Monday December 05, 2016
Latest Updates

കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ലെന്ന് ഹിക്വ :പരിചരണത്തില്‍ ഗുരുതര വീഴ്ച

കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ലെന്ന് ഹിക്വ :പരിചരണത്തില്‍ ഗുരുതര വീഴ്ച

ഡബ്ലിന്‍: അംഗവൈകല്യമുള്ളവരെ പരിചരിക്കുന്ന കെയര്‍ ഹോമുകളിലെയും ചില നഴ്‌സിംഗ് ഹോമുകളിലെയും ജീവനക്കാര്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ലെന്ന് ഹിക്വയുടെ അന്വേഷണ റിപ്പോര്‍ട്ട്.ഇത്തരം സ്ഥാപനങ്ങളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് ഈ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ മതിയായ പരിശീലനം ലഭിക്കാത്ത ജീവനക്കാര്‍ കെയര്‍ ഹോം അന്തേവാസികളുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതായും ഹിക്വയുടെ അന്വേഷണത്തില്‍
കണ്ടെത്തി.

പരിശോധന നടന്ന കെയര്‍ ഹോമുകളില്‍ ലോത്തിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റി സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ക്ക് അന്തേവാസികളെ പരിചരിക്കുന്നത് സംബന്ധിച്ച് ഒരു പരിശീലനവും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. ലോത്തിലെ ഈ കെയര്‍ ഹോമിലെ 9 അന്തേവാസികളില്‍ ഭൂരിപക്ഷം പേരും ബുദ്ധിമാന്ദ്യം അടക്കമുള്ള വൈകല്യങ്ങളുള്ളവരാണ്. ഇതില്‍ ചിലര്‍ വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്നവരാണ്. മുഴുവന്‍ സമയം പരിചരണം ആവശ്യമുള്ള രോഗികളെ പരിചരിക്കുന്ന ജീവനക്കാരാണ് ഒരു പരിശീലനവും ലഭിക്കാതെ ജോലി ചെയ്യുന്നത്.

ചില അന്തേവാസികള്‍ സ്വന്തം ശരീരത്ത് പരുക്കേല്‍പ്പിക്കുന്നവരാണ്. അന്തേവാസികളെ ഇത്തരം പെരുമാറ്റത്തില്‍ നിന്ന് തടയാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിന് പുറമേ കെയര്‍ ഹോം ജീവനക്കാര്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി പരിശീലനം ലഭിച്ചിട്ടില്ലെന്നും അന്തേവാസികളില്‍ അണുബാധ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഹിക്വയുടെ പരിശോധനയില്‍ കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം ഹിക്വയുടെ അടിയന്തര മീറ്റിംഗ് ചേര്‍ന്ന് കെയര്‍ ഹോമുകളിലെ പരിചരണത്തിലെ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

Scroll To Top