Wednesday December 07, 2016
Latest Updates

പോക്കുവരവിനായി മൂന്നു വര്‍ഷം കയറിയിറങ്ങി ചെരുപ്പു തേഞ്ഞു, ഗതികെട്ട് സാംകുട്ടി വില്ലേജ് ഓഫീസിനു തീയിട്ടു!

പോക്കുവരവിനായി മൂന്നു വര്‍ഷം കയറിയിറങ്ങി ചെരുപ്പു തേഞ്ഞു, ഗതികെട്ട് സാംകുട്ടി വില്ലേജ് ഓഫീസിനു തീയിട്ടു!

തിരുവനന്തപുരം : പോക്കു വരവു രേഖയ്ക്കു വേണ്ടി വര്‍ഷങ്ങള്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങേണ്ടിവന്ന ഗതികേടില്‍ മനം മടുത്താണ് വെള്ളറട വില്ലേജ് ഓഫീസിനു തീയിട്ടതെന്ന് അറസ്റ്റിലായ പ്രതി സാംകുട്ടി.

വിമുക്തഭടനാണ് സാംകുട്ടി. ഇപ്പോള്‍ ടാപ്പിംഗ് നടത്തിയാണ് ജീവിക്കുന്നത്.

തനിക്ക് കുടുംബ സ്വത്തായി കിട്ടിയ ഭൂമി പോക്കുവരവു ചെയ്തു കിട്ടാന്‍ മൂന്നു വര്‍ഷമായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുകയാണ് സാംകുട്ടി. ഇന്നകട്ടെ, നാളെയാകട്ടെ എന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ മടക്കി അയയ്ക്കുകയായിരുന്നു. ഗതികെട്ടാണ് ഈ കടുംകൈ ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

എഴുപതു വര്‍ഷമായി കുടുംബത്തിന്റെ കൈവശാവകാശ ഭൂമിയാണിത്. സാംകുട്ടിക്കും സഹോദരങ്ങളായ സെല്‍വനും വിജയനുമായി അവരുടെ അച്ഛന്‍ ഭാഗം ചെയ്തു നല്‍കിയതാണ് ഭൂമി. സാംകുട്ടിക്ക് 18 സെന്റ് വസ്തുവാണ് ഓഹരി കിട്ടിയത്. മറ്റു രണ്ടു പേര്‍ക്ക് 24, 21 സെന്റു ഭൂമികളുമാണുള്ളത്. 1985 വരെ കരം ഒടുക്കിയിരുന്ന ഭൂമി ഇപ്പോള്‍ റവന്യൂ രേഖകളില്‍ തരിശായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പോക്കുവരവു ചെയ്തു കിട്ടാത്തതിനാല്‍ സാംകുട്ടിക്ക് വീട് വയ്ക്കാനോ വായ്പയെടുക്കാനോ സാധിച്ചിക്കുന്നില്ല. സഹോദരന്മാര്‍ അവരുടെ വസ്തുവില്‍ വീടുവച്ച് താമസിക്കുന്നു.

പോക്കുവരവിനായി മുമ്പ് ഒരു വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ അയാള്‍ കൈക്കൂലി ചോദിച്ചു. വിമുക്ത ഭടനായ സാംകുട്ടി കൈക്കൂലി കൊടുക്കാന്‍ തയ്യാറായില്ല.

ഇക്കാരണത്താല്‍ തന്നെ സാംകുട്ടിക്ക് പല തവണ വില്ലേജ്, താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നു.

ഭൂമിയെ മനപ്പൂര്‍വം ഏതോ റവന്യൂ ഉദ്യോഗസ്ഥന്‍ തരിശെന്നു രേഖപ്പെടുത്തിയെന്നാണ് നാട്ടുകാരും പറയുന്നത്. തരിശെന്നു രേഖപ്പെടുത്തിയപ്പോള്‍ ഭൂമി സര്‍ക്കാര്‍ വക ആയി മാറി! സാംകുട്ടിയുടെ വസ്തുവിനോട് ചേര്‍ന്ന് കിടക്കുന്ന ചിലരുടെ ഭൂമിയും തരിശായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ തിരുത്തല്‍ വരുത്തിക്കിട്ടുന്നതിലെ കാലതാമസമാണ് പോക്കുവരവ് വൈകാന്‍ കാരണമെന്നാണ് വില്ലേജ് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും പറയുന്നത്.

ഭൂമിയുടെ രേഖകളില്‍ വന്ന ഈ തിരിമറിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Scroll To Top