Sunday December 04, 2016
Latest Updates

ഉത്തരകൊറിയയ്‌ക്കെതിരെ ലോകം:കൊറിയന്‍ അവകാശവാദം സംശയകരമെന്ന് അമേരിക്ക 

ഉത്തരകൊറിയയ്‌ക്കെതിരെ ലോകം:കൊറിയന്‍ അവകാശവാദം സംശയകരമെന്ന് അമേരിക്ക 

ന്യൂ യോര്‍ക്ക്:ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭയുടെ രൂക്ഷ വിമര്‍ശനം. നടപടി രക്ഷാസമിതി പ്രമേയത്തിന് വിരുദ്ധമെന്ന് യുഎന്‍ വ്യക്തമാക്കി. ഉത്തര കൊറിയയ്ക്കെതിരെ പ്രത്യേക പ്രമേയം കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.
ലോകരാഷ്ട്രങ്ങളെ ധിക്കരിച്ച് നാലാമതും അണുപരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്കതിരെ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിലാണ് കടുത്ത നിലപാടുമായി ഐക്യരാഷ്ട്രസഭ നീങ്ങുന്നത്. ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം രക്ഷാസമിതി പ്രമേയത്തിന് വിരുദ്ധമാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ നടപടി ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും, അടിയന്തര ഇടപെടല്‍ വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. വീണ്ടും അണുപരീക്ഷണം നടത്തിയ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്‌ക്കെതിരെ പ്രമേയം കൊണ്ടുവരാനാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം.

അതേസമയം, ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമാണെന്ന ഉത്തര കൊറിയന്‍ വാദത്തില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക രംഗത്തെത്തി. ഇത് സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തിയ ശേഷം മാത്രമെ പ്രതികരിക്കാനാകുവെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ്വാ ഏണസ്റ്റ് അറിയിച്ചു. സഖ്യകക്ഷിയായ ചൈനയും ആണുപരീക്ഷണത്തെ തളളിപ്പറഞ്ഞത് കിം ജോംഗ് ഉന്‍ ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി.

പ്രബലരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയെ പിന്തുണയ്ക്കുന്ന ഏക രാഷ്ട്രം ചൈനയാണ്. എന്തായാലും, അണുപരീക്ഷണത്തിനെതിരെ ലോക രാജ്യങ്ങള്‍ ഒരുമിച്ച് രംഗത്തെത്തിയ സാഹചര്യത്തില്‍, കടുത്ത നടപടിയാണ് ഉത്തരകൊറിയയെ കാത്തിരിക്കുന്നതെന്ന് ഉറപ്പായി

Scroll To Top