Sunday December 04, 2016
Latest Updates

കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് യുഡിഎഫ് വഴങ്ങി: മധ്യമേഖലാ ജാഥകള്‍ മാറ്റി; വീരേന്ദ്രകുമാര്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല

കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് യുഡിഎഫ് വഴങ്ങി: മധ്യമേഖലാ ജാഥകള്‍ മാറ്റി; വീരേന്ദ്രകുമാര്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മധ്യമേഖലാ ജാഥകളുടെ തിയതി മാറ്റി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ന് ചേര്‍ന്ന നേതൃയോഗം മധ്യമേഖലാ ജാഥകള്‍ മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദുബായിയില്‍ സന്ദര്‍ശനത്തിന് പോയിരിക്കുന്ന കെ.എം. മാണിയുമായി ആലോചിച്ച് മെയ് 27ന് ജാഥ നടത്താന്‍ തീരുമാനിച്ചു.  എന്നാല്‍, മറ്റു മേഖലാ ജാഥകള്‍ മാറ്റമില്ലാതെ തുടരും.

യുഡിഎഫ് നേതൃയോഗം ചേരുന്നതിന് മുന്‍പ് തന്നെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരുകയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു കെ.എം. മാണി വിദേശത്തായിരുന്നതിനാല്‍ പാര്‍ട്ടി പ്രതിനിധിയാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തത്. മേഖലാ ജാഥകള്‍ ആകെ മാറ്റി വെയ്ക്കണമെന്നായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ ആവശ്യമെങ്കിലും ഇത് അംഗീകരിക്കാന്‍ യുഡിഎഫ് തയാറായില്ല.

മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസിനാണ് യുഡിഎഫ് നല്‍കിയിരിക്കുന്നത്. നേരത്തെ സി.എഫ്. തോമസിനെ ക്യാപ്റ്റനാക്കാന്‍ കേരളാ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചപ്പോള്‍ യുഡിഎഫ് അത് അംഗീകരിച്ചിരുന്നു. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാകാതിരുന്നതിനാല്‍ ഇതുവരെ ക്യാപ്റ്റന്‍ സ്ഥാനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജോസ് കെ മാണിയെ ജാഥാ ക്യാപ്റ്റനാക്കാന്‍ ശ്രമം നടന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായി. ജൂണിയറായ ജോസ് കെ മാണിയെ തെരഞ്ഞെടുക്കുന്നതില്‍ യുഡിഎഫിനും വിയോജിപ്പുണ്ട്.

അതിനിടെ ഇന്ന് ക്ലിഫ് ഹൗസില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ എംപി വീരേന്ദ്രകുമാര്‍ പങ്കെടുത്തില്ല. മേഖലാ ജാഥകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ നടക്കുന്നതെന്നും അതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Scroll To Top