Tuesday January 24, 2017
Latest Updates

ബാബുവിനെതിരെ കേസെടുക്കേണ്ടി വരും; ആശങ്കയോടെ യുഡിഎഫ്

ബാബുവിനെതിരെ കേസെടുക്കേണ്ടി വരും; ആശങ്കയോടെ യുഡിഎഫ്

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുബിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താമെന്ന് അഡീഷണല്‍ അഡ്വക്കെറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്കി . വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കാണ് നിയമോപദേശം.

ഇപ്പോഴുള്ള അന്വേഷനത്തിന്റെ ഭാഗമായി അന്വേഷണം നടത്തിയാല്‍ മതിയെന്നും പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നുമാണ് നിര്‍ദേശം. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരേ നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായായിരിക്കും പുതിയ അന്വേഷണവും നടക്കുക..

അടുത്തിടെ ബിജു രമേശ് നടത്തിയ മറ്റൊരു വെളിപ്പെടുത്തലില്‍ പത്തു കോടി രൂപ കെ. ബാബുവിനു കോഴ നല്‍കിയതായി ആരോപിച്ചിരുന്നു. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും ബിജു രമേശ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്വിക് വെരിഫിക്കേഷന്‍ അടക്കമുള്ള നടപടികള്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്റ്റര്‍ക്കു കത്തയക്കുകയും ചെയ്തു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ രാജിവക്കുമെന്നു ബാബു പരോക്ഷ സൂചന നേരത്തേ നല്കിയിട്ടുണ്ട്. ബാബു രാജിവച്ചാല്‍ മാണിക്കും രാജിവക്കാതെ തരമില്ല. അങ്ങിനെയാണെങ്കില്‍ കാര്യങ്ങള്‍ യുഡിഎഫ് ഗവണ്മെന്റിന്റെ അകാലചരമത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും യുഡിഎഫ് ക്യാമ്പുകളില്‍ സജീവമാണ്.

 

 

Scroll To Top