Sunday December 04, 2016
Latest Updates

ആവശ്യമുള്ളത് മാത്രം ലഭ്യമാക്കാന്‍ യുപിസി; ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന് ഫില്‍റ്ററിംഗ് സൗകര്യം ഒരുക്കുന്നു

ആവശ്യമുള്ളത് മാത്രം ലഭ്യമാക്കാന്‍ യുപിസി; ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന് ഫില്‍റ്ററിംഗ് സൗകര്യം ഒരുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ യുപിസി കണ്ടന്റ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നു. ഇനി മുതല്‍ പോണ്‍ സൈറ്റുകള്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും ആവശ്യമായ കണ്ടന്റുകള്‍ മാത്രം ലഭ്യമാക്കാനുള്ള സൌകര്യമാണ് ഇതിലൂടെ യുപിസി ഒരുക്കുന്നത്. ആവശ്യമില്ലാത്ത കണ്ടന്റ് ബ്ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് നിരന്തര ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് യുപിസി ഇതിന് തയ്യാറായത്. 

യുപിസിയുടെ 350,000 ഓളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇന്റര്‍നെറ്റില്‍ നിന്ന് അശ്ലീല സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ബ്ലോക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് നിരവധി രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നത് ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള കാര്യമാണെന്ന് യുപിസി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടര്‍ മാര്‍ക്ക് കോണ്‍ പറഞ്ഞു. നിലവില്‍ യുകെയിലെ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത കണ്ടന്റ് ബ്ലോക്ക് ചെയ്യുന്നതിന് സൗകര്യം നല്‍കുന്നുണ്ട്. യുകെ കമ്പനികളെ മാതൃകയാക്കി സമാനമായ ഫില്‍റ്ററിംഗ് സൗകര്യം ഒരുക്കാനാണ് യുപിസി ആലോചിക്കുന്നത്. 

ഇന്റര്‍നെറ്റ് കണ്ടന്റിന് ഫില്‍റ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ യുപിസിയുടെ 92 ശതമാനം ഉപഭോക്താക്കളും പിന്തുണച്ചു. തങ്ങളുടെ മക്കള്‍ അനാവശ്യ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്ന് 97 ശതമാനം ഉപഭോക്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. അയര്‍ലണ്ടിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 50 ശതമാനവും യുപിസിയുടെ ഉപഭോക്താക്കളാണ്. ഇന്റര്‍നെറ്റ് ഉള്ളടക്കം നിയന്ത്രിക്കാനുള്ള യുപിസിയുടെ നീക്കം മറ്റ് സേവന ദാതാക്കളും മാതൃകയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അയര്‍ലണ്ടിലെ മറ്റ് പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ എയര്‍ കോമിനു 36.9 ശതമാനം മാര്‍ക്കറ്റ് ഷെയറും വോഡഫോണിന് 16.9 ശതമാനം മാര്‍ക്കറ്റ് ഷെയറുമുണ്ട്.

Scroll To Top