Wednesday December 07, 2016
Latest Updates

പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വിവാദം; ഫിഫയെ ബഹിഷ്‌കരിക്കാനൊരുങ്ങി യുവേഫ

പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വിവാദം; ഫിഫയെ ബഹിഷ്‌കരിക്കാനൊരുങ്ങി യുവേഫ

ഫിഫ പ്രസിഡണ്ട് സ്ഥാനത്തേക്ക് സെപ് ബ്ലാറ്റര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഫിഫയെ ബഹിഷ്‌കരിക്കാനൊരുങ്ങി യുവേഫ. ഇതോടെ ഫിഫയും യുവേഫയും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഫിഫ പ്രസിഡണ്ടായി തുടര്‍ച്ചയായി അഞ്ചാമതും സെപ് ബ്ലാറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനാണ് മിഷേല്‍ പ്ലാറ്റിനിയുടെ നേതൃത്വത്തിലുള്ള യുവേഫ ആലോചിക്കുന്നത്. അന്തിമ തീരുമാനം ശനിയാഴ്ച്ച ബര്‍ലിനില്‍ നടക്കുന്ന യുവേഫ യോഗത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. സെപ് ബ്ലാറ്റര്‍ വീണ്ടും തിരഞ്ഞെടുക്കപെട്ടാല്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്ലാറ്റിനി വെള്ളിയാഴ്ച്ച തന്നെ പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ തങ്ങളുടെ പിന്തുണയറിയിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഗ്രെഗ് ഡെയ്ക ഉടന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവേഫയിലും ഭിന്നിപ്പ് പ്രകടമാണ്. ബ്രിട്ടണ്‍, ജര്‍മ്മനി ഉള്‍പ്പടെ പതിനെട്ടോളം യൂറൊപ്യന്‍ രാജ്യങ്ങള്‍ ജോര്‍ദ്ധാന്‍ രാജകുമാരനെ പിന്തുണച്ചപ്പോള്‍ റഷ്യ, തുര്‍ക്കി, സൈപ്രസ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ബ്ലാറ്റര്‍ക്കായാണ് നിലകൊണ്ടിരുന്നത്.

യുവേഫയുടെ തീരുമാനത്തെ ആശങ്കയോടെയാണ് കായിക പ്രേമികള്‍ നോക്കികാണുന്നത്. ലോകകപ്പിന്റെ ആകര്‍ഷകത്വം കുറയുമെന്നു മാത്രമല്ല, നിലവില്‍ വലിയ പ്രചാരമുള്ള യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നതിന് ലാറ്റിനമേരിക്ക പോലുള്ള മറ്റു ലീഗുകളിലെ കളിക്കാര്‍ക്ക് വിലക്കും വന്നേക്കാം. ഇതോടെ യൂറോപ്യന്‍ കളിക്കാര്‍ മാത്രം കളിക്കുകയാണെങ്കില്‍ യൂറോപ്യന്‍ ലീഗുകള്‍ നിറം മങ്ങുമെന്നുറപ്പാണ്. കായിക താരങ്ങളുടെ വിപണി മൂല്യത്തിലും ഇത് കാര്യമായ ഇടിവ് വരുത്തും.

 

Scroll To Top