Wednesday December 07, 2016
Latest Updates

ഉമ്മന്‍ ചാണ്ടിയ്ക്കും കുരുക്കാവുന്നു,മാണി രാജി വെയ്‌ക്കേണ്ടി വന്നാല്‍ ചാണ്ടിയും വീഴും 

ഉമ്മന്‍ ചാണ്ടിയ്ക്കും കുരുക്കാവുന്നു,മാണി രാജി വെയ്‌ക്കേണ്ടി വന്നാല്‍ ചാണ്ടിയും വീഴും 

ന്യൂഡല്‍ഹി: ബാര്‍ കേസില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ നടത്തിയെന്ന് പറയപ്പെടുന്ന പാരമര്‍ശം ധനമന്ത്രി കെഎം മാണിക്കു മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പാരയായി മാറിയേക്കും. കേരളത്തില്‍ ഭരണനേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചിന്തിക്കാനാരംഭിച്ചു.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് അനായാസം ജയിച്ചുകയറി തിളക്കത്തില്‍ നിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജാതകമാകെ മാറ്റിമറിച്ച പഞ്ചായത്തു തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം കനത്ത പ്രഹരമായിരിക്കുകയാണ്.

മാസങ്ങളുടെ അകലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്നത്തെ നിലയില്‍ നേരിട്ടാല്‍ അതിദയനീയമായിരിക്കും ഫലമെന്ന് കേന്ദ്രത്തിനു തിരിച്ചറിവുണ്ടായതിനു പിന്നാലെയാണ് കോടതി പരാമര്‍ശവും വന്നിരിക്കുന്നത്.

അഴിമതിക്കു കുടപിടിക്കുന്നയാളാണ് കേരള മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനെ പ്രതിരോധിക്കാനായി ബാറുകള്‍ നിരോധിക്കാന്‍ ഉമ്മന്‍ ചാണ്ടി കൈക്കൊണ്ട തീരുമാനത്തെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എതിര്‍ത്തിരുന്നു. പക്ഷേ, ഉമ്മന്‍ ചാണ്ടി തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. ഈ തീരുമാനത്തിന്റെ മറപിടിച്ചാണ് ബാറുടമകളില്‍ നിന്നു കെഎം മാണി കോഴ വാങ്ങിയെന്ന ആരോപണവും പിന്നാലെ വന്നത്.

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയെ കൂട്ടുപിടിച്ച് ബിജെപിയുണ്ടാക്കിയ മുന്നേറ്റവും പൊതുവേയുള്ള ഇടതു തരംഗവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സസൂക്ഷ്മം പഠിക്കുന്നുണ്ട്. ബിജെപിഎസ്എന്‍ഡിപി കൂട്ടുകെട്ട് ഇടതു പക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന്, ക്ഷീണമുണ്ടാക്കുമെന്നായിരുന്നു പൊതുവേ കരുതിയിരുന്നത്. എന്നാല്‍, അതു കൂടുതല്‍ ബാധിച്ചിരിക്കുന്നത് കോണ്‍ഗ്രസിനെയാണെന്നാണ് തിരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഹിന്ദു നേതാവിനെ മുന്‍നിര്‍ത്തി ജനത്തെ സമീപിക്കുന്നതായിരിക്കും അഭികാമ്യമെന്ന അഭിപ്രായം ചില കോണുകളില്‍ നിന്ന് ഹൈക്കമാന്‍ഡിനു മുന്നിലെത്തിയിട്ടുണ്ട്. ആ ഹിന്ദു മുഖം മിക്കവാറും രമേശ് ചെന്നിത്തല ആയിരിക്കും. ചിലപ്പോള്‍ അതു വിഎം സുധീരനാകാനും മതി.

പക്ഷേ, ഈ വൈകിയ വേളയില്‍ മുഖ്യമന്ത്രിയെ മാറ്റേണ്ടതില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തി പുതിയ നേതാവിനെ അവതരിപ്പിച്ചാല്‍ മതിയെന്നും ഒരു അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്തുതന്നെയായാലും ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് ശുഭദിനങ്ങളല്ല മുന്നില്‍. 

കെ എം മാണിയെ നിര്‍ബന്ധ പൂര്‍വം മാറ്റിയാല്‍ ബാര്‍ കേസിന്റെ പിറകില്‍ കളിച്ച കെ ബാബുവും ബെന്നി ബഹനാനും ചരട് വലിച്ച മുഖ്യമന്ത്രി തന്നെയും പുറത്തു പോകുന്ന സൂചനകളാണ് ഉയരുന്നത്.രാജിയില്ലെന്ന് മാണി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് പണ്ടൊരിക്കല്‍ ഐക്യമുന്നണി നടത്തിയ പ്രതിശ്ചായ നന്നാക്കല്‍ ചര്‍ച്ച വീണ്ടും ആരംഭിക്കാനാണ് സാധ്യത.

Scroll To Top