Monday April 24, 2017
Latest Updates

എന്തുകൊണ്ടാണ് യൂകെയില്‍ ജോലി നേടിയ ഐറിഷ് നഴ്സ് ഇങ്ങോട്ടു തിരിച്ചു വരാത്തത്?

എന്തുകൊണ്ടാണ് യൂകെയില്‍ ജോലി നേടിയ ഐറിഷ് നഴ്സ് ഇങ്ങോട്ടു തിരിച്ചു വരാത്തത്?

വിദേശത്ത് ജോലി തേടിപ്പോയ നഴ്സുമാരെ തിരിച്ചെത്തിക്കുമെന്ന് സര്‍ക്കാരും മറ്റ് അധികൃതരും പലവുരു ആവര്‍ത്തിച്ചിട്ടും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഹോസ്പിറ്റലുകള്‍ രോഗികളെക്കൊണ്ട് നിറയുക്കുകയും നഴ്സുമാര്‍ ഓവര്‍ടൈം ഡ്യൂട്ടി എടുക്കേണ്ടിവരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് തന്നെപ്പോലുള്ള നഴ്സുമാര്‍ യുകെയില്‍ നിന്നും തിരികെ അയര്‍ലണ്ടിലെത്തി ജോലി ചെയ്യാത്തത് എന്നു വ്യക്തമാക്കുകയാണ് ജെന്നി റെയ്ഡ് എന്ന 26കാരിയായ ഐറിഷ് നഴ്സ്. ഇന്‍ഡിപെന്‍ഡന്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്:

2015 ജനുവരിയിലാണ് ജെന്നി റെയ്ഡ് ലണ്ടനില്‍ ജനറല്‍ നഴ്സായി എത്തുന്നത്. അയര്‍ലണ്ടില്‍ തന്നെ സഹോദരിക്കൊപ്പം ജോലി ചെയ്യാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ആനുകൂല്യങ്ങള്‍ ഏറെയാണെന്ന് തിരിച്ചറിഞ്ഞതോടെ ലണ്ടനിലേയ്ക്ക് പോരുകയായിരുന്നു.

വിദേശത്തുപോയ ഐറിഷ് നഴ്സുമാരെ തിരികെ കൊണ്ടുവരാന്‍ അധികൃതര്‍ റിക്രൂട്ട്മെന്റ് നടത്തിയെങ്കിലും വളരെക്കുറവ് ആളുകള്‍ മാത്രമാണ് ജോലി തേടിയെത്തിയത്. ഇതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നാണ് ജെന്നി പറയുന്നത്. കാരണം റിക്രൂട്ട്മെന്റിനിടെ പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും അതൊന്നും ജോലി കിട്ടിക്കഴിയുമ്പോള്‍ അധികൃതര്‍ പാലിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം എന്നാണ് ജെന്നിയുടെ പക്ഷം!

അതിനാല്‍ത്തന്നെ ഒരു തിരിച്ചുപോക്കിനെക്കുറിച്ച് ജെന്നി ചിന്തിക്കുന്നേയില്ല. തന്റെ സഹപ്രവര്‍ത്തകരും ഇതേ അഭിപ്രായക്കാരാണെന്നും ജെന്നി വ്യക്തമാക്കുന്നു. ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ, അധികസമയം ജോലി ചെയ്ത് കഷ്ടപ്പെടാന്‍ സ്വന്തം നാട്ടിലാണെങ്കിലും ആര് തയ്യാറാകും എന്ന് ചോദിക്കാതെ ചോദിക്കുകയാണ് ജെന്നി.’രോഗികളുടെ പക്ഷത്തു നിന്ന് പറയുകയാന്നെങ്കില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ബെഡ് കിട്ടാന്‍ രണ്ടു ദിവസം ട്രോളിയില്‍ കിടക്കേണ്ട സാഹചര്യം ഒരിക്കലും മറ്റൊരു രാജ്യത്തും ഉണ്ടാവില്ല…’
യുകെയില്‍ ജോലിയില്‍ ഉയര്‍ച്ച നേടാനും സാധിക്കുമെന്ന് ജെന്നി പറയുന്നു. ജനറല്‍ നഴ്സായെത്തിയ ജെന്നി ഇപ്പോള്‍ മാനേജ്മെന്റ് പൊസിഷനിലാണ് ജോലി ചെയ്യുന്നത്. വൈകാതെ തന്നെ ക്ലിനിക്കല്‍ നഴ്സായി ജെന്നിക്ക് പ്രൊമോഷന്‍ ലഭിക്കും. എന്നാല്‍ അയര്‍ലണ്ടില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലുമെടുക്കുമത്രേ പ്രൊമോഷന്. അതേസമയം അയര്‍ലണ്ടില്‍ നിന്നും യോഗ്യത നേടുന്ന നഴ്സുമാര്‍ക്ക് ലോകമെമ്പാടും നല്ല വിലയാണുള്ളതെന്നും, അവരുടെ കഴിവുകള്‍ ഐറിഷ് സര്‍ക്കാര്‍ പാഴാക്കുകയാണെന്നും ജെന്നി പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top