Saturday December 10, 2016
Latest Updates

സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്രം ഉപയോഗിക്കണമെന്ന് മനേകാ ഗാന്ധി

സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്രം ഉപയോഗിക്കണമെന്ന് മനേകാ ഗാന്ധി

ന്യൂഡല്‍ഹി:സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഫിനോയില്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതാണെന്നും ഗോമൂത്രമാണെങ്കില്‍ അത് പ്രകൃതി സൗഹൃദമാണെന്നും മനേകാ ഗാന്ധി പറഞ്ഞു.

ഹോളി കൗ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന ഗോനൈല്‍ വിരരണം ചെയ്യും. മനേകാ ഗാന്ധിയുടെ ആശയമാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണത്തിനായി ഗോനൈല്‍ ഉപയോഗിക്കുക എന്നത്. പദ്ധതി പരിസ്ഥിതി സൗഹൃദവും പശുക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതുമാണെന്നാണ് അവര്‍ പറയുന്നത്. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ ഫിനോയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഗോനൈല്‍ ഉപയോഗിച്ചാല്‍ ഇത്രയും ചെലവുണ്ടാകില്ലെന്നും ഗോക്കളുടെ പരിപാലനത്തിന് ഇത് സഹായകരമാകുമെന്നും അവര്‍ കരുതുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗോനൈല്‍ ഉപയോഗിക്കാനുളള തീരുമാനം ‘പശുക്കളെ സംരക്ഷിക്കുന്നതിനും രാജ്യത്തെ സേവിക്കുന്നതിനും’ ഉളളതായിരിക്കുമെന്ന് ഹോളി കൗ ഫൗണ്ടേഷന്‍ മേധാവി അനുരാദ മോഡി പറയുന്നു. ഗൊനൈല്‍ നിര്‍മ്മാണം വളരെ ശാസ്ത്രീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫിനോയില്‍ പോലെ ബാക്ടിരീയകളെ ഇല്ലാതാക്കാന്‍ ഗോമൂത്രത്തിന് സാധിക്കില്ലെന്നും മറിച്ച് കൂടുതല്‍ ബാക്ടീരിയകളെ സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നതെന്നും ഈ രംഗത്തെ വിദഗ്ധരും മറ്റും അഭിപ്രായപ്പെടുന്നുണ്ട്. ഇതിന് മുന്‍പുള്ള പല അവസരങ്ങളും ഗോമൂത്രമായും ചാണകവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ എന്‍ഡിഎ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിട്ടുണ്ട്.

Scroll To Top