Wednesday September 20, 2017
Latest Updates

വത്തിക്കാന്‍ ഡയറി: രണ്ടാം ദിവസം (രാജു കുന്നക്കാട്ട് ,ഐറിഷ് മലയാളി പ്രതിനിധി )

വത്തിക്കാന്‍ ഡയറി: രണ്ടാം ദിവസം (രാജു കുന്നക്കാട്ട് ,ഐറിഷ് മലയാളി പ്രതിനിധി )

ഇന്നലെ ജാഗരണപ്രാര്‍ഥനയുടെ ദിവസമായിരുന്നു,കേരളത്തില്‍ നിന്നും വന്ന മലയാളികളില്‍ അധികം പേരും ഇറ്റലിയുടെ മറ്റു ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയിരുന്നു.മിലാന്‍,വെനിസ്,വിശുദ്ധ ഫ്രാന്‍സിസിന്റെ അസിസി,അന്തോനീസ് പുണ്യവാന്റെ പാദുവ എന്നിവിടങ്ങളിലൊക്കെ സന്ദര്‍ശനം നടത്താന്‍ പോയിരുന്നവരില്‍ മിക്കവാറും ഇന്നലെ രണ്ടു മണിയോടെ വത്തിക്കാനിലെ താമസകേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നു.ഇനിയും ധാരാളം പേര്‍ ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം തുടരുന്നുണ്ട്.അവരെല്ലാം തന്നെ ഇന്ന് രാവിലെ എത്തിചേരും.

മലയാളികളെ കൊണ്ട് വത്തിക്കാന്റെ തെരുവീഥികള്‍ നിറഞ്ഞിരുന്നു.കേരളത്തില്‍ നിന്നുള്ള മെത്രാന്‍മാരും,സി എം ഐ ,സി എം സി സന്ന്യാസ സമൂഹങ്ങള്‍ അടക്കമുള്ള സന്ന്യാസസഭകളിലെ നൂറു കണക്കിന് വൈദികരും കന്യാസ്ത്രികളും സ്വന്തം നാട്ടിലെന്നത് പോലെ റോമില്‍ ഓരോ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നാതിരുന്നില്ല.വത്തിക്കാനില്‍ സുപ്രധാനമായ ഒട്ടേറെ ചുമതലകള്‍ നിര്‍വഹിക്കുന്ന മലയാളി വൈദികരെ കണ്ടപ്പോള്‍ അഭിമാനം തോന്നി.

രാവിലെ ബസില്‍ കയറി വത്തിക്കാന് ചുറ്റുമുള്ള സ്ഥലങ്ങള്‍ കാണാന്‍ പോയി.ഇവിടെ വന്നിട്ട് ഇതൊക്കെ കാണാന്‍ സാധിക്കാതെ വന്നാല്‍ അതൊരു നഷ്ട്ടം തന്നെയാണല്ലോ?കേരളത്തില്‍ നിന്നും വന്നവരില്‍ അധികവും പത്തു ദിവസം വരെ നീളുന്ന യാത്രാപദ്ധതിയാണ് മിക്കവാറും പേര്‍ ക്രമീകരിച്ചിരിക്കുന്നത്.ഇരിങ്ങാലക്കുട,പാലാ, അടക്കമുള്ള രൂപതകളില്‍ നിന്നും പ്രത്യേക സംഘമായി വിശ്വാസികള്‍ എത്തിയിട്ടുണ്ട്.സി എം ഐ ,സി എം സി സന്യാസ സമൂഹങ്ങള്‍ മിക്ക റീജിയനുകള്‍ കേന്ദ്രീകരിച്ചും വിശ്വാസികളെ റോമില്‍ എത്തിക്കാന്‍ നേതൃത്വം നല്കിയിരുന്നു.

വഴിയോര കാഴ്ച്ചകളില്‍ റോമാ സംസ്‌കാരത്തിന്റെ പഴയ സ്മാരകങ്ങള്‍ എങ്ങും കാണാമായിരുന്നു.അത്തരം സ്മാരകങ്ങളിലെയ്ക്കായിരുന്നു യാത്രികരില്‍ അധികം പേരുടെയും യാത്ര.തെരുവ് സര്‍ക്കസ്‌കാരുടെ പ്രകടനങ്ങള്‍ മുതല്‍ പഴയ റോമാ പട്ടാളക്കാരുടെ വേഷം ധരിച്ചു പ്രകടനം നടത്തുന്നവര്‍ വരെ.ഇത്തരം സ്മാരകങ്ങളിലൊക്കെ നിന്ന് ഫോട്ടോ എടുക്കുന്ന ഒരു സംഘം മലയാളികള്‍ ചിലരോട് തര്‍ക്കിക്കുന്നതു കണ്ടാണ് അങ്ങോട്ട് ചെന്നത്.എന്തോ കാര്യമായ തര്‍ക്കമാണ്.പഴയ റോമാ പട്ടാളക്കാരന്റെ വേഷം ധരിച്ചയാള്‍ ഇറ്റാലിയന്‍ ഭാഷയിലും മലയാളികള്‍ ഇംഗ്ലീഷിലുമായി തര്‍ക്കം തുടരുകയാണ്.

പട്ടാള വേഷക്കാരന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്തതിനു 20 യൂറോ വേണമെന്നതിനാണ് തര്‍ക്കം.5 യൂറോയ്ക്കാണ് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചതെന്നും അതേ നല്കുകയുള്ളൂ എന്നുമാണ് മലയാളികളുടെ വാദം.20 യൂറോയാണ് താന്‍ ചാര്‍ജ് പറഞ്ഞിരുന്നതെന്നാണ് പട്ടാളക്കാരന്റെ ഭാഗം.ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാ.മനോജിന് ഇറ്റാലിയന്‍ ഭാഷ അറിയാമായിരുന്നത് ഭാഗ്യം.അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ അവസാനം 10 യൂറോ മതിയെന്ന് പട്ടാളക്കാരന്‍ സമ്മതിച്ചു.വിദേശിയര്‍ക്ക് ഇറ്റലിയിലെ ഏറ്റവും വലിയ ഒരു പ്രശ്‌നം ഭാഷയാണ്.ഇംഗ്ലീഷ് അറിയാവുന്ന ഇറ്റലിക്കാര്‍ തീരെ കുറവ്.

ജാഗരണ പ്രാര്‍ഥനയില്‍ പങ്കെടുക്കുവാന്‍ എത്തിയവരില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു.കെ സി ജോസഫും,ജോസ് കെ മാണിയും പി ജെ കുര്യനുംഎം പി വിന്‌സന്റും അടക്കമുള്ള ഒട്ടേറെ നേതാക്കള്‍.

ഇന്ന് പ്രവേശന ഗേറ്റുകളില്‍ തന്നെ ഇന്ത്യന്‍ പതാകകള്‍ ലഭ്യമാവുമെന്നാണ് അറിയിച്ചത്.

എല്ലാവരുംആകാംഷയോടെ കാത്തിരിക്കുകയാണ്.ദൈവ സന്നിധിയില്‍ കേരളത്തിന്റെ വിശുദ്ധ പുഷ്പങ്ങള്‍ വിരാജിക്കുന്നുവെന്ന ഫ്രാന്‍സിസ് പാപ്പ ഔദ്യോഗിക പ്രഖ്യാപനം കേള്‍ക്കാന്‍.

kunnakkaattകേരള കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഇതൊരു പുണ്യദിനമാണ്എന്ന് പറയാന്‍ രണ്ടു പക്ഷമില്ല.നാളെ രാവിലെ ആറ് മണിയോടെ യാത്ര തുടങ്ങണം.രാവിലെ പത്തു മണിക്കാണ് നാമകരണ ചടങ്ങുകള്‍ തുടങ്ങുക 
രാജു കുന്നക്കാട്ട് ,ഐറിഷ് മലയാളി പ്രതിനിധി )

Scroll To Top