Friday December 09, 2016
Latest Updates

കുട്ടികള്‍ പച്ചക്കറികള്‍ ശീലമാക്കാന്‍ എന്ത് ചെയ്യണം?..

കുട്ടികള്‍ പച്ചക്കറികള്‍ ശീലമാക്കാന്‍ എന്ത് ചെയ്യണം?..

മുലകുടി മാറുന്ന ഘട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങള്‍ കുട്ടികളുടെ ഭക്ഷണ ശീലങ്ങളെ ദീര്‍ഘകാലം സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് പഴങ്ങളും, പച്ചക്കറികളുമടങ്ങിയ ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.
കുട്ടികള്‍ സ്വാഭാവികമായും മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയും അല്ലാത്തവ കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്യാറാണ് പതിവ്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് മധുരമില്ലാത്ത പച്ചക്കറികള്‍ കഴിപ്പിക്കുന്നതു മൂലം ഇതു മാറ്റിയെടുക്കാനാവും.പല രക്ഷിതാക്കളും തങ്ങളുടെ എളുപ്പത്തിന് വേണ്ടി മാത്രമാണ് മധുരത്തെ പ്രോത്സാഹിപ്പിച്ചു കുട്ടികള്‍ക്ക് നല്കുന്നത് !

മുലകുടി മാറുന്നതിന്റെ തുടക്കത്തില്‍ തന്നെ പാലും ധാന്യപ്പൊടികളുമടങ്ങുന്ന ഭക്ഷണം കുട്ടികള്‍ക്കു നല്‍കാം. ഇത് സാധാരണയില്‍ നിന്നും അല്‍പ്പം കട്ടി കൂടുതലുള്ള ഭക്ഷണം കുട്ടി പരിചയിക്കുന്നതിന് വഴിയൊരുക്കും. ശേഷം പച്ചക്കറികളിലേക്കും തുടര്‍ന്ന് പഴങ്ങളിലേക്കും നീങ്ങാം. ആപ്പിള്‍ പോലുള്ള മധുരമേറിയ പഴങ്ങള്‍ക്കു പകരമായി കാരറ്റ്, കോളിഫ്‌ലവര്‍ പോലുള്ള മധുരം കുറഞ്ഞ പച്ചക്കറികള്‍ കൊണ്ട് കുഞ്ഞിന്റെ ഭക്ഷണശീലം തുടങ്ങുന്നതാണുത്തമം. ഇത് ഭാവിയില്‍ ഇത്തരം ഭക്ഷണങ്ങളോടുള്ള കുഞ്ഞിന്റെ ഇഷ്ടം വര്‍ദ്ധിപ്പിക്കുകയും അതു മൂലം ആരോഗ്യകരമായ ഭക്ഷണരീതി കുഞ്ഞ് ആര്‍ജ്ജിക്കുക്കയും ചെയ്യാന്‍ കാരണമാവും.

സ്വാഭാവികമായും കുട്ടികള്‍ ആദ്യം മടിക്കുമെങ്കിലും ക്ഷമയോടെ ആറോ ഏഴോ തവണ ആവര്‍ത്തിച്ച് നല്‍കാന്‍ ശ്രമിച്ചാല്‍ കുട്ടികള്‍ സന്തോഷത്തോടെ ഇത്തരം ഭക്ഷണങ്ങള്‍ ആസ്വദിക്കും.
ആരോഗ്യകരമായ ഭക്ഷണ ശീലത്തിനായി ഈ മാതൃക അവലംബിക്കാം
1. ഏതെങ്കിലുമൊരു പച്ചക്കറിയില്‍ നിന്നും തുടങ്ങുക
2. മസാലയോ മധുരമോ കൂട്ടി ചേര്‍ക്കാതെ വിവിധയിനം പച്ചക്കറികള്‍ നല്‍കുക.
3. വിവിധ പച്ചക്കറികള്‍ മാറ്റി പരീക്ഷിച്ച് വ്യതസ്ത രുചികളില്‍ നല്‍കുക.

‘കുഞ്ഞുന്നാളിലെ പിടിയ്ക്കുക’ എന്നതാണ് പച്ചക്കറി ശീലമാക്കുവാന്‍ ഏറ്റവും എളുപ്പമായ വഴി.സ്വന്തം കുട്ടികള്‍ക്ക് വേണ്ടി അത്തരം അവസരം നഷ്ട്ടപ്പെട്ടവര്‍ ഖേദിക്കേണ്ട കാര്യമില്ല.അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഉള്ളതാണ് !




Scroll To Top