Friday December 09, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജന്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി ബ്രിട്ടിഷ് പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കുന്നു 

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജന്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി ബ്രിട്ടിഷ് പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കുന്നു 

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ സിഖ് വംശജന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നു.പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് മെയ് ഏഴിന് നടക്കാനിരിക്കുന്ന യുകെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അമന്‍ദീപ് സിംഗ് ഭോഗലിന് മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. അപ്പര്‍ ബാനില്‍നിന്ന് ജനവിധി തേടുന്ന സിംഗ് മാത്രമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മത്സരിക്കുന്ന ഏക ഇന്ത്യന്‍ സ്ഥാനാര്‍ത്ഥി.

യുകെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തു പോകണമെന്നും ഇന്ത്യയുമായികൂടുതല്‍ അടുക്കണമെന്നുമുള്ള നിലപാടുകാരനാണ് ഭോഗല്‍. ഏഴു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഭോഗലിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. 2005 മുതല്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ ഡേവിഡ് സിംപ്‌സണാണ് ഇവിടുത്തെ പാര്‍ലമെന്റ് അംഗം. ഇത്തവണ സിംപ്‌സണില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാനാണഅ കണ്‍സര്‍വേറ്റീവുകള്‍ ഭോഗലിനെ രംഗത്തിറക്കിയിരിക്കുന്നത്.

1984 ല്‍ ജലന്ധറില്‍ ജനിച്ച ഭോഗല്‍ ആദ്യമായാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. നേരത്തെ, രണ്ടു ലോക്കല്‍ തെരഞ്ഞെടുപ്പുകളിലും ഒരു ലണ്ടന്‍ ആസംബ്ലി തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയനേക്കാള്‍ ഇന്ത്യയുമായാണ് യുകെയ്ക്ക് കൂടുതല്‍ സാമ്യം എന്നും, 1.8 മില്യണ്‍ ഇന്ത്യക്കാര്‍ ഇപ്പോള്‍ തന്നെ യുകെയില്‍ താമസിക്കുന്നുണ്ടെന്നും, ഇന്ത്യയും യുകെയും ലോകത്തിലെ തന്നെ എറ്റവും ശക്തിയാര്‍ന്നതും പഴക്കം ചെന്നതുമായ ജനാധിപത്യ രാഷ്ട്രങ്ങളാണെന്നും അതിനാല്‍ തന്നെ ഇരുരാജ്യങ്ങളും കൈ കോര്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടി കാട്ടുന്നു. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യയിലെ സാധ്യതകള്‍ ബ്രിട്ടണ്‍ നഷ്ടപ്പെടുത്തുകയാണെന്ന് ഭോഗല്‍ പറഞ്ഞു.

മത്സരം കടുത്തതാകുമെങ്കിലും, 2020 ലക്ഷ്യമിട്ട് ദീര്‍ഘദൂര പദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന തന്റെ പാര്‍ട്ടിക്ക് വിജയ പ്രതീക്ഷയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.


Scroll To Top