Thursday December 08, 2016
Latest Updates

ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ അമേരിക്കന്‍ കോണ്‍ഗ്രസിലുമെത്തുമോ?

ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍  അമേരിക്കന്‍ കോണ്‍ഗ്രസിലുമെത്തുമോ?

ന്യൂജേഴ്സി: യുഎസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മലയാളി പീറ്റര്‍ ജേക്കബ് തികഞ്ഞ ആത്മവിശ്വാസത്തില്‍.
നാലു തവണ ഇവിടെ ജയിച്ച് അഞ്ചാം തവണയും ജനവിധി തേടുന്ന അമേരിക്കക്കാരനായ ലെയണാര്‍ഡ് ലാന്‍സിനെയാണ് മുപ്പത്തൊന്നുകാരനായ പീറ്റര്‍ ജേക്കബ് നേരിടുന്നത്.എതിര്‍സ്ഥാനാര്‍ഥി ലാന്‍സിനു തൊട്ടുപിന്നില്‍ പീറ്റര്‍ എത്തി എന്നാണു സര്‍വേ ഫലം – ഇരുവരും തമ്മിലുള്ള വോട്ടുവ്യത്യാസം വെറും മൂന്നു ശതമാനം മാത്രം!

കാഞ്ഞിരപ്പള്ളി വാഴൂര്‍ സ്വദേശിയായ പീറ്റര്‍ ജേക്കബ് ഇവിടെ മുഴുവന്‍ സമയ സാമൂഹ്യപ്രവര്‍ത്തനത്തിലാണ്. അതുകൊണ്ടുതന്നെ ജയിക്കുമെന്ന അതിരറ്റ വിശ്വാസത്തിലാണ് അദ്ദേഹം. മുപ്പതു വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയതാണ് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള പീറ്റര്‍ ജേക്കബിന്റെ കുടുംബം. അതുകൊണ്ടുതന്നെ ഒരു അമേരിക്കക്കാരന്‍ തന്നെയാണ് അദ്ദേഹമിപ്പോള്‍.

ബേര്‍ണി സാന്‍ഡേഴ്സിന്റെ നേതൃത്വത്തിനു വേണ്ടിയാണ് പീറ്റര്‍ ജേക്കബ് മത്സര രംഗത്തെത്തിയത്. അദ്ദേഹം അന്തിമ മത്സരത്തില്‍ പുറത്തായതോടെ ഹിലരി ക്ലിന്റണെ അംഗീകരിച്ചു. അടുത്ത ദിവസം വരെയും പീറ്റര്‍ ജേക്കബിനു ജയസാദ്ധ്യതയെക്കുറിച്ച് സംശയമായിരുന്നു. പക്ഷേ, ബേണി സാന്‍ഡേഴ്സ് പീറ്ററിനു വേണ്ടി ധന സമാഹരണത്തിന് ഒരു മെയില്‍ കഴിഞ്ഞ ദിവസം പൊതു ജനത്തിനയച്ചു.

രണ്ടു ദിവസംകൊണ്ട് 70,000 ഡോളറാണ് ഈ മെയിലിനു ശേഷം കിട്ടിയത്. ഇത്രയും വലിയ പ്രതികരണം വന്നതോടെ പീറ്റര്‍ അതിരറ്റ ആത്മവിശ്വാസത്തിലാണ്. പീറ്ററിനും മറ്റു മൂന്നു പേര്‍ക്കും വേണ്ടി നാലു ഡോളര്‍ നല്‍കാനാണ് സാന്‍ഡേഴ്സ് അഭ്യര്‍ഥിച്ചത്. ജനം തന്നെ അംഗീകരിക്കുന്നുവെന്നു പീറ്ററിനും ഇതോടെ ഉറപ്പായി.

പ്രൈമറി ഘട്ടത്തില്‍ത്തന്നെ ഏറ്റവുമധികം വോട്ട് നേടിയത് പീറ്ററാണ്-45,272 വോട്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ലാന്‍സ് വെറും 31,489 വോട്ടുമായാണ് പ്രൈമറി കടന്നെത്തിയതെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.രാഷ്ട്രീയത്തിനു മീതേ ജനം എന്ന മുദ്രാവാക്യമാണ് പീറ്റര്‍ ഉയര്‍ത്തുന്നത്. അതു ജനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

Scroll To Top