Saturday March 24, 2018
Latest Updates

അര്‍ദ്ധരാത്രിയില്‍ അട്ടിമറി:തുര്‍ക്കി സൈന്യത്തില്‍ നിന്നും തിരിച്ചു പിടിച്ചെന്ന് സര്‍ക്കാര്‍,181 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു ,2800 പട്ടാളക്കാര്‍ അറസ്റ്റില്‍

അര്‍ദ്ധരാത്രിയില്‍ അട്ടിമറി:തുര്‍ക്കി സൈന്യത്തില്‍ നിന്നും തിരിച്ചു പിടിച്ചെന്ന് സര്‍ക്കാര്‍,181 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു ,2800 പട്ടാളക്കാര്‍ അറസ്റ്റില്‍

അങ്കാറ:സര്‍ക്കാരിനെതിരെയുള്ള കലാപം അടിച്ചൊതുക്കിയെന്ന് ടര്‍ക്കിഷ് സര്‍ക്കാര്‍ .ഇസ്താംബൂളില്‍ നിന്ന് സൈന്യത്തിന് നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു എന്നാണ് പുതിയ വിവരങ്ങള്‍. പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പോരാടുന്ന കാഴ്ചയാണ് അട്ടിമറി വാര്‍ത്തകള്‍ക്ക് പിന്നാലെ പുറത്ത് വരുന്നത്.
പട്ടാള അട്ടിമറി ജനം ചെറുത്തു തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് തുര്‍ക്കിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങള്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചതായും ചിലര്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പ്രത്യേക പാര്‍ലമെന്റ് യോഗവും വിളിച്ചിട്ടുണ്ട്.

ഏറ്റുമുട്ടലുകള്‍ക്കിടെ സാധാരണക്കാര്‍ ഉള്‍പ്പെടെ 194 പേര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. എന്നാല്‍ മരണം 200 കവിയുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ഇന്നലെ അര്‍ധരാത്രിയോടെയാണ് അട്ടിമറിശ്രമത്തിന് സൈന്യത്തിലെ ഒരുവിഭാഗം നീക്കം നടത്തിയത്. പ്രധാന നഗരങ്ങളായ അങ്കാറയിലും ഇസ്താംബൂളിലുമാണ് സൈന്യം നിയന്ത്രണം ഏറ്റെടുത്തത്. ജനങ്ങളുടെ അവകാശവും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടി അധികാരം പിടിച്ചടക്കേണ്ടിയിരിക്കുന്നു എന്നാണ് സൈന്യം വിശദീകരണം നല്‍കിയത്. പിന്നാലെ പുലര്‍ച്ചെ രണ്ട്മണിയോടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതായി ഓദ്യോഗിക ചാനലില്‍ കൂടി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ജനങ്ങളോട് തെരുവിലിറങ്ങി തന്ത്രപ്രധാന സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതനുസരിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് നേരെ സൈന്യം നിറയൊഴിച്ചു. ഇതോടെ തുര്‍ക്കിയില്‍ സൈന്യത്തിനെതിരെ പ്രതിഷേധം വ്യാപകമായി. നിലവിലെ സൈനിക നേതൃത്വം അട്ടിമറി ശ്രമത്തെ പിന്തുണയ്ക്കുന്നില്ല. സൈനിക മേധാവികളെ തടവിലാക്കിയതിനു ശേഷമാണ് ഒരുവിഭാഗം അട്ടിമറി നീക്കം നടന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ ഇസ്താംബൂളിലെത്തിയ പ്രസിഡന്റ് എര്‍ദോഗന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഈ സമയത്ത് ഇസ്താംബൂളില്‍ വന്‍ സൈനിക സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ എര്‍ദോഗന് പിന്തുണയുമായെത്തിയ ജനക്കൂട്ടം സൈന്യത്തെ നിഷ്‌ക്രിയരാക്കി.

സുപ്രീം മിലിട്ടറി കൗണ്‍സിലിന്റെ യോഗം ചേരാനിരിക്കെയാണ് അട്ടിമറി ശ്രമം നടന്നത് എന്നത് ദുരൂഹത ഉണര്‍ത്തുന്ന കാര്യമാണ്. അട്ടിമറിക്ക് നേതൃത്വം നല്‍കിയവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈനിക അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മത നേതാവായ ഫെത്തുള്ള ഗുലെനാണെന്ന ആരോപണവും എര്‍ദോഗന്‍ ഉന്നയിച്ചിട്ടുണ്ട്.
അട്ടിമറിക്ക് പിന്നാലെ തുര്‍ക്കിയില്‍ സൈനിക നിയമം പ്രഖ്യാപിക്കുകയും പ്രധാനപ്പെട്ട വിമാനത്താവളങ്ങള്‍ അടയ്ക്കുകയും ചെയ്തു. അട്ടിമറി പൂര്‍ണമാണോ എന്ന ആശങ്കയ്ക്കിടെ ശ്രമം പരാജയപ്പെടുത്തിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ അങ്കാറയില്‍ പോലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. പോലീസിനൊപ്പം ജനങ്ങളും സൈന്യത്തിനെ നേരിടുന്നുണ്ട്. തുര്‍ക്കിയിലെ ആഭ്യന്തര പ്രതിസന്ധിയില്‍ ഐക്യരാഷ്ട്രസഭ ഇടപെട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

Scroll To Top