Monday October 22, 2018
Latest Updates

യൂ എന്‍ എ സമരത്തിന് പിന്തുണയുമായി പ്രവാസികള്‍,’സമരം വിജയിപ്പിക്കേണ്ടത് ഓരോ പ്രവാസി നഴ്സുമാരുടെയും ഉത്തരവാദിത്വമാകണം’

യൂ എന്‍ എ സമരത്തിന് പിന്തുണയുമായി പ്രവാസികള്‍,’സമരം വിജയിപ്പിക്കേണ്ടത്  ഓരോ പ്രവാസി നഴ്സുമാരുടെയും ഉത്തരവാദിത്വമാകണം’

ഡബ്ലിന്‍:കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അയര്‍ലണ്ടിലെമ്പാടുമുള്ള മലയാളി നഴ്സുമാരും,ആരോഗ്യ മേഖലയില്‍ സേവനം ചെയ്യുന്നവരും,അവരുടെ കുടുംബാഗങ്ങളുമടങ്ങുന്ന പ്രവാസി സമൂഹം ഒന്നടങ്കം രംഗത്തിറങ്ങാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു.വിവിധ ഹോസ്പിറ്റലുകളും നഴ്സിംഗ് ഹോമുകളും കേന്ദ്രീകരിച്ച് പ്രവാസി നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും കേരളത്തിലെ നഴ്സുമാര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ സ്വമേധയാ മുന്നോട്ട് വരുകയാണ്.

ഓരോ പ്രദേശങ്ങളിലും നഴ്സുമാര്‍ സ്വയമേവ മുന്നോട്ടു വന്ന് യൂ എന്‍ എ സമരത്തിന് പിന്തുണ നല്‍കുന്ന കാഴ്ച ആവേശോജ്വലമാണ്.മറ്റു രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് പൊതു സംഘടനകള്‍ ഉണ്ടെങ്കിലും,അയര്‍ലണ്ടില്‍ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഒരു പൊതു സംഘടന ഇതേ വരെ ഉണ്ടാവാത്തതിന്റെ കുറവ് അനുഭവപ്പെടാതെ പ്രാദേശിക തലത്തില്‍ അയര്‍ലണ്ടിലെ നഴ്സുമാര്‍ ഇതാദ്യമായാണ് ജന്മനാട്ടിലെ പൊരുതുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങുന്നത്.

ചില സ്ഥലങ്ങളില്‍ മലയാളി സംഘടനകളും നഴ്സുമാരുടെ സമരത്തിനുള്ള പിന്തുണയുമായി നിലയുറപ്പിച്ചിട്ടുണ്ട്.ഡബ്ലിന്‍ സാന്‍ട്രിയിലെ നോര്‍ത്ത് വുഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ നഴ്സുമാരും കുടുംബാംഗങ്ങളും കേരളത്തിലെ നഴ്സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.

പ്രശ്നത്തില്‍ ആദ്യമായി പരസ്യ പ്രചാരണവും പിന്തുണയുമായി രംഗത്തെത്തിയ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഇന്നലെ വീടുകള്‍ തോറും കയറിയിറങ്ങി സമരത്തിനുള്ള സാമ്പത്തിക സഹകരണം തേടി.ആവശ്യമായി വന്നാല്‍ ഒരു ദിവസത്തെ വേതനം പോലും സംഭവനചെയ്യേണ്ടി വന്നാല്‍ അതിനുള്ള സന്നദ്ധത ഒട്ടേറെപ്പേര്‍ പ്രകടിപ്പിച്ചതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പുറപ്പെടുവിച്ച പ്രസ്താവന :

പ്രിയ സുഹൃത്തുക്കളെ ,

ശനിയാഴ്ച വാട്ടര്‍ഫോര്‍ഡിലെ നഴ്‌സിംഗ് സമൂഹം WMA യുടെ നേതൃത്വത്തില്‍ ഒരുമിച്ചു കൂടി കേരളത്തില്‍ ആവേശപൂര്‍വ്വം മുന്നേറുന്ന നഴ്‌സ്മാരുടെ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയുണ്ടായല്ലോ?അന്ന് നമ്മള്‍ തീരുമാനിച്ച പോലെ സാമ്പത്തികമായി സഹായിക്കാനുള്ള പിരിവ് നല്ല രീതിയില്‍ നടക്കുന്നുണ്ട് എന്ന് അറിയിക്കട്ടെ .ഇന്നലെ 20-ഓളം വീടുകളില്‍ കയറി 600 യൂറോ നമുക്ക് ലഭിച്ചു .കുറച്ച് പേര്‍ തരാമെന്ന് വാക്ക് പറയുകയും ചെയ്തിട്ടുണ്ട്. എല്ലാവരോടും നന്ദി അറിയിക്കുന്നു.

ഈ സമര സഹായ നിധിയുമായി മുന്നിട്ടിറങ്ങിയിരിക്കന്നത് ഇവിടുത്തെ നഴ്‌സുമാരായ സഹോദരീസഹോദരന്മാരാണ് എന്നുള്ളത് സന്തോഷം നല്കുന്നു. കേരളത്തിലെ പൊരുതുന്ന നമ്മുടെ സഹോദരി സഹോദരന്‍മാരുടെ സമരം എല്ലാവരും ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ട്.

കേരളത്തിലെ വന്‍കിട മുതലാളിമാര്‍ നടത്തുന്ന ഹോസ്പിറ്റലുകളില്‍ വരും ദിവസങ്ങളില്‍ നമ്മുടെ സഹോദരങ്ങള്‍ സമര മുഖത്തേക്ക് കടന്നു വരുമ്പോള്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുക എന്ന ധാര്‍മ്മിക ഉത്തരവാദിത്വം നമുക്ക് ഉണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കി പിരിവിനോട് നല്ല രീതിയില്‍ എല്ലാവരും സഹായിക്കുന്നുണ്ട് അതിനാലാണ് 20 വീടുകള്‍ കയറി ഇറങ്ങിയപ്പോള്‍ നമുക്ക് 600 യൂറോ ലഭിച്ചത്.

?എന്തുകൊണ്ട് നമ്മള്‍ UNA യെ പിന്തുണയ്ക്കണം?
1) UNA യിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും മാസം 5000 ത്തിനും6000 ത്തിനും ഇടയില്‍ മാത്രം ശമ്പളം വാങ്ങുന്ന നഴ്‌സുമാരാണ്.അവര്‍ക്ക് ഒരു സമരം നടത്തുവാനുള്ള സാമ്പത്തികം ഉണ്ടാക്കാന്‍ വിഷമമുണ്ട് എന്ന് നമ്മള്‍ മനസിലാക്കുന്നു.

2) ഈ സമരം ന്യായമായ വേതനം കേരളത്തില്‍ ലഭിക്കാത്തതിന്റെ പേരില്‍ ഉറ്റവരും ഉടയവരും ഇല്ലാത്ത ഈ നാട്ടില്‍ എത്തപ്പെട്ട നമുക്ക് വേണ്ടി കൂടി ആണ് എന്ന് നമ്മള്‍ മനസ്സിലാക്കുന്നു ,നമ്മുടെ പിന്‍തലമുറക്കാര്‍ .നമ്മുടെ പ്രതിനിധികള്‍ ആണ് ഇവര്‍ ….ഈസമരം നമ്മുടെ സമരമാണ്.

3) ഈ സമരം ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി ഒരു ഉയര്‍ത്തെഴുന്നേല്പ് അസാദ്ധ്യമാണ് എന്ന് നമ്മള്‍ മനസ്സിലാക്കുന്നു

4)UNA യുടെ സമരം വന്‍കിട മുതലാളിമാര്‍ക്കും മാഫിയകള്‍ക്കും എതിരെയാണ് അവര്‍ക്ക് ഈ സമരം ചെറുത്ത് തോല്പിക്കാന്‍ കോടാനുകോടികള്‍ മുടക്കാന്‍ ഉണ്ടാവും.

5) പിറന്ന നാട് ഉപേക്ഷിച്ച് ഇവിടെ ചേക്കേറിയിരിക്കുന്ന നമ്മള്‍ക്ക് ഈ നാട് ഉപേക്ഷിക്കേണ്ടി വന്നാലും തിരിച്ച് പോകാനുള്ള നാട് കേരളമാണ്.നാട്ടിലെ വേതന വ്യവസ്ഥകള്‍ അന്ന് നമ്മള്‍ക്കും ബാധകമാണ് .ഒരു പക്ഷേ ,നമ്മുടെ കുട്ടികള്‍ ജോലി നോക്കേണ്ട നാടാണത്.അതിനാല്‍ ഈ സമരം നമ്മുടെ സമരമായി ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടിയിരിക്കുന്ന ഉത്തരവാദിത്വം നമ്മുടെ കൂടെയാണ് .

ഇപ്പോള്‍ ഇവിടെ നിന്ന് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് അവരെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിക്കുക ,അധികാരികളുടെ ശ്രദ്ധയില്‍ പ്രശ്‌നത്തിന്റെ ഗൗരവം എത്തിക്കുക എന്നിവയാണ്.എല്ലാവരും തന്നെ അതിന് ശ്രമിക്കുന്നുണ്ട് എന്നതില്‍ അതിയായ സന്തോഷമുണ്ട്

UNA യ്ക്ക് ഈ സമരം നടത്താന്‍ വളരെയേറെ ചിലവുകള്‍ ഉണ്ട്. ഇപ്പോള്‍ നിലവില്‍ 5 കേന്ദ്രങ്ങളില്‍ തിരുവനന്തപുരം ,എറണാകുളം ,തൃശൂര്‍ ,മലപ്പുറം ,കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ സമരം നടക്കുന്നു ,ഈ സ്ഥലങ്ങളില്‍ എല്ലാം പന്തല്‍ ,കസേര ,സൗണ്ട്‌സിസ്റ്റം ,നോട്ടീസുകള്‍,പോസ്റ്ററുകള്‍ ,വണ്ടികള്‍, യാത്രാ ചിലവുകള്‍ ( ആശുപത്രികളില്‍ നിന്നും സമരപന്തല്‍ വരെ എത്താന്‍ വണ്ടികള്‍ ) അങ്ങനെ നിരവധിയായ ചിലവുകള്‍ ഉണ്ട്.

കോട്ടയം ,കൊല്ലം ,പത്തനംതിട്ട ,പാലക്കാട് ,കണ്ണൂര്‍ ,കാസര്‍കോട് എന്നിവടങ്ങളില്‍ വരും ദിവസങ്ങളില്‍ സമരപന്തല്‍ ഉയരും .17-ാം തീയതി മുതല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഒഴികെ എല്ലാ മേഖലകളിലേക്കും സമരം വ്യാപിപ്പിക്കുകയാണ് .വിജയം കാണാതെ പിന്നോട്ടില്ല അല്ലെങ്കില്‍ മരണം എന്ന ഉറച്ച നിലപാടില്‍ അവര്‍ മുന്നോട് പോകുമ്പോള്‍ അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കാനുള്ള ഉത്തരവാദിത്വം നമുക്ക് ഒരുമിച്ച് ഏറ്റെടുക്കാം.

നമുക്ക് വേണ്ടി തൊഴില്‍ ഉപേക്ഷിച്ച് പട്ടിണി കിടന്ന് സഹനസമരം നടത്തുന്ന മാലാഖമാര്‍ക്ക് വേണ്ടി, ദീര്‍ഘകാലം സമരം തുടരേണ്ടി വന്നാല്‍ നമ്മളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു ദിവസമെങ്കിലും കൂടുതല്‍ ജോലി ചെയ്ത് ആ തുക അവര്‍ക്ക് നല്കുന്നതുപോലെയുള്ള വ്യത്യസ്ഥ സമര ഐക്യദാര്‍ഡ്യങ്ങളുമായി മുന്നോട്ട് പോകുവാനും WMA ആലോചിക്കുന്നുണ്ട്. എന്തു തന്നെ ആയാലും ഈ സഹനസമരം വിജയത്തിലെത്തിക്കാന്‍ വാട്ടര്‍ഫോര്‍ഡിലെ പ്രവാസികള്‍ പ്രതിജ്ഞാ ബത്തരായിരിക്കും.

?നമ്മള്‍ വിജയിക്കും വിജയമല്ലാതെ നമ്മുടെ മുന്നില്‍ വേറെ ലക്ഷ്യമില്ല എന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നമുക്ക് അണിചേരാം….?

ജയ് UNA , ജയ് WMA
(വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനു വേണ്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി )

പ്രവാസ ലോകത്തിന്റെ പിന്തുണയുമായി ക്രാന്തിയും

അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആയി സമരം ചെയ്യുന്ന യു എന്‍ എ യും ഐ എന്‍ എയും ഉള്‍പ്പെടുന്ന സംഘടനകള്‍ക്ക് അയര്‍ലണ്ടിലെ ഇടതുപക്ഷ സാമൂഹ്യ സംഘടനയായ ക്രാന്തിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം കൂടിയ ക്രാന്തി കമ്മറ്റി ആണ് സമരം തുടരുന്ന നഴ്സുമാരെ പിന്തുണക്കാന്‍ തീരുമാനം എടുത്തത്.

അസംഘടിത തൊഴില്‍ മേഖലയായ പ്രൈവറ്റ് മേഖലയിലെ നഴ്‌സ്മാരെ സംഘടിപ്പിച്ചു സമരം മുന്നോട്ടു നയിക്കുന്ന സംഘടനകളെ ക്രാന്തി പ്രത്യേകം അഭിനന്ദിച്ചു. എല്ലാ തൊഴില്‍ സമരങ്ങളെയും തമസ്‌കരിച്ചും കള്ള വാര്‍ത്തകള്‍ നിര്‍മ്മിച്ചും പൊതുജനത്തെ തൊഴില്‍ സമരത്തിന് എതിരാക്കുന്ന പതിവ് രീതിയുമായി എത്തുന്ന മാധ്യമങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയയുടെ എല്ലാ സാധ്യതായും ഉപയോഗപ്പെടുത്തണം എന്നും ക്രാന്തി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു .

പ്രവാസ ലോകത്തു നിന്ന് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉള്ള എല്ലാം പിന്തുണയും സഹകരണവും പ്രചാരണവും നടത്തുവാനും ക്രാന്തി തീരുമാനം എടുത്തു.

ഐറിഷ് മലയാളി’യുടെ സമ്പൂര്‍ണ്ണ പിന്തുണ

അയര്‍ലണ്ടിലെ നഴ്സുമാരും,മലയാളി സമൂഹവും കേരളത്തിലെ നഴ്സിംഗ് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടത്താനുദ്ദേശിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ‘ഐറിഷ് മലയാളി ന്യൂസും’പിന്തുണ അറിയിച്ചു.ഇതിന്റെ ഭാഗമായി സംഘടനകള്‍ കേന്ദ്രീകരിച്ചോ,ആശുപത്രികളോ നഴ്സിംഗ് ഹോമുകളോ കേന്ദ്രീകരിച്ചോ പ്രാദേശിക തലത്തില്‍ നടത്തുന്ന മീറ്റിങ്ങുകള്‍,സമരപരിപാടികള്‍,സാമ്പത്തിക സമാഹരണപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വാര്‍ത്തകളും,വീഡിയോകളും,ഫോട്ടോകളും ഐറിഷ് മലയാളി’ പ്രസിദ്ധീകരിക്കുന്നതാണ്.വാര്‍ത്തകള്‍ അയയ്ക്കേണ്ട വിലാസം: irishmalayali@gmail.com എന്നതാണ്.

നീതിയ്ക്കായി പൊരുതുന്ന കേരളത്തിലെ നഴ്സുമാര്‍ക്ക് ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുവാന്‍ എല്ലാ പ്രവാസി നഴ്‌സുമാര്‍ക്കുമുള്ള കടപ്പാട് ഈ സന്നിഗ്ധ ഘട്ടത്തില്‍ ഏറ്റവും ആവശ്യമായിരിക്കുകയാണ്. അയര്‍ലണ്ടിലുള്ള ബഹുഭൂരിപക്ഷം മലയാളി കുടുംബങ്ങളും നഴ്‌സുമാരുമായി ബന്ധപ്പെട്ടവരാണ്.ഭാഗ്യം കൊണ്ടോ,അവസരങ്ങള്‍ ലഭിച്ചത് കൊണ്ടോ മാത്രം കേരളത്തിലെ ചൂഷണവ്യവസ്ഥയില്‍ നിന്നും രക്ഷപ്പെട്ട അയര്‍ലണ്ടിലെ മലയാളി നഴ്സുമാര്‍ ഓരോരുത്തരും,അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം,ന്യായമായ വേതനവ്യവസ്ഥയ്ക്കായി പൊരുതുന്ന കേരളത്തിലെ നഴ്സുമാരെ സഹായിക്കാനും,പിന്തുണയ്ക്കാനും സമരവേദിയില്‍ ഉണ്ടെന്ന് അവരെ ധൈര്യപ്പെടുത്താനുള്ള സന്ദര്‍ഭമായി ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

അമേരിക്കയിലെയും കാനഡയിലെയും അടക്കമുള്ള മലയാളി നഴ്സുമാരുടെ അസോസിയേഷനുകള്‍ ഓണാഘോഷത്തിന്റെ സംഭാവനകള്‍ പോലും കേരളത്തിലെ നഴ്സുമാര്‍ക്ക് നല്‍കാനായുള്ള തീരുമാനമെടുത്ത വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് പ്രവാസി മലയാളികള്‍ എത്ര ഔചിത്യ പൂര്‍വ്വമാണ് ജന്മനാട്ടിലെ സമരത്തെ കാണുന്നത് എന്ന് തന്നെയാണ്.

പ്രത്യേക സംഘടനകളുടെയോ,നേതാക്കളുടെയോ സാന്നിദ്ധ്യമില്ലെങ്കിലും,അയര്‍ലണ്ടിലെ ഓരോ പ്രദേശത്തും നഴ്സുമാരും കുടുംബാംഗങ്ങളും ഒന്നിച്ചു മുമ്പോട്ടുവന്ന് പിന്തുണയും സഹായവും പ്രകടിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് കേരളത്തിലെ നഴ്സുമാരുടെ സമരം വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നതില്‍ സംശയമില്ല.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top