Friday December 09, 2016
Latest Updates

ജയിക്കാന്‍ പോകുന്നത് ഡൊണാള്‍ഡ് ട്രംപ് ?

ജയിക്കാന്‍ പോകുന്നത് ഡൊണാള്‍ഡ് ട്രംപ് ?

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് എന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിന്റെ പ്രവചനം. കഴിഞ്ഞ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും MogIA എന്ന ഈ സിസ്റ്റം വിജയിയെ കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകനായ സഞ്ജീവ് റായിയാണ് 2004ല്‍ ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്.

ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നീ പൊതു വെബ്സൈറ്റുകളില്‍ നിന്നും യുഎസ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പഠിച്ച ശേഷമാണ് സിസ്റ്റം പ്രവചനം നടത്തുന്നത്. സിസ്റ്റം സ്ഥിരമായി അപ്ഡേറ്റായിക്കൊണ്ടേയിരിക്കും

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാക്കി കുതിക്കുകയായിരുന്ന ഹിലാരി ക്ലിന്റണ് തിരിച്ചടിയായി ഇന്നലെ പുറത്തുവന്ന ഇമെയില്‍ വിവാദവും മാറിയിരിക്കുകയാണ്.. തെരഞ്ഞടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെയുണ്ടായ വിവാദവും എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്.ഹിലാരിയും പ്രധാന സഹായി ഹ്യൂമ അബെഡിനുമായി നടന്ന ഇ-മെയില്‍ സംഭാഷണങ്ങളുടെ പേരില്‍ എഫ്.ബി.ഐ പുനരന്വേഷണം പ്രഖ്യാപിച്ചതാണ് ഹിലാരിയെ കുടുക്കിയത്. ഹ്യൂമയുടെ മുന്‍ഭര്‍ത്താവ് ആന്റണി വെയ്നറുടെ ലാപ് ടോപ്പില്‍നിന്നാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്.

15 വയസ്സുകാരിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ കൈമാറിയതിന് എഫ്.ബി.ഐ. അറസ്റ്റ് ചെയ്ത വെയ്നറുടെ ലാപ് ടോപ് പരിശോധിച്ചപ്പോഴാണ് ഹിലാരിയും ഹ്യുമയും തമ്മിലുള്ള സംഭാഷണങ്ങള്‍ പുറത്തുവന്നത്.ഇ-മെയിലുകളെക്കുറിച്ച് പുനരന്വേഷണം നടത്തുമെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമിയാണ് പ്രഖ്യാപിച്ചത്. യു.എസ്. കോണ്‍ഗ്രസ്സിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായിരുന്ന ഹിലാരിയും ഹ്യൂമയും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളില്‍ രഹസ്യസ്വഭാവമുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടോ എന്നതാണ് എഫ്ബിഐ പ്രധാനമായും പരിശോധിക്കുക.

നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചതായിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും അന്വേഷണത്തിനായി തയാറെടുക്കുമ്പോള്‍ ഹിലാരി കുടുങ്ങുമോയെന്നാണ് അറിയേണ്ടത്. നവംബര്‍ എട്ടിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അഭിപ്രായ സര്‍വേകളിലും മറ്റും വ്യക്തമായ മുന്‍തൂക്കം നേടിയ ഹിലാരിയെ ഇപ്പോഴത്തെ അന്വേഷണം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഡമോക്രാറ്റിക് പാര്‍ട്ടി ക്യാമ്പിലുണ്ട്. സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന 2009-2013 കാലയളവില്‍ അയച്ച ഇ മെയിലുകളായതുകൊണ്ടാണ് അതിന് ഇത്രയേറെ പ്രധാന്യം എഫ്.ബി.ഐ. കല്‍പിക്കുന്നത്. നേരത്തെ തെറ്റ് ഏറ്റു പറഞ്ഞ് തനിക്ക് അബദ്ധം പറ്റിയതാണെന്ന് ഹിലാരിയും പറഞ്ഞിരുന്നു. ഇത് പ്രചാരണവിഷയമാക്കി ട്രംപ് ഇപ്പോള്‍ ഹിലാരിക്കെതിരെ ആഞ്ഞടിക്കുകയാണ്.

Scroll To Top