Monday August 20, 2018
Latest Updates

കേരളത്തിലെ പതിനായിരക്കണക്കിന് നഴ്സുമാര്‍ ഇന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് …

കേരളത്തിലെ പതിനായിരക്കണക്കിന് നഴ്സുമാര്‍ ഇന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് …

തിരുവനന്തപുരം:സുപ്രീം കോടതി വിധി പ്രകാരമുള്ള ശമ്പള വര്‍ധന ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം കൂടുതല്‍ ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. സമരത്തിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 11 ന് ) പണിമുടക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്.

സ്വകാര്യ ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ ഇന്ന് ജോലിക്കെത്തുകയുള്ളൂവെന്നും 20 ന് ശേഷം തീരുമാനമായില്ലെങ്കില്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

സമരം ചെയ്യുന്ന നഴ്സുമാരുമായി വ്യവസായ ബന്ധ സമിതി നടത്തിയ ചര്‍ച്ച ഇന്നലെ പരാജയപെടുകയായിരുന്നു.സര്‍ക്കാര്‍ മുന്നോട്ട് വെച്ച പുതുക്കിയ വേതനഘടന അംഗീകരിക്കില്ലെന്ന് സമരം ചെയ്യുന്ന നേഴ്സുമാര്‍ അറിയിച്ചു.ഡി.എ ലയിപ്പിച്ച ശേഷമുള്ള ശമ്പളത്തിന്റെ കണക്ക് ഉയര്‍ത്തിക്കാട്ടി പുതിയ വേതനം അംഗീകരിച്ച സര്‍ക്കാര്‍ നിലപാട് വഞ്ചനാപരവും കണ്‍കെട്ട് വിദ്യയുമാണെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. ഇപ്പോള്‍ മുന്നോട്ട് വെച്ച വേതനഘടന പ്രകാരം 17200 രൂപ മാത്രമാണ് ലഭിക്കുന്നത്.

വളരെ തുച്ഛമായ ശമ്പളവര്‍ദ്ധനവ് മാത്രമാണ് ഒരു നഴ്സിന് ലഭിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും നാളെ മുതല്‍ ശക്തമായി സമരം തുടരുമെന്നും ജാസ്മിന്‍ഷാ അറിയിച്ചു. തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ, നിയമവകുപ്പ് മന്ത്രി എ.കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

20 കിടക്കകളുള്ള ആശുപത്രിയിലെ നേഴ്സിന് 18232, 21 മുതല്‍ 100 വരെ കിടക്കകള്‍ ഉള്ളിടത്ത് 19810 , 101 മുതല്‍ 300 വരെ 20014, 301 മുതല്‍ 500 വരെ 20980, 501 മുതല്‍ 800 22040, 800 ന് മുകളിലേക്ക് 23760 എന്നിങ്ങനെയാണ് പുതുക്കിയ വേതനഘടന സര്‍ക്കാര്‍ നിര്‍ദേശിച്ചത്.300 പോയിന്റ് ഉണ്ടായിരുന്ന ഡി.എ പരിപൂര്‍ണ്ണമായി ലയിപ്പിച്ച ശേഷമുള്ള തുകയാണിത്.

ഈ സാഹചര്യത്തിലാണ് ഇന്ന് സംസ്ഥാനവ്യാപകമായി നേഴ്സുമാര്‍ സൂചനാപണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്ത് എമ്പാടും നിന്നുള്ള അരലക്ഷത്തോളം നേഴ്സുമാര്‍ നാളെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് യു.എന്‍.എ നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഇനിയും സമരം തീരുമാനമാകാതെ തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നും യു.എന്‍.എ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ കേരളത്തിലെ ആരോഗ്യരംഗത്ത് ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.

ഒരു രൂപപോലും വര്‍ധനവു ലഭിക്കാതെ 16 വര്‍ഷം സര്‍വീസുള്ള നഴ്‌സുമാര്‍ പോലും 12,000 മുതല്‍ 15,000 രൂപക്കുവരെ ജോലി ചെയ്യേണ്ടി വരുന്നെന്ന ദാരുണ അവസ്ഥയാണ് നഴ്സുമാര്‍ക്ക് പറയാനുള്ളത്. ഡോക്ടര്‍മാര്‍ക്ക് ചോദിക്കുന്ന ശമ്പളം കൊടുക്കുന്ന മാനേജുമെന്റുകള്‍ നഴ്‌സുമാരോട് കാണിക്കുന്നത് വിവേചമാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് ജാസ്മിന്‍ ഷാ ചൂണ്ടിക്കാണിക്കുന്നു

2016 ജനുവരി മുതല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പിടിവാശി മൂലം അനന്തമായി നീളുകയായിരുന്നു.സാധാരണ തൊഴിലാളികള്‍ക്കുപോലും 800 മുതല്‍ 1000 രൂപ വരെ പ്രതിദിനം വേതനം ലഭിക്കുമ്പോള്‍ നേഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് പരമാവധി 350 രൂപയാണ്. ഇതുമൂലം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നഴ്‌സുമാര്‍ പെടാപ്പാട് പെടുകയുമാണ്.

നഴ്‌സുമാരുടെ സമരത്തിന് കേരള സമൂഹത്തോടൊപ്പം അന്താരാഷ്ട്ര സമൂഹവും ഒരേ സ്വരത്തില്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോള തലത്തില്‍ നഴ്‌സുമാര്‍ മുഴുവന്‍ യുഎന്‍എക്ക് തരുന്ന ഈ പിന്തുണ ചരിത്രത്തില്‍ തന്നെ ആദ്യമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ പറയുന്നു. ശമ്പള വര്‍ധനവും നഴ്സുമാരുടെ മറ്റ് നിബന്ധനകളും അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഉറച്ചാണ് നഴ്സുമാരുടെ സംഘടനകള്‍ സമരം തുടരുന്നത്.

Scroll To Top