Sunday October 22, 2017
Latest Updates

അമേരിക്ക മര്യാദകാട്ടിയില്ലെങ്കില്‍ ആണവയുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്ന് ഉത്തര കൊറിയ:ഭീതിയോടെ ലോകം

അമേരിക്ക മര്യാദകാട്ടിയില്ലെങ്കില്‍ ആണവയുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്ന് ഉത്തര കൊറിയ:ഭീതിയോടെ ലോകം

പ്യോങ്യാങ് :അമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഉത്തര കൊറിയ. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണ ഭീഷണി തള്ളികളഞ്ഞ ഉത്തര കൊറിയ, കൂടുതല്‍ ഭീഷണി മുഴക്കിയാല്‍ അമേരിക്കയ്ക്ക് എതിരെ പ്രതിരോധം തീര്‍ക്കാന്‍ അണ്വായുധം ഉപയോഗിക്കാനുള്ള സാധ്യത ലോകത്തെ അറിയിക്കുകയും ചെയ്തു.

കൊറിയന്‍ വൈസ് ഫോറിന്‍ മിനിസ്റ്റര്‍ ഹാന്‍ സോംഗ് റിയോല്‍ ബി ബിസിയോട് നടത്തിയ വെളിപ്പെടുത്തലില്‍ ന്യൂക്ലിയര്‍ ടെസ്റ്റിങ് തുടരുമെന്നും ആവര്‍ത്തിച്ചു.’അമേരിക്ക ഞങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ഒരുങ്ങിയാല്‍ ഞങ്ങളുടേതായ രീതിയില്‍ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിക്കും.അദ്ദേഹം പറഞ്ഞു.

ഏത് സമയത്തും ആണവ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയന്‍ പ്രതിനിധി കിന്‍ ഇന്‍ റ്യോങ് പറഞ്ഞു.ഉചിതമെന്ന് തോന്നുന്ന സമയത്ത് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ തുടര്‍ച്ചയായി നടത്തുന്ന ആണവ പരീക്ഷണങ്ങള്‍ ഏറെക്കാലം സഹിക്കില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കൊറിയന്‍ പ്രതിനിധി നയം വ്യക്തമാക്കിയത്.

ഞായറാഴ്ച ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തി സമാധാനഭംഗത്തിന് തുടക്കമിട്ടു എന്നാണ് അമേരിക്കയുടെ ആരോപണം. കൊറിയ തങ്ങളുടെ സൈനിക ശക്തി വിളിച്ചോതി തലസ്ഥാന നഗരിയില്‍ നടത്തിയ സൈനിക പരേഡിന് തൊട്ടുപിന്നാലെയായിരുന്നു കിഴക്കന്‍ തീരത്തെ മിസൈല്‍ പരീക്ഷണം.എന്നാല്‍ പരീക്ഷണം പാളിയെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നുണ്ട്.

ബാലസ്റ്റിക് മിസൈല്‍ പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് ഇരുരാജ്യങ്ങളുടെയും വാദം. ഉത്തര കൊറിയ ഇതുവരെ അഞ്ച് ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അമേരിക്ക പറയുന്നത്.

ഇതിന് പിന്നാലെ ,ഉത്തര കൊറിയയുടെ വീണ്ടുമുള്ള ആണവ പരീക്ഷണം തടയുമെന്ന് അമേരിക്കയും പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയയും വ്യക്തമാക്കിയതോടെ മേഖല യുദ്ധഭീഷണിയിലാണ്.എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

യുദ്ധക്കപ്പല്‍ പസഫിക് തീരത്ത് അമേരിക്കന്‍ യുദ്ധക്കപ്പല്‍ പസഫിക് തീരത്ത് തമ്പടിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന് ഉത്തര കൊറിയയെ ആക്രമിക്കുമെന്നാണ് ഭീഷണി. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോവാന്‍ ഉത്തര കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണ കൊറിയയില്‍ യുദ്ധസാധ്യത നിലനില്‍ക്കവെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ദക്ഷിണ കൊറിയയിലെത്തി. ഉത്തര കൊറിയയുടെ ആണവ പരീക്ഷണവും മിസൈല്‍ പരീക്ഷണങ്ങളും എങ്ങനെ തടയാമെന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സന്ദര്‍ശന ലക്ഷ്യം.

ഉത്തര കൊറിയ കിഴക്കന്‍ തുറമുഖമായ സിന്‍പോയിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. മിസൈല്‍ പരീക്ഷണം തകര്‍ന്നുവെന്നാണ് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉത്തര കൊറിയയുടെ വിശദീകരണം വന്നിട്ടില്ല.

സംഭവത്തെ കുറിച്ച് കൂടുതലായി അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണമാണ് നടത്തിയതെന്ന് കരുതുന്നുവെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു.

രാഷ്ട്രപിതാവ് കിം ഇല്‍ സുങിന്റെ 105 ാം വാര്‍ഷികം ശനിയാഴ്ച ഉത്തര കൊറിയ ആഘോഷിച്ചിരുന്നു.ഇതോടനുബന്ധിച്ചാണ് പ്യോങ്യാങില്‍ കൂറ്റന്‍ സൈനിക പരേഡ് സംഘടിപ്പിച്ചത്. ഭൂഖണ്ഡാന്തര മിസൈലുകള്‍, കപ്പലില്‍ നിന്നു തൊടുത്തുവിടാവുന്ന മിസൈലുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരുന്നു. ഉത്തര കൊറിയയുടെ പുതിയ നേതാവ് കിം ജോങ് ഉന്‍ ആറാമത് ആണവ പരീക്ഷണത്തിന് നിര്‍ദേശം നല്‍കിയെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ ആദ്യം തിരിച്ചടിക്കുക ദക്ഷിണ കൊറിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരമായ ബ്ലൂ ബില്‍ഡിങ് തകര്‍ത്തുകൊണ്ടായിരിക്കുമെന്ന് ഉത്തര കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചോ റോങ് ഹി പറഞ്ഞു. രണ്ടാം ആക്രമണം അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയന്‍ സൈന്യത്തിലെ രണ്ടാമനായി വിലയിരുത്തുന്ന വ്യക്തിയാണ് ചോ.സൈനിക ആക്രമണമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ചോ കൂട്ടിച്ചേര്‍ത്തു. ഈ മാസം ആദ്യത്തില്‍ ഉത്തര കൊറിയ മധ്യ ദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. സിന്‍പോ തുറമുഖത്ത് നിന്നും ജപ്പാന്‍ കടലിലേക്കാണ് മിസൈല്‍ തൊടുത്തുവിട്ടത്. അമേരിക്കന്‍ സൈന്യത്തെ പിന്തുണയ്ക്കുമെന്ന് ജാപ്പനീസ് സൈന്യവും അറിയിച്ചിട്ടുണ്ട്.എന്നാല്‍ ബ്രിട്ടനാവട്ടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ബ്രെക്‌സിറ്റ് നടപ്പാക്കേണ്ട സമയത്ത് യുദ്ധത്തിന് പോവേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് നേതാക്കളുടെ നിലപാടത്രേ.

Scroll To Top