Monday August 21, 2017
Latest Updates

‘നമ്മടെ കൊച്ചുപിള്ളാര് ശെരിക്കൂം ടീവീ കാണുന്നതെന്നതാ?’

‘നമ്മടെ കൊച്ചുപിള്ളാര് ശെരിക്കൂം ടീവീ കാണുന്നതെന്നതാ?’

നമ്മടെ കൊച്ചുപിള്ളാര് ശെരിക്കൂം ടീവീക്കാണുന്നതെന്നതാ?

ഏതെങ്കിലും അച്ചനുമമ്മേം ഇതേക്കുറിച്ച് ആലോചിച്ചിട്ടൊണ്ടോ? 

അതുപിന്നെ അവരു കാണുന്നത് പിള്ളാരടെ ചാനലൊക്കെയല്ലേ? അതിനാത്തൊക്കെ പിള്ളാരടെ പരിപാടിയല്ലാതെ എന്നതാ ഒള്ളത്? എന്നാരിക്കും പലര്‍ക്കും തോന്നുക.

ഒറ്റനോട്ടത്തില് സംഗതി ശരിയാണ്. പക്ഷെ,ഇതു വായിക്കുന്ന ആരെങ്കിലും ഒരു ദിവസം രണ്ടൂന്ന് മണിക്കൂറെങ്കിലും പിള്ളാര്‍ക്കൊപ്പവിരുന്ന് ഈ ചാനലുകള് ഏതെങ്കിലും കണ്ടിട്ടൊണ്ടോ?

പിന്നേ….. പിള്ളാരടെ ഒപ്പവിരുന്ന് കാര്‍ട്ടൂണും കുട്ടിപ്പരിപാടീവൊക്കെ കാണാനല്ലേ ഇവിടെ നേരം? അതിനു നേരവൊണ്ടാരുന്നേല് പിള്ളാരെ ടീവികാണാന്‍ വിടുവാരുന്നോ ?

നമ്മള് വീട്ടുകാര്യംനടത്താന്‍ പരക്കംപായുമ്പോ പിള്ളാരടെ ശല്യം ഇല്ലാതിരിക്കാന്‍ അവര്‍ക്ക് ടീവി വെച്ചുകൊടുക്കും. പ്രത്യേകിച്ചും വീട്ടില് പിള്ളാരെ നോക്കാന്‍ വേറെ ആളില്ലാത്തോര്. പടുത്തം ഒള്ള ദിവസവാണേല് രാവിലെ ഭക്ഷണം ഒണ്ടാക്കുകേം സ്‌കൂളിലേക്കൊള്ള ചോറെടുക്കുകേം ഒക്കെ ചെയ്യുമ്പം, വൈകുന്നേരം അത്താഴത്തിന് കഞ്ഞീം കറീം ഒണ്ടാക്കുമ്പം, അവധി ദിവസമാണെങ്കി പകല് ഏറെക്കൊറെ മുഴുവന്‍ സമയോം പിള്ളാരെ നമ്മള് ടീവീടെ മുന്നിലിരുത്തും. ഒള്ളതു പറഞ്ഞാ ടീവിയാണ് പിള്ളാരെ നോക്കുന്നത്. ഇതുംകുട ഇല്ലാരുന്നേല്. ഇതുങ്ങളെ എങ്ങനെ കൈകാര്യം ചെയ്‌തേനേ? ഹോ! ഓര്‍ക്കാമ്മയ്യ.

പിള്ളാര് എടയ്‌ക്കെടയ്ക്ക് വല്യോരടെ ഡയലോഗു കാച്ചുകേം പ്രായത്തിനു ചേരാത്ത സംശയങ്ങള് ചോദിക്കുകേം ചെയ്യുമ്പം നമ്മള് വണ്ടറടിക്കും. എന്റെ മോന്‍ അല്ലേല് മോള് വളരെ നേരത്തെ പക്വത നേടിയെന്നോര്‍ത്ത് ചെലര് പുളകംകൊള്ളും.

നീയൊരു സംഭവവാടാ. കുട്ടനിപ്പം ചോദിക്കുകേം പറയുകേം ചെയ്യുന്ന കാര്യങ്ങളൊക്കെ അച്ചനുമമ്മക്കും കോളേജിപ്പടിക്കുമ്പം പോലും അറിയാമ്മേലാരുന്നു. ഇതൊക്കെ എവിടുന്നു പടിച്ചെടുത്തോ ആവോ…? എന്ന് നമ്മള് ആവേശത്തോടെ ചോദിക്കുമ്പം, കുട്ടിച്ചാനലുകളില്‍ പരസ്യം കണ്ട് കൊച്ച് ആവശ്യപ്പെടുന്നതൊക്കെ മേടിച്ചുകൊടുക്കുമ്പം താനൊരു പ്രസ്താനവാണെന്ന് കരുതി കൊച്ചും ഇച്ചിര അഹങ്കരിക്കും.

ശരിക്കും പിള്ളാരെ ടീവിടെ മുന്നിലിരുത്തി നമ്മള് വീട്ടുകാര്യം നോക്കുമ്പം എന്നതാ നടക്കുന്നേ?

ഒള്ളത് പറഞ്ഞാ സംഗതി ഗുരുതരവാണ്. പിള്ളാരടെ പ്രായത്തിനു ചേരാത്ത കാര്യങ്ങളാണ് അവര് പലപ്പഴും ടീവില് കാണുകേം കേക്കുകേം ചെയ്യുന്നത്. മലയാളത്തിലേക്ക് ഭാഷമാറ്റിയ കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളും സിനിമകളുമാണ് ഏറ്റോം വലിയ പ്രശ്‌നം.

കാണുന്ന പിള്ളാരെക്കൂടി മനസ്സിലോര്‍ക്കാതെ എങ്ങനെയെങ്കിലും തല്ലിക്കൂട്ടി മലയാളത്തിലാക്കുന്ന പരിപാടികളാണ് പലതും. അതുകൊണ്ടുതന്നെ അതിന്റെ ഭാഷേക്കുറിച്ച് പറയുകേ വേണ്ട.

പിന്നെ ഇംഗ്ലീഷിലെ ചെല വാക്കുകള് പ്രത്യേകിച്ചും സിനിമകളിലെ ഡയലോഗുകടെ മലയാള പരിഭാഷ കേട്ടാല്‍ അതെഴുതിയവനെ കയ്യിക്കിട്ടീരുന്നേല്‍ എന്ന് നമ്മക്ക് തോന്നും. കുട്ടിച്ചാനലുകളിലെ ഇംഗ്ലീഷ് സിനിമകളിലെ രംഗങ്ങള് മൊത്തം നമ്മടെ പിള്ളാര്‍ക്ക് കാണാവുന്നതാണോ എന്ന് നിങ്ങള്തന്നെ കണ്ടു തീരുമാനിക്ക്.

വൈകുന്നേരം പിള്ളാരോട് ഗുസ്തിപിടിച്ച് റിമോട്ട് കൈക്കാലാക്കി വാര്‍ത്ത വെച്ചാല് മൊത്തം പീഡനം. കൊച്ചുങ്ങള് കാണുവല്ലോന്നോര്‍ത്ത് അതു മാറ്റി സീരിയലുവെച്ചാല് അവിഹിതത്തിന്റെ പെരുന്നാള്‍ പക്ഷെ, ഇതിനേക്കാളൊക്കെ വല്യ വെഷമാണ് പിള്ളാരടെ ചാനലുകള് അവര്‍ക്ക് കൊടുക്കുന്നതെന്ന് നമ്മളറിയുന്നില്ല.

ഞാനീ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നതൊക്കെ ആര്‍ക്കുവേണ്ടിയാ? കുഞ്ഞുന്നാളിത്തൊടങ്ങി പിള്ളാരോട് പല അച്ചനമ്മമാരും ചോദിക്കുന്ന കാര്യവാണിത്. പിള്ളാരെ പിടിച്ച് ടീവീടെ മുന്നിലിരുത്തീട്ട് നമ്മള് നടത്തുന്ന കഷ്ടപ്പാടെല്ലാം വേസ്റ്റാ..ഒരു സംശയോവില്ല.

(നെടുംകുന്നം നാട്ടു വിശേഷങ്ങളോട് കടപ്പാട്) 

Scroll To Top