Wednesday August 16, 2017
Latest Updates

സമരത്തിന് പിന്തുണയും സാമ്പത്തിക സഹായവുമായി അയര്‍ലണ്ടിലെ നഴ്സുമാര്‍ രംഗത്ത്,ദേശീയ തലത്തില്‍ നഴ്സിംഗ് കൂട്ടായ്മയ്ക്കും പദ്ധതി

സമരത്തിന് പിന്തുണയും സാമ്പത്തിക സഹായവുമായി അയര്‍ലണ്ടിലെ നഴ്സുമാര്‍ രംഗത്ത്,ദേശീയ തലത്തില്‍ നഴ്സിംഗ് കൂട്ടായ്മയ്ക്കും പദ്ധതി

ഡബ്ലിന്‍:സമരം ചെയ്യുന്ന കേരളത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണയുമായി അയര്‍ലണ്ടിലെ നഴ്സിംഗ് സമൂഹം വിവിധ സ്ഥലങ്ങളില്‍ രംഗത്തെത്തി.അയര്‍ലണ്ടില്‍ വാട്ടര്‍ഫോര്‍ഡില്‍ നിന്നും ആരംഭിച്ച ഐക്യദാര്‍ഢ്യ കൂട്ടായ്മ കൂടുതല്‍ പ്രാദേശികളിലേയ്ക്ക് വ്യാപിക്കുന്നതായി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അയര്‍ലണ്ടിലെ നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും അടക്കമുള്ളവര്‍ കേരളത്തിലെ സമരത്തെ ആളും അര്‍ഥവും നല്‍കി സഹായിക്കണമെന്ന നിലപാടിലാണ്.

വാട്ടര്‍ഫോര്‍ഡിന് പുറമെ ഡബ്ലിനിലെ കൂമ്പ് ഹോസ്പിറ്റലിലും യൂ എന്‍ എ സമരത്തിന് പിന്തുണയേകാനുള്ള സാമ്പത്തിക സഹായ സമാഹരണം ആരംഭിച്ചിട്ടുണ്ട്.വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് വാട്ടര്‍ഫോര്‍ഡിലെ നഴ്സുമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെ മലയാളികളായ നഴ്സുമാര്‍ ജോലി ചെയ്യുന്ന മിക്ക ആശുപത്രികളും കേന്ദ്രീകരിച്ച് യൂഎന്‍ എ സമരത്തിന് പിന്തുണ നല്‍കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്സുമാരുടെ പ്രതിനിധി അനസ് എം സെയിദ് ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.ഒട്ടേറെ പേര്‍ സാമ്പത്തികമായെങ്കിലും സമരത്തെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയുമായാണ് സമീപിച്ചത്.എന്നാല്‍ പ്രാദേശിക തലത്തില്‍ സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും,യൂ എന്‍ എയ്ക്ക് നേരിട്ട് സഹായവും,പിന്തുണയും അറിയിക്കുവാനുമാണ് അയര്‍ലണ്ടിലെ ഓരോ പ്രദേശത്തുള്ള നഴ്സുമാരും ശ്രമിക്കേണ്ടതെന്നും അനസ് എം സെയിദ് പറഞ്ഞു.

സര്‍ക്കാരും മാധ്യമങ്ങളും വേണ്ടത്ര പിന്തുണ കൊടുക്കാതെ സമരം പൊളിക്കാന്‍ ശ്രമിക്കുകയാണ് എന്ന ആശങ്കയാണ് മലയാളി നഴ്‌സുമാര്‍ക്കുള്ളത്.അത് കൊണ്ട് തന്നെ പൊരുതുന്ന കേരളത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് സഹായം എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ക്കൊപ്പം അയര്‍ലണ്ടിലെ നഴ്സുമാരും ഒന്നടങ്കം രംഗത്തിറങ്ങുമെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നഴ്സുമാരുടെ പ്രതിനിധികള്‍ അറിയിച്ചു.ഓരോ ലോക്കല്‍ ഹോസ്പിറ്റല്‍ തലത്തിലോ,വ്യക്തിപരമായ രീതിയിലോ യൂ എന്‍ എ സമരത്തെ പിന്തുണയ്ക്കാന്‍ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും അഭ്യൂദയാകാംക്ഷികളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിട്ടിട്ടുണ്ട്.

അയര്‍ലണ്ടിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കിടയില്‍ കൂടുതല്‍ ഐക്യവും സഹകരണവും ഉണ്ടാക്കിയെടുക്കാനായി ഒരു പൊതുവേദി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.ജോലി സ്ഥലത്തെ പ്രശ്‌നങ്ങളില്‍ ആരുടേയും സഹായവും,പരിരക്ഷയും ലഭിക്കാതിരിക്കുകയും, വംശീയമായി പോലും അവഹേളിക്കപ്പെടുകയും ചെയ്യുന്ന അവസരങ്ങളില്‍ ഇന്ത്യന്‍ നഴ്സുമാരുടെയും ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന കെയറര്‍മാര്‍,ടെക്നീഷ്യന്‍മാര്‍ എന്നിവരും അടങ്ങുന്ന ഒരു കൂട്ടായ്മയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം നേഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും.

കൂടുതൽ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

ജോമിറ്റ് സെബാസ്റ്റ്യന്‍(0879443373)

അനസ് എം സെയിദ് (0873226943)

 

Scroll To Top