Friday January 19, 2018
Latest Updates

അമേരിക്കയെ എതിര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി,ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിച്ച ട്രംപിന്റെ നിലപാട് ഐക്യരാഷ്ട്രസഭ വോട്ടിനിട്ട് തള്ളി

അമേരിക്കയെ എതിര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി,ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിച്ച ട്രംപിന്റെ നിലപാട് ഐക്യരാഷ്ട്രസഭ വോട്ടിനിട്ട് തള്ളി

വാഷിങ്ടണ്‍: ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ വോട്ടിനിട്ട് തള്ളി. ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് അമേരിക്കന്‍ തീരുമാനം യു.എന്‍ തള്ളിയത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. അമേരിക്കയ്ക്കെതിരെ കൊണ്ട് വന്ന യു.എന്‍ പ്രമേയത്തെ അയര്‍ലണ്ടും ഇന്ത്യയും പിന്തുണച്ചു.

ഉറ്റ സുഹൃത്തായ ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക അംഗീകരിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ ചേര്‍ന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രത്യേക യോഗവും അമേരിക്കന്‍ തീരുമാനത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ജെറുസലേം വിഷയത്തില്‍ തങ്ങള്‍ക്കെതിരെ വോട്ടുചെയ്യുന്നവരെ മറക്കില്ലെന്ന അമേരിക്കന്‍ മുന്നറിയിപ്പിനെ അവഗണിച്ചാണ് യു.എന്‍ പൊതുസഭയില്‍ ഇന്ന് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ പങ്കെടുത്ത അമേരിക്കയും ഇസ്രായേലും അടക്കം ഒമ്പത് രാഷ്ട്രങ്ങള്‍ മാത്രമാണ് തീരുമാനത്തെ അനുകൂലിച്ചത്. എന്നാല്‍ അമേരിക്കയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കാനഡ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത് ശ്രദ്ധേയമായി. യു.എന്‍ തീരുമാനം തങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന പോരാട്ടത്തിന്റെ വിജയമാണെന്ന് പാലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പ്രതികരിച്ചു.

ഇസ്ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രായേലും പാലസ്തീനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് ഏകപക്ഷീയ നിലപാട് സ്വീകരിക്കാനാവില്ലെന്നാണ് യു.എന്‍ പറയുന്നത്. ഇസ്രയേലികളും പാലസ്തീനികളും ചര്‍ച്ച ചെയ്ത് വേണം ജറുസലേമിന്റെ പദവി നിശ്ചയിക്കേണ്ടതെന്നും അത് ഒരു അന്തിമ കരാറിലേക്ക് എത്തണമെന്നും നേരത്തെ യു.എന്‍ രക്ഷാ സമിതി തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.എന്‍ പൊതുസഭയും അംഗീകരിച്ചു.

ട്രംപിന് തിരിച്ചടി
അതേസമയം, യു.എന്‍ തീരുമാനം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനേറ്റ കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. എഴുപത് വര്‍ഷമായി തുടര്‍ന്നിരുന്ന വിദേശ നയത്തെ പൊളിച്ചെഴുതിയ ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും വലിയ വാഗ്ദ്ധാനം നടപ്പിലാക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ എപ്പോഴും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് ആക്ഷേപം കേട്ട യു.എന്നില്‍ നിന്ന് തന്നെ ഇത്തരത്തില്‍ തിരിച്ചടിയുണ്ടായത് ട്രംപിന് ക്ഷീണമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകന്മാര്‍ വിലയിരുത്തുന്നത്. തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും അമേരിക്ക അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ട് പോലും ആകെ ലഭിച്ചത് ഒമ്പത് വോട്ടുകളാണെന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നുറപ്പ്

Scroll To Top