Sunday May 27, 2018
Latest Updates

ഡബ്ലിനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയയാള്‍ മലയാളിയെന്ന് സൂചനകള്‍:ഇരുപത് ദിവസം കഴിഞ്ഞിട്ടും വേലായുധന്റെ ഫോണ്‍ പോലും പരിശോധിക്കാതെ അധികൃതര്‍

ഡബ്ലിനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയയാള്‍ മലയാളിയെന്ന് സൂചനകള്‍:ഇരുപത് ദിവസം കഴിഞ്ഞിട്ടും വേലായുധന്റെ ഫോണ്‍ പോലും പരിശോധിക്കാതെ അധികൃതര്‍

ഡബ്ലിന്‍: ഡബ്ലിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബാലേന്ദ്രന്‍ വേലായുധന്‍ മലയാളിതന്നെയാണെന്ന് സൂചനകള്‍ .57 വയസുകാരനായ വേലായുധന്‍ തിരുവനന്തപുരം സ്വദേശിയാണ് എന്നാണ് ഇദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട് എന്ന് കരുതുന്ന ഒരു മലയാളി വായനക്കാരന്‍ ‘ഐറിഷ് മലയാളി’യോട് അറിയിച്ചത്.

നേസിലെ താമസക്കാരനായ മലയാളി യുവാവ് ഒറ്റപ്പാലം സ്വദേശി നിഷാദ് കാസിം  നല്കിയ സൂചനകള്‍ അനുസരിച്ച് വേലായുധന്‍ ഡബ്ലിന്‍ ഉഷസ് കീയിലെ ഒരു അപ്പാര്‍റ്റ്‌മെന്റില്‍ കെയര്‍ ടേക്കര്‍ ആയി ജോലി നോക്കുന്നയാളാണ് എന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ലിഫ്റ്റ് എലിവേറ്റര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നേസിലെ യുവാവ് ഒരിക്കല്‍ അപ്പാര്‍റ്റ്‌മെന്റിലെ ലിഫ്റ്റ് തകരാര്‍ നീക്കുന്നതിനായി എത്തിയപ്പോഴാണത്രേ ഗാര്‍ഡ പുറത്തുവിട്ട ഫോട്ടോയിലെ വ്യക്തിയുമായി സാമ്യമുള്ളയാളെ പരിചയപ്പെട്ടത്.ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരാളും ഫോട്ടോ വെലായുധന്റേതു തന്നെയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

അപ്പാര്‍റ്റ്‌മെന്റിന്റെ കെയര്‍ ടേക്കര്‍ എന്ന നിലയില്‍ കീ സൂക്ഷിച്ചിരുന്നയാള്‍ മലയാളിയാണെന്ന് സംശയിച്ച് മലയാളത്തില്‍ സംസാരിച്ചുവെങ്കിലും ഇദ്ദേഹം ഇംഗ്ലീഷിലാണ് മറുപടി പറഞ്ഞത്.എങ്കിലും തിരുവനന്തപുരം സ്വദേശിയാണ് എന്ന് ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നു.പിന്നീട് പല തവണ ചെന്നപ്പോഴും മലയാളത്തില്‍ ഇദ്ദേഹം സംസാരിച്ചിരുന്നുവെന്നും നേസിലെ യുവാവ് ഓര്‍ക്കുന്നു.ഡബ്ലിനില്‍ മലയാളികളുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ഇദ്ദേഹം എന്ന് കരുതുന്നില്ലെന്ന് യുവാവ് പറഞ്ഞു.

പത്രത്തില്‍ ഫോട്ടോ കണ്ട് സംശയം തോന്നിയതിനാല്‍ ഗാര്‍ഡയെ വിളിച്ചെങ്കിലും ഇന്നലെയും അധികൃതര്‍ കാര്യമായി പ്രതീകരിച്ചില്ല.ഇന്ന് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഇദ്ദേഹം പറയുന്നു.

മാര്‍ച്ച് 17 നാണ് വേലായുധന്‍ മരിച്ചത്. ഡ്രൈവിംഗിനിടയില്‍ ഹൃദയാഘാതം മൂലം മരിച്ചെതെന്നാണ് കരുതപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ചും ഗാര്‍ഡയ്ക്ക് പോലും സ്ഥിതീകരണമില്ല.വഴി സൈഡില്‍ ഒതുക്കി നിര്‍ത്തിയ വാഹനത്തില്‍ നിന്നും ഗാര്‍ഡ തന്നെയാണ് വേലായുധനെ ആശുപത്രിയില്‍ എത്തിച്ചതത്രേ.

തികഞ്ഞ നിരുത്തരവാദിത്വമാണ് അധികൃതര്‍ പരേതനോട് പുലര്‍ത്തിയത് എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.വാഹനത്തില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസനസില്‍ നിന്നുപോലും പരേതനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടു പിടിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അതൊന്നും അധികൃതര്‍ അന്വേഷണ വിധേയമാക്കിയില്ലെന്ന സൂചനകളാണ് ഇപ്പോള്‍ ഉയരുന്നത്.ഡ്രൈവിംഗ് ലൈസന്‌സിന് അപേക്ഷിക്കുമ്പോള്‍ പി പി എസ് നമ്പര്‍ രേഖപ്പെടുത്തേണ്ടതുണ്ട്.ഇതുപയോഗിച്ച് ഇദ്ദേഹത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നിമിഷനേരം കൊണ്ട് അറിയാവുന്നതെയുള്ളൂ.

മരണസമയത്ത് വേലായുധന്റെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ പരിശോധിക്കാനും അധികൃതര്‍ തുനിഞ്ഞതില്ല.മാര്‍ച്ച് 17 നു മരണമടഞ്ഞ വേലായുധന്റെ ഫോണ്‍ അതിനു ശേഷം പരിശോധിച്ചോ എന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഫോണിന്റെ ചാര്‍ജ് തീര്‍ന്നു പോയി എന്ന ഉത്തരമാണ് ഗാര്‍ഡ നല്കിയത്.ഫോണ്‍ ചാര്‍ജ് ചെയ്ത് കോണ്ടാക്റ്റ് നമ്പറുകള്‍ കണ്ടുപിടിക്കണം എന്ന സാമൂഹ്യപ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലും ഗാര്‍ഡ തുനിഞ്ഞത്.

ചാര്‍ജര്‍ ഇല്ലാത്തതിനാല്‍ ഫോണിലെ കോണ്‍ടാക്റ്റ് നമ്പരുകള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും,ഫോണ്‍ ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് കോണ്ടാകറ്റ് ലിസ്റ്റില്‍ ഉള്ളവരുമായി ബന്ധപ്പെടാമെന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റിയംഗങ്ങള്‍ക്ക് ഗാര്‍ഡ ഏഴുതിയ കത്തില്‍ അറിയിച്ചിട്ടുണ്ട്.

ഒരാള്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ശേഷം ഇരുപതാമത്തെ ദിവസമാണ് ഇത്തരമൊരു കത്ത് കേസ് അന്വേഷണസംഘം എഴുതിയത്.ഇന്നലെയും ചാര്‍ജര്‍ ഉപയോഗിച്ച് ഫോണില്‍ നിന്നും വേലായുധന്റെ കോണ്ടാകറ്റ് ലിസ്റ്റിലുള്ളവരെ കണ്ടെത്തിയതായുള്ള വിവരം ലഭ്യമായിട്ടില്ല.

ബാലേന്ദ്രന്റെ മരണം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. വിവിധ സാമൂഹിക പ്രവര്‍ത്തകരും,ഐറിഷ് മലയാളി ന്യൂസ് സര്‍വീസുമടക്കം നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഗാര്‍ഡ പുറത്തു വിട്ടില്ല.മാത്രമല്ല ചുമതലപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ അവധിയിലായിരുന്നതിനാല്‍ കാര്യമായ അന്വേഷണം നടന്നതുമില്ല.

ബാലചന്ദ്രന്‍ വേലായുധനെ സംബന്ധിച്ച് എന്തെങ്കിലും വിവരം കൂടുതല്‍ അറിയാവുന്നവര്‍ ഗാര്‍ഡയേയോ 0894895416 എന്ന നമ്പരില്‍ ‘ഐറിഷ് മലയാളി’പ്രതിനിധിയെയോ അറിയിക്കാവുന്നതാണ്.

വിദേശത്ത് വെച്ച്, ആരാലും അറിയപ്പെടാത്ത സാഹചര്യത്തില്‍ മരണപ്പെട്ട ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഒരു പക്ഷേ കാത്തിരിക്കുന്നുണ്ടാകും എന്നോര്‍ക്കുക.ഒരു കുടുംബനാഥനോ സഹോദരനോ ആയിരിക്കാം ഇദ്ദേഹം.കോടതിയുടെ അനുവാദം തേടി ഏതാനം ദിവസങ്ങള്‍ക്ക് ശേഷം അജ്ഞാത ജഡങ്ങളുടെ പട്ടികയില്‍ പെടുത്തി സംസ്‌കരിക്കാന്‍ അധികൃതര്‍ കാത്തിരിക്കവേ അവിചാരിതമായാണ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം ഇദ്ദേഹത്തിന്റെ മരണം ചര്‍ച്ചാ വിഷയമാക്കിയത്.ഇന്ത്യന്‍ സമൂഹത്തെ തന്നെ അവഗണിക്കുന്ന വിധമാണ് വേലായുധന്റെ മരണത്തെ അധികൃതര്‍ കൈകാര്യം ചെയ്തതെന്ന് ആരോപണം ഉയരുന്നുണ്ട്.

Scroll To Top