നാണു ബിജു രമേശിന്റെ ആരോപണം. തന്റെ ഡ്രൈവര്‍ അമ്പിളിയും ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പെടെയുള്ള ബാറുടമകളും പണം നല്‍കാന്‍ ഉണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

ഇതില്‍ പത്തു ലക്ഷം രൂപ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പിന്‍വലിച്ചിരിക്കുന്നതെന്നാണ് ബിജു പറഞ്ഞത്. ബിജുവിന്റെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച കറന്‍സിനോട്ടുകളുടെ നമ്പറുകള്‍ വിജിലന്‍സ് ശേഖരിച്ചു. ഈ നമ്പറുകളില്‍പ്പെട്ട നോട്ടുകള്‍ മാണിയുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകളിലൂടെ കൈമാറിയിട്ടുണ്ടോ എന്നാണു വിജിലന്‍സ് അന്വേഷിക്കുക. ഇതു തെളിയിക്കപ്പെട്ടാല്‍ മാണിക്ക് രക്ഷപ്പെടാനാവാത്ത കുടുക്കാവുമത്.

മാണിയുടെ കുടുംബാംഗങ്ങുടെയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ സഹായവും അന്വേഷണത്തിന്റെ ഭാഗമായി തേടുന്നത്.

വിജിലന്‍സ് ഈ കേസ് ഉഴപ്പുന്നുവെന്ന് ആരോപണം വന്നതിനാല്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലാതെ മുന്നോട്ടു പോകാനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

Scroll To Top