Monday December 05, 2016
Latest Updates

ഇടുക്കി ബിഷപ്പിന്റെ പൂര്‍വികര്‍ ഈഴവരെന്ന് വെള്ളാപ്പള്ളി; ബിഷപ്പിനെ കണ്ടാല്‍ മണിയാശാന്റെ ഛായ!

ഇടുക്കി ബിഷപ്പിന്റെ പൂര്‍വികര്‍ ഈഴവരെന്ന് വെള്ളാപ്പള്ളി; ബിഷപ്പിനെ കണ്ടാല്‍ മണിയാശാന്റെ ഛായ!

ഇടുക്കി: ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഈഴവ സമുദായത്തില്‍ നിന്നും മതം മാറി വന്നവരുടെ പിന്‍തലമുറക്കാരനെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കട്ടപ്പനയില്‍ എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷികആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പരാമര്‍ശം.

ബിഷപ്പിന്റെ പൂര്‍വികര്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. കാരണവന്‍മാര്‍ മതപരിവര്‍ത്തനത്തിലൂടെയാണ് ക്രൈസ്തവരായത്. ഈഴവ സമുദായത്തെയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും ഇടുക്കി ബിഷപ് വക്കുകള്‍ കൊണ്ട് അപമാനിച്ചപ്പോള്‍ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പ് മറ്റുള്ളവര്‍ക്കും മാതൃകയാകേണ്ടതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു .

ബിഷപ്പിനെ കണ്ടാല്‍ മണിയാശാന്റെ (സി.പി.എം. നേതാവ് എം.എം. മണി) ചേട്ടനാണെന്നേ തോന്നൂ എന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഇടുക്കി ബിഷപ്പ് റോമില്‍ നിന്നു വന്ന ആളല്ല. നിറത്തിന്റെയും തലയുടെയും കാര്യത്തില്‍ മണിയാശാന്റെ ചേട്ടനാണ്. മണിയാശാന്‍ മണിയടിക്കാന്‍ പള്ളിമേടയില്‍ കയറിയെന്നും ഇടതുപക്ഷത്തിന്റെ ആദര്‍ശങ്ങള്‍ എവിടെപ്പോയെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു. ഇടുക്കി എം.പിക്ക് പാര്‍ലമെന്റില്‍ മുറുക്കാന്‍ വാങ്ങുന്ന പണിയാണെന്നും നരേന്ദ്ര മോഡി പ്രധാനമന്ത്രിയായപ്പോള്‍ അതു തങ്ങളുടെ പ്രാര്‍ഥന കൊണ്ടാണെന്നു പോലും ചില ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ അവകാശപെട്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

മുസ്ലിം സമുദായം ഇടുക്കിയില്‍ മതപരിവര്‍ത്തനം നടത്തുന്നില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങളെ ലൗ ജിഹാദെന്നു മുദ്ര കുത്തി ചില ബിഷപ്പുമാര്‍ വര്‍ഗീയത പരത്തുകയാണ്. വീടും പണവും നല്‍കി പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്നത് ക്രൈസ്തവ പുരോഹിതരാണ്. ഈഴവര്‍ അര്‍ഹതപ്പെട്ടതു ചോദിച്ചാല്‍ അതു ജാതി പറയലായും ക്രൈസ്തവര്‍ ചോദിക്കുമ്പോള്‍ അതു നീതിയാണെന്നും പറയുന്നത് ഇരട്ടത്താപ്പാണെന്നും വെള്ളാപള്ളി പറഞ്ഞു.

മാര്‍ ആനികുഴിക്കാട്ടില്‍ സഭയുടെ അഭ്യന്തര സദസില്‍ തുടങ്ങി വെച്ച വിവാദം സീമകള്‍ ലംഘിച്ചു തുടരുന്ന ലക്ഷണമാണ് വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top