Monday September 25, 2017
Latest Updates

കെ എം മാണിയ്ക്ക് എതിരെ ശക്തമായ തെളിവുകളുമായി വിജിലന്‍സ് കുറ്റപത്രം തയ്യാറായി,കുരുക്കുകള്‍ ഇനി രക്ഷപ്പെടാന്‍ ആവാത്ത വിധമെന്ന് സൂചനകള്‍ 

കെ എം മാണിയ്ക്ക് എതിരെ ശക്തമായ തെളിവുകളുമായി വിജിലന്‍സ് കുറ്റപത്രം തയ്യാറായി,കുരുക്കുകള്‍ ഇനി രക്ഷപ്പെടാന്‍ ആവാത്ത വിധമെന്ന് സൂചനകള്‍ 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എല്ലാ തെളിവുകളും കെ എം മാണിയ്ക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മാണി അധികാരദുരുപയോഗം നടത്തി അനധികൃതമായി സമ്പത്ത് നേടിയെന്നതിന് വ്യക്തമായ തെളിവുകളാണ് വിജിലന്‍സ് സമര്‍പ്പിക്കുകയെന്നതിനാല്‍ കെ എം മാണിയ്ക്ക് രക്ഷപ്പെടാന്‍ ആവില്ലെന്നാണ് സൂചനകള്‍.

മാണിയ്ക്ക് പണം നല്‍ക്കാന്‍ ബാറുടമകള്‍ നടത്തിയെന്ന് പറയപ്പെടുന്ന യാത്രകള്‍,ടെലഫോണ്‍ സംഭാഷണങ്ങള്‍,പണം പിന്‍വലിച്ച രേഖകള്‍ എന്നിവയെല്ലാം നിര്‍ണ്ണായക തെളിവുകളായി വിജിലന്‍സ് സ്വീകരിച്ചിട്ടുണ്ട്.

സസ്‌പെന്‍സ് ത്രില്ലര്‍ പോലെ മുന്നേറുന്നതിനിടെ, വിജിലന്‍സ് സമര്‍പ്പിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടില്‍ തന്റെ പേരുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു ധനമന്ത്രി കെഎം മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതൃത്വത്തിനും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.. ഇതേസമയം, ഈ വിഷയത്തില്‍ അവസരം നോക്കി മാണിയെ അടിക്കാന്‍ പി.സി ജോര്‍ജും പി.ജെ ജോസഫും നീക്കമാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രത്യാഘാതം ഗുരുതരം എന്നതിനര്‍ത്ഥം സര്‍ക്കാരിനെ മറിക്കുമെന്നു തന്നെയാണെന്ന് യുഡിഎഫിലെ വേണ്ടപ്പെട്ടവര്‍ക്കു മാണി മുന്നറിയിപ്പു കൊടുത്തെന്നാണ് അറിയുന്നത്. തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന നിലപാടിലേക്കാണ് മാണി മാറുന്നത്.തനിക്കെതിരേ ആരോപണമുന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി മാത്രം കണക്കിലെടുത്ത് കുറ്റപത്രം തയ്യാറാക്കുന്നതിലാണ് മാണിക്ക് വിയോജിപ്പ്.
ബിജു രമേശിന്റെ ആശ്രിതനാണ് അമ്പിളി. ബിജുവിന്റെ ശമ്പളക്കാരെ പോലെയാണ് വിജിലന്‍സ് പെരുമാറുന്നത്. അന്വേഷണ വിവരങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു.
ഇങ്ങനെ വാര്‍ത്തകള്‍ നിരന്തരം പുറത്തുവിട്ടു താന്‍ കുറ്റക്കാരനാണെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. അമ്പിളിയുടെ നുണപരിശോധനാ ഫലം എത്രമാത്രം അംഗീകരിക്കാനാവുമെന്നതില്‍ സംശയമുണ്ടെന്നും മാണി പറയുന്നു.
തന്നെ വെള്ളം കുടിപ്പിക്കാന്‍ നടക്കുന്ന കെഎം മാണിയെ ഒതുക്കാന്‍ കിട്ടുന്ന സുവര്‍ണാവസരമായാണ് പിസി ജോര്‍ജ് ഇതിനെ കാണുന്നത്. കുറ്റപത്രത്തില്‍ പേര് വന്നാല്‍ മാണിയെ സംരക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് പി.സി ജോര്‍ജ് വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞു. കളങ്കിതനായ ഒരാള്‍ പാര്‍ട്ടിയുടെ തലപ്പത്തു വേണ്ടെന്ന നിലപാടിലേക്കാണ് ജോര്‍ജ് വിഭാഗം പോകുന്നത്. പിന്നെ മാണിക്കു രക്ഷ ജോര്‍ജിനെയും കൂട്ടരെയും പുറത്താക്കുകയാണ്.ജോര്‍ജാവട്ടെ രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒരേപോലെ എന്നത് പോലെ അത്തരമൊരു നീക്കത്തിന് കാത്തിരിക്കുകയാണ്.
ഇതേസമയം, കുറ്റപത്രത്തില്‍ പേരു വന്നാല്‍ മാണി മന്ത്രിസ്ഥാനവും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ഒഴിയണമെന്ന് ജോസഫ് ഗ്രൂപ്പും ആവശ്യപ്പെടുമെന്ന് തന്നെയാണ് വാര്‍ത്തകള്‍.മാണിയ്ക്ക് എതിരെയുള്ള കേസിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
മാണിയെ നിലംപരിശാക്കി പാര്‍ട്ടി പിടിക്കാനുള്ള അവസരമായാണ് ജോസഫ് ഗ്രൂപ്പ് ഇതിനെ കാണുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ തന്ത്രപരമായ മൗനം തുടരുന്നതും. ജോസഫ് മുന്നിലേക്കു വന്നാല്‍ പിന്നെ മാണിക്കു ചെയ്യാവുന്നത് ജോസഫിനെയും ജോര്‍ജിനെയും പുറത്താക്കിക്കൊണ്ട് പഴയ രീതിയിലേക്കു മാറുകയാണ്. അതിനു പക്ഷേ, മാണിയുടെ ഒപ്പം ഇനിയെത്ര പേര്‍ കാണുമെന്ന് കണ്ടറിയണം.

Scroll To Top