Sunday September 24, 2017
Latest Updates

നാലാം വാര്‍ഷികത്തിലും അഴിമതി ആരോപണങ്ങളില്‍ മുങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ തടസ്സമായി വിവാദങ്ങള്‍; കോണ്‍ഗ്രസില്‍ നേതൃമാറ്റ സമ്മര്‍ദ്ദം ശക്തം

നാലാം വാര്‍ഷികത്തിലും അഴിമതി ആരോപണങ്ങളില്‍ മുങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ തടസ്സമായി വിവാദങ്ങള്‍; കോണ്‍ഗ്രസില്‍ നേതൃമാറ്റ സമ്മര്‍ദ്ദം ശക്തം

നാലാം വാര്‍ഷികാഘോഷങ്ങള്‍ നടത്താന്‍ ഒരുങ്ങുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരനെ അഴിമതിയുടെയും വിവാദങ്ങളുടയും പിടിയില്‍നിന്ന് മുക്തമാക്കാന്‍ യുഡിഎഫിനോ കോണ്‍ഗ്രസിനോ സാധിക്കുന്നില്ല. സര്‍ക്കാരിനെ ഏത് വിധത്തിലും സംരക്ഷിച്ചു നിര്‍ത്തേണ്ട കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ സര്‍ക്കാരിലെ അഴിമതിയും കെടുകാര്യസ്ഥതയും ചര്‍ച്ചയാക്കുന്നത്.

കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ തുടങ്ങി വെച്ച അഴിമതി പരാമര്‍ശങ്ങള്‍ എ.കെ. ആന്റണി കൂടി പങ്കു വെച്ചതോടെ ആളിക്കത്തി. എ.കെ. ആന്റണിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് മറ്റു നേതാക്കളും രംഗത്തു വന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. നാലാം വാര്‍ഷിക സമയത്ത് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ഇതൊന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ല. മറിച്ച് മുന്നണിയിലെ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ പരസ്പര വിഴിപ്പലക്കുകളുമാണ് വാര്‍ത്തകളില്‍ നിറയെ. ടെലിവിഷന്‍ ചാനലുകളിലും, പത്രങ്ങളിലും, ഓണ്‍ലൈന്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുന്നത് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാണ്. വിവാദങ്ങളെ കൂടാതെ അണിയറയില്‍ നേതൃമാറ്റമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. എ ഗ്രൂപ്പിനെ അട്ടിമറിക്കാനായി ഐ ഗ്രൂപ്പ് തൊടുത്തുവിട്ട ചാവേറാണ് അജയ് തറയില്‍ പോലുള്ള നേതാക്കള്‍.

വിവാദങ്ങളെയും അഴിമതി ആരോപണങ്ങളെയും മറികടക്കാന്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞ കുറെ കൊല്ലങ്ങളായി തൊടുക്കുന്ന വജ്രായുധം ‘ജനസമ്പര്‍ക്ക പരിപാടി’ ഇത്തവണ ഗുണം ചെയ്തില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍നിന്ന് ലഭിക്കുന്ന പിആര്‍ വാര്‍ത്തകള്‍ മാത്രമാണ് പത്രങ്ങളും ചാനലുകളും നല്‍കിയത്. ഓണ്‍ലൈന്‍ മാ്ധ്യമങ്ങള്‍ ജനസമ്പര്‍ക്കത്തെ മൈന്‍ഡ് ചെയ്യുന്നുമില്ല. ആദ്യ ജനസമ്പര്‍ക്കങ്ങള്‍ ലൈവ് കവറേജ് നല്‍കിയിരുന്ന ചാനലുകള്‍ ഇക്കുറി നയം മാറ്റി. ഏതെങ്കിലുമൊരു ബുള്ളറ്റിനിലെ വോയിസ് ഓവര്‍ റിപ്പോര്‍ട്ടിംഗില്‍ ജനസമ്പര്‍ക്കം ഒതുക്കി.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പദ്ധതിയിട്ട് തയാറാക്കിയ മേഖലാ ജാഥകളും വിവാദത്തില്‍ മുങ്ങിയിരിക്കുന്നു. ആരുണ്ടാക്കി വെച്ച ക്ഷീണം മാറ്റാനാണോ മേഖലാ ജാഥകള്‍ ഒരുക്കിയത് അയാള്‍ തന്നെയാണ് മേഖലാ ജാഥകള്‍ താറുമാറാക്കിയത്. കെഎം മാണിയുടെ പാര്‍ട്ടിക്ക് നല്‍കിയ മധ്യമേഖലയാണ് മേഖലാ ജാഥകളുടെ ആകെ നിറം കെടുത്തിയത്. മുന്‍നിശ്ചയിച്ചിരുന്ന ജാഥാ ക്യാപ്റ്റന്‍ സി.എഫ് തോമസ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസ്സമ്മതിച്ചു. പിന്നീട് മാണി തന്നെ ജോസ് കെ മാണിയെ ക്യാപ്റ്റനാക്കാന്‍ നീക്കം നടത്തിയെങ്കിലും കോണ്‍ഗ്രസുകാര്‍ തന്നെ അതിന് പാലം വലിച്ചു.

ബാര്‍ കോഴ കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കവും ഫലം കണ്ടില്ല. അന്വേഷണം പൂര്‍ത്തിയാകാന്‍ രണ്ട് മാസമെങ്കിലും സമയം എടുക്കുമെന്ന് വിജിലന്‍സ് ഇന്നലെ കോടതിയെ അറിയിച്ചു. നുണ പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബാറുടമകള്‍ മുന്‍നിലപാടില്‍നിന്ന് മലക്കം മറിഞ്ഞതാണ് ഇതിന് കാരണം. ബാര്‍ കോഴ കേസ് പെ്‌ട്ടെന്ന് അന്വേഷിച്ച് തീര്‍ക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ച് എഡിജിപി വിന്‍സണ്‍ എം പോള്‍ അവധിയില്‍ പ്രവേശിച്ചത് കഴിഞ്ഞ ദിവസമാണ്. കേസിന്റെ അന്വേഷണ മേല്‍നോട്ടത്തില്‍നിന്ന് വിന്‍സണ്‍ എം പോളിനെ മാറ്റുകയും ചെയ്തിരുന്നു.

മൂന്നാം വാര്‍ഷിക ആഘോഷങ്ങള്‍ സോളാര്‍ വിവാദങ്ങളില്‍ മുങ്ങിയതായിരുന്നുവെങ്കില്‍ നാലാം വാര്‍ഷികത്തില്‍ ഉമ്മന്‍ ചാണ്ടിയെ വരിഞ്ഞ് മുറുക്കുന്നത് ബാര്‍ കോഴയാണ്. സോളാര്‍ വിവാദം കത്തിനിന്ന സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ രൂക്ഷമായ ആക്രമണങ്ങളായിരുന്നു നടന്നത്. അന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ കഴിഞ്ഞില്ല. എന്നാല്‍, പ്രതിപക്ഷം സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ സജീവമായി ജനങ്ങളുടെ മുന്നില്‍ എത്തിച്ചു. നാലാം വാര്‍ഷികം ആഘോഷിക്കുമ്പോഴും മുഖ്യമന്ത്രിയുടെയും മറ്റു ചില മന്ത്രിമാരുടെയും വകുപ്പുകളിലുണ്ടാക്കിയ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. വിവാദങ്ങള്‍ സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും അകറ്റുന്നുവെന്ന ആരോപണം വീണ്ടും ഉമ്മന്‍ചാണ്ടിയും നേതാക്കളും ഉന്നയിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി പരീക്ഷാ ഫലവും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളും സര്‍ക്കാരിന്റെ ഇമേജിനെ തന്നെ ഇല്ലാതാക്കി. ജനപ്രീയ പദ്ധതികള്‍ ജനങ്ങളിലെത്തിച്ച് ഉണ്ടായ കോട്ടം പരിഹരിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങളും കൂട്ടത്തില്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയും കനത്ത പ്രഹരം നല്‍കി. പരസ്യങ്ങള്‍ ഒഴിവാക്കി വാര്‍ത്തകളിലൂടെയും പൊതുയോഗങ്ങളിലൂടെയും ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നേതാക്കള്‍ സൃഷ്ടിച്ച വിവാദങ്ങളിലൂടെ ഇല്ലാതായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പക്ഷം പിടിക്കുന്നതോടെ നാലാം വാര്‍ഷികത്തിലും നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. ഇതു മറികടക്കാന്‍ നേതാക്കള്‍ പ്രത്യേക ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുന്നതിനാണു ശ്രമം.

 

Scroll To Top