Sunday October 22, 2017
Latest Updates

വത്തിക്കാന്‍ ഡയറി: ഒന്നാം ദിവസം (രാജു കുന്നക്കാട്ട് ,ഐറിഷ് മലയാളി പ്രതിനിധി )

വത്തിക്കാന്‍ ഡയറി: ഒന്നാം ദിവസം (രാജു കുന്നക്കാട്ട് ,ഐറിഷ് മലയാളി പ്രതിനിധി )

യര്‍ലണ്ടില്‍ നിന്നും വെള്ളിയാഴ്ച്ച രാവിലെ റോമില്‍ വിമാനമിറങ്ങിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി.കാരണം അയര്‍ലണ്ടിലെ കാലാവസ്ഥയില്‍ നിന്നും വലിയ വ്യത്യാസം ഒന്നും ഇവിടെ ഉണ്ടാവില്ല എന്ന പ്രതീക്ഷ തെറ്റിയത് തന്നെ.റോമില്‍ ഇപ്പോഴും സമ്മര്‍ തീര്‍ന്നിട്ടില്ലെന്നാണ് ഇന്നലത്തെ കാലാവസ്ഥ തെളിയിക്കുന്നത്.ഒളിഞ്ഞും തെളിഞ്ഞും സൂര്യന്‍ ഇടയ്ക്കിടെ വന്ന് വെള്ളിവെയില്‍ വിരിച്ചു തന്നു.സന്ദര്‍ശകര്‍ ചെറുവെയിലും കൊണ്ട് നടക്കുന്നു.എങ്ങും ആഹ്ലാദത്തിന്റെ അവസ്ഥ തന്നെ.ഒരു ചെറിയ തണുപ്പ് മാത്രം.ക്രിസ്തുമസ് കാലത്ത് വെളുപ്പാന്‍ കാലത്ത് ആനിക്കാട് പള്ളിയില്‍ പോവുമ്പോള്‍ ഉള്ളത്ര കുളിര് മാത്രം.

കേരളത്തില്‍ നിന്നെത്തിയവര്‍ക്കയിരുന്നു ഏറെ അതിശയം.നവംബറിന്റെ രണ്ടാം പകുതിയില്‍ റോമില്‍ മഞ്ഞുവീഴുമെന്നും ആ സ്‌നോ ഒന്ന് ആസ്വദിക്കാം എന്ന് കരുതിയവര്‍ ഏറെ ആയിരുന്നു.അവരൊക്കെ നിരാശരായി എന്ന് ചുരുക്കം.ചാവറപിതാവിന്റെയും ഏവുപ്രാസിയമ്മയുടെയും അനുഗ്രഹം തന്നെയാവും ഈ നല്ല കാലാവസ്ഥയെന്ന് എനിക്ക് തോന്നി.

വത്തിക്കാനില്‍ നിന്നും ഏതാണ്ട് 15 മിനുട്ട് ബസില്‍ യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലത്തായിരുന്നു ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.റോമില്‍ സാധാരണയുള്ളത് പോലെ കന്യാസ്ത്രികള്‍ നടത്തുന്ന ഒരു ഹോട്ടല്‍.ഇനി ഒരൊറ്റ മുറി പോലും എവിടെയും ബാക്കിയില്ലെന്നു കൌണ്ടറിലെ സിസ്റ്റര്‍ പറഞ്ഞു.ഒരുമാസം മുന്‍പേ എല്ലാ ബുക്കിംഗുകളും നിര്‍ത്തിവെച്ചു.4O യൂറോയാണ് ഡബിള്‍ റൂമിന്റെ വാടക.Canonizations 1 

ചാവറ പിതാവിനോടും എവുപ്രസ്യാമ്മയ്ക്കും ഒപ്പം ഇറ്റലിയില്‍ നിന്നുള്ള ജിയോവാന്നി അന്തോണിയോ ഫരീന, ലുദോവിക്കോ ദെ കസോറിയാ, നിക്കോള ദ ലുംഗോബാര്‍ഡി, അമാത്തോ റാങ്കോണി എന്നി പുണ്യാത്മാക്കളെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്.ഇവരില്‍ മിക്കവരുടേയും ആരാധകര്‍ക്ക് അവരുടെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ റോമില്‍ നിന്നും ഏറെ അകലെയായതിനാലും ഞായറാഴ്ച്ച രാവിലെ നടക്കുന്ന നാമകരണ ശുശ്രൂഷകള്‍ക്ക് നിശ്ചിത സമയത്ത് എത്താന്‍ അവര്‍ക്ക് സാധിക്കില്ലാത്തതിനാലും നേരത്തെ തന്നെ റോമില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.മിക്ക ഹോട്ടലുകളും ഇവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഇന്നലെ റോമില്‍ എത്തി അധികം വൈകും മുന്‍പേ ഞങ്ങള്‍ (ഞാനും ഭാര്യ എല്‍സിയും)വത്തിക്കാനിലെയ്ക്ക് പോകാനൊരുങ്ങി.ഈരാറ്റുപേട്ട മൂന്നിലവില്‍ നിന്നും റോമിലെത്തി സേവനം ചെയ്യുന്ന ഫാ.മനോജ് പാറയ്ക്കല്‍ ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കി തന്നത്. ഡബ്ലിനിലെ ലൂക്കനില്‍ തന്നെ താമസിക്കുന്ന സുഹൃത്ത് തോമസ് മാത്യു കോട്ടയവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.

നാമകരണ ചടങ്ങുകള്‍ നടക്കുന്ന വത്തിക്കാന്‍ ചത്വരത്തിലേയ്ക്ക് ഉള്ള പാസ് വാങ്ങുകയായിരുന്നു ആദ്യലക്ഷ്യം.ഞങ്ങളോടൊപ്പം അതിനു പോകാന്‍ നിയോഗിക്കപ്പെട്ടത് വത്തിക്കാനില്‍ തന്നെ താമസിക്കുന്ന ഒരു കന്യാസ്ത്രി ആയിരുന്നു.എന്നിട്ടും വഴി നീളെ ഞങ്ങള്‍ ചെക്കിംഗിനു വിധേയമാക്കപ്പെട്ടു.എങ്ങും പോലീസിന്റെ സാന്നിധ്യമുണ്ട്.ഓരോരുത്തരെയും രഹസ്യ പോലിസ് നിരീക്ഷിക്കുന്നു!വത്തിക്കാന്‍ പോലെ വിശുദ്ധമായ ഒരു സ്ഥലത്ത് ഇത്തരം പരിശോധനകള്‍ അനാവശ്യമല്ലേ എന്ന് മനസില്‍ തോന്നി.ഞങ്ങളുടെ കൂടെ ഉള്ള ആരോ ആ സംശയം കൂടെ വന്ന കന്യാസ്ത്രിയോടു പങ്കു വെക്കുക തന്നെ ചെയ്തു.

സിസ്റ്റര്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടിപ്പോയി.അധികമാരും പുറത്തു പറയാത്ത ഒരു രഹസ്യമായിരുന്നു അത്.വത്തിക്കാനിലെ എല്ലാ ചടങ്ങുകള്‍ക്കും ഇസ്ലാമിക് തീവ്രവാദികളുടെ ഭീഷണിയുണ്ട്.ഇത്തവണ ഐസിസ് പരിശുദ്ധ പിതാവിനെതിരെ പോലും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.അതിനാല്‍ പരിശോധനകള്‍ ഒഴിവാക്കാന്‍ ആര്‍ക്കും സാധ്യമല്ല തന്നെ!പിന്നീടുള്ള വഴികളിലെല്ലാം പോലിസ് ചെക്കിംഗ് നടക്കുന്നത് കാണാമായിരുന്നു.എങ്ങും ജാഗ്രതാ പൂര്‍വ്വം അവര്‍ സിവില്‍ വേഷത്തിലും നിരന്നിരുന്നു.

വിശുദ്ധപദവിപ്രഖ്യാപനത്തിന് ഒരുദിവസംമാത്രം ബാക്കിനില്‍ക്കെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന ആറുപേരുടെയും ചിത്രങ്ങള്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അനാവരണം ചെയ്തിരുന്നു.

വത്തിക്കാന്‍ മ്യൂസിയത്തിലെ സന്ദര്‍ശനത്തിനിടയില്‍ കേരളത്തില്‍ നിന്നും വന്ന നിരവധി പേരെ കണ്ടു.തൃശൂരിലെയും,തിരുവനന്തപുരത്തെയും കുട്ടനാട്ടിലെയും മലയാളത്തിന്റെ തനി മാധുര്യം അവിടെ കേള്‍ക്കാമായിരുന്നു.വൈദീകരുടെ സംഘങ്ങളും ഏറെ.ഒരു ദിവസം മുഴുവന്‍ കണ്ടാലും തീരാത്ത കാഴ്ച്ചകള്‍ ആണവിടെയുള്ളത്.

വത്തിക്കാനില്‍ ഇഷ്ട്ടം പോലെ ലഘുഭക്ഷണ ശാലകള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ തിരഞ്ഞെടുത്ത് ഇത്തിരി ദൂരെയുള്ള ഒരു ഷോപ്പായിരുന്നു.പാറയ്ക്കല്‍ അച്ചന്‍ ഞങ്ങളെ അങ്ങോട്ട് കൂട്ടുമ്പോള്‍ ആ ഷോപ്പിന്റെ പ്രത്യേകതകള്‍ പറഞ്ഞിരുന്നില്ല.കടയിലേയ്ക്ക് കയറിയപ്പോഴേ പുളിയിട്ടു കറിവെച്ച നല്ല മീന്‍കറിയുടെ രുചി മൂക്കിലേയ്ക്ക് അടിച്ചു കയറി പത്തു നാല്‍പതു പേര്‍ക്കിരിക്കാനുള്ള സൗകര്യങ്ങള്‍ ഉള്ള ആ ഹോട്ടലിന്റെ ഉടമസ്ഥ ഒരു അങ്കമാലിക്കാരിയാണ്.മെനു ബോര്‍ഡ് അതി കേമം.പച്ചക്കപ്പ പുഴുങ്ങിയത്,ചിക്കന്‍ ബിരിയാണി…എന്തിനു പറയണം,കേരളത്തിലെ ഒരു നാടന്‍ ഹോട്ടലില്‍ കിട്ടുന്ന വിഭവങ്ങള്‍ ഒക്കെയുണ്ട് മാര്‍പാപ്പയുടെ ഈ വത്തിക്കാനിലും.വയറു നിറച്ച് കപ്പയ്ക്കും മീനിനും കൂടി ആറ് യൂറോ.മിതവില മാത്രം മലയാളികള്‍ തന്നെയാണ് പ്രധാന ഇടപാടുകാര്‍.നാമകരണ ചടങ്ങുകള്‍ പ്രമാണിച്ച് ഇപ്പോള്‍ വന്‍ തിരക്കാണ് എന്ന് പറയേണ്ടതില്ലല്ലോ?

പെട്ടന്ന് സന്ധ്യയായി.യൂറോപ്യന്‍ രാജ്യം തന്നെയാണെങ്കിലും അയര്‍ലണ്ടിനെക്കാള്‍ ഒരു മണിക്കൂര്‍ മുന്‍പിലാണ് ഇറ്റാലിയന്‍ സമയം.ഞങ്ങള്‍ റൂമിലെത്തുമ്പോള്‍ അയല്‍ മുറികളില്‍ നിന്നും പ്രാര്‍ഥനകള്‍ ഉയര്‍ന്നു കേള്‍ക്കാം.വിശ്വാസമുള്ള ഇറ്റലിക്കാര്‍ ലോകത്തില്‍ മറ്റാരുടെ വിശ്വാസത്തെക്കാള്‍ ഒന്നാമതാണ് നില്ക്കുന്നതെന്ന് തോന്നി.

ശനിയാഴ്ച ജാഗരണ പ്രാര്‍ഥനയുടെ ദിനമാണ്.വൈകിട്ട് നാലിന് (അയര്‍ലണ്ടില്‍ മൂന്ന് മണി) റോമിലെ മരിയ മജോരെ ബസിലിക്കയില്‍ പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ നേതൃത്വത്തിലാണ് പ്രാര്‍ഥനകള്‍.ജാഗരണ പ്രാര്‍ഥനയിലും മലയാളം പാട്ടുകള്‍ പാടുന്നുണ്ട്.മലയാളികളുടെ ഒരു ഗായകസംഘവും പരിശീലനം ചെയ്തു വരുന്നു.

kunnakkaattലോകത്തെമ്പാടുനിന്നുമായി മലയാളികളായ ഏഴായിരം തീര്‍ഥാടകരാണ് ഇപ്പോള്‍ വത്തിക്കാനില്‍ എത്തിയിരിക്കുന്നത്.ഞായറാഴ്ചയ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്.തങ്ങളുടെ പ്രിയപ്പെട്ട ചാവറ പിതാവും,എവുപ്രാസ്യാമ്മയും വിശുദ്ധരുടെ ഗണത്തിലെയ്ക്ക് ഉയര്‍ത്തപ്പെടുന്നത് ആ സുദിനത്തില്‍ ആണല്ലോ?

രാജു കുന്നക്കാട്ട് (ഐറിഷ് മലയാളി പ്രതിനിധി,വത്തിക്കാനില്‍ നിന്നും )

Scroll To Top