Thursday December 08, 2016
Latest Updates

ഉമ്മന്‍ ചാണ്ടിയും ആര്യാടനും ചേര്‍ന്ന് രണ്ടേകാല്‍ കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി സരിത:’നുണ പരിശോധനയ്ക്കും തയ്യാര്‍ !

ഉമ്മന്‍ ചാണ്ടിയും ആര്യാടനും ചേര്‍ന്ന് രണ്ടേകാല്‍ കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി സരിത:’നുണ പരിശോധനയ്ക്കും തയ്യാര്‍ !

കൊച്ചി: ഭരണത്തിന്റെ അവസാന മണിക്കൂറുകളില്‍ എത്തിനില്‍ക്കുന്ന, മാനം നഷ്ടപ്പെട്ട കേരള സര്‍ക്കാരിനെ കൂടുതല്‍ മാനക്കേടിലേക്കു തള്ളിയിട്ടുകൊണ്ട് സോളാര്‍ വിവാദനായിക സരിതാ നായര്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിയായ വയോധികന്‍ ആര്യാടന്‍ മുഹമ്മദിനുമെതിരേ കോഴ ആരോപണം ഉന്നയിച്ചു.

സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനു മുമ്പാകെയാണ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ അമ്പരപ്പിക്കുന്ന മൊഴി നല്കിയത്.

രണ്ടു തവണയായി മുഖ്യമന്ത്രിക്കു 1.90 കോടി രൂപയും ആര്യാടന് 40 ലക്ഷം രൂപയും കൈക്കൂലി നല്‍കിയെന്നാണ് സരിതയുടെ മൊഴി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയില്‍ സഹായിച്ചിരുന്ന തോമസ് കുരുവിളയുടെ കൈവശമാണ് പണം നല്‍കിയതെന്നും സരിത പറഞ്ഞു.

ആദ്യ ഗഡു 2011 ഡിസംബര്‍ 27നാണ് കൈമാറിയത്. 1.10 കോടി രൂപ ഡല്‍ഹിയില്‍ ചാന്ദ്‌നി ചൗക്കില്‍ കാറില്‍ വച്ചാണ് ഈ തുക കൊടുത്തത്. 80 ലക്ഷം രൂപ തിരുവനന്തപുരത്തുവച്ചാണ് കുരുവിളയ്ക്കു കൊടുത്തത്.

മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന ജിക്കുമോനെ, പണം കൊടുക്കുന്ന കാര്യം അറിയിച്ചു. ഈ ഇടപാട് ടെനി ജോപ്പന്‍ അറിയരുതെന്ന് ജിക്കുമോന്‍ നിര്‍ദേശിച്ചിരുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു. സോളാര്‍ പദ്ധതിക്കു വേണ്ടി രണ്ടു കോടി രൂപയാണ് ആര്യാടന്‍ കൈക്കൂലിയായി ചോദിച്ചത്. വിലപേശലിലൂടെ ഇത് 40 ലക്ഷമായി കുറച്ചു.

ആദ്യം 25 ലക്ഷം രൂപയും പിന്നീട് 15 ലക്ഷം രൂപ എന്ന ക്രമത്തിലാണ് ആര്യാടന് നല്‍കിയത്. ആര്യാടന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ പിഎയാണ് പണം പറ്റിയത്.

ജയിലില്‍ നിന്നു മടങ്ങിവന്നപ്പോള്‍ പണം മടക്കി ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും സരിത വെളിപ്പെടുത്തി.

ആദ്യമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുത് 2011 ജൂണില്‍ സെക്രട്ടേറിയേറ്റില്‍ വച്ചാണ് . അതിനുശേഷം മുഖ്യമന്ത്രിയുമായി നേരിട്ടും ഫോണിലും പലതവണ സംസാരിച്ചിട്ടുണ്ട്. എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. മുന്‍ മന്ത്രി ഗണേശ്കുമാറിന്റെ പിഎ വഴിയാണ് മുഖ്യമന്ത്രിയെ കണ്ടത്.

പറഞ്ഞ കാര്യങ്ങളുടെ പേരില്‍ നുണപരിശോധനയ്ക്കു തയാറെന്നും സരിത മൊഴി നല്‍കിയശേഷം മാധ്യമങ്ങളോടു പറഞ്ഞു. തന്റെ വെളിപ്പെടുത്തലുകളില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ ആര്‍ക്കു ചോദ്യം ചെയ്യാം. ആവശ്യപ്പെടുന്ന രേഖകളും സമര്‍പ്പിക്കാന്‍ തയാറാണെന്നു സരിത പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ബന്ധം വെളിപ്പെടുത്താതിരുന്നത് വ്യക്തി ജീവിതത്തെ ബാധിക്കുമെന്നതിനാലാണ്.

കൊടുത്ത പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഒരു സംരംഭകയാണ് താന്‍. പണം കിട്ടുന്നിമില്ല, പകരം തട്ടിപ്പുകാരിയായി മുദ്രകുത്തപ്പെടുകയാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Scroll To Top