Friday January 19, 2018
Latest Updates

റഷ്യക്കെതിരെ അമേരിക്ക,ടര്‍ക്കിക്ക് പിന്തുണ കൊടുത്ത് 28 നാറ്റോ രാജ്യങ്ങളുടെ സമ്മേളനം 

റഷ്യക്കെതിരെ അമേരിക്ക,ടര്‍ക്കിക്ക് പിന്തുണ കൊടുത്ത് 28 നാറ്റോ രാജ്യങ്ങളുടെ സമ്മേളനം 

ഡബ്ലിന്‍:സിറിയന്‍ അതിര്‍ത്തിയില്‍ ടര്‍ക്കിയുടെ ഫൈറ്റര്‍ ജെറ്റ് റഷ്യന്‍ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയ സംഭവത്തില്‍ റഷ്യക്കെതിരെ പ്രസിഡണ്ട് ഒബാമയുടെ വിമര്‍ശനം. ടര്‍ക്കിയുടെ ഭൂപ്രദേശവും ആകാശപ്പരപ്പും പ്രതിരോധിക്കാനുള്ള അവകാശം ടര്‍ക്കിക്കുണ്ടെന്നാണ് സംഭവത്തില്‍ ഒബാമയുടെ പ്രതികരിച്ചത്. തങ്ങളുടെ രാജ്യപരിധിയില്‍ റഷ്യന്‍ വിമാനം അതിക്രമിച്ചു കയറിയെന്നാണ് ടര്‍ക്കി അവകാശപ്പെടുന്നത്. 

എന്നാല്‍ വിമാനം സിറിയന്‍ ആകാശപ്പരപ്പില്‍ തന്നെയാണെന്ന് തെളിയിക്കാന്‍ കഴിയുമെന്ന നിലപാടിലുറച്ചാണ് റഷ്യ.ടര്‍ക്കി തങ്ങളെ പിന്നില്‍ നിന്നും കുത്തുന്ന രീതിയാണ് സ്വീകരിച്ചത് എന്ന് റഷ്യന്‍ പ്രസിഡണ്ട് പ്രതീകരിച്ചു .

രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സംഭവത്തില്‍ നാറ്റോ അടിയന്തര ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ്. റഷ്യന്‍ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നതിനെതിരെ പലതവണ ടര്‍ക്കി മുന്നറിയിപ്പ് നല്കിയതാണ്.1950ന് ശേഷം ആദ്യമായാണ് നാറ്റോയിലെ അംഗത്വമുള്ള സേന റഷ്യന്‍/ സോവിയറ്റ് യൂണിയന്റെ വിമാനം തകര്‍ക്കുന്നത്. തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള ശീതയുദ്ധത്തിനു തീവ്രത കൂടിയിരിക്കുകയാണ്.

ഈ സംഭവം റഷ്യടര്‍ക്കി ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയതായും ഭീകരമായ പരിണിതഫലം ഉണ്ടാകുമെന്നും പ്രസിഡന്റ് വല്‍ഡിമര്‍ പുട്ടിന്‍ മുന്നറിയിപ്പ് നല്കി. അതിര്‍ത്തി നിയമം ലംഘിച്ചാല്‍ അതിനെതിരെ എല്ലാ വിധത്തിലുള്ള നടപടികളും സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ടര്‍ക്കിഷ് പ്രധാനമന്ത്രി അഹമെറ്റ് ഡവുടോ പറഞ്ഞു.

ഇതിനിടെ വെടിവെച്ചിട്ട റഷ്യന്‍ യുദ്ധവിമാനത്തിലെ പൈലറ്റുമാര്‍ക്കായി തിരിച്ചില്‍ നടത്തുന്ന റഷ്യന്‍ ഹെലികോപ്റ്ററിന് നേരെ വിമത സേനയുടെ ആക്രമണം ഉണ്ടായി. ഒരു റഷ്യന്‍ മറീന്‍ കൊല്ലപ്പെട്ടു. വിമാനം തകര്‍ന്നുവീണയിടത്ത് തിരച്ചില്‍ നടത്തുകയായിരുന്ന റഷ്യന്‍ ഹെലികോപ്റ്ററിന് നേരെയാണ് സിറിയന്‍ വിമത സേന വെടിയുതിര്‍ത്തത്. യുദ്ധവിമാനം വെടിവെച്ചിട്ടതിനെ തുടര്‍ന്ന് പാരച്യൂട്ടില്‍ രക്ഷപ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാളെ ഇന്നലെ വിമതസേന വധിച്ചിരുന്നു. മറ്റൊരാളെ ഉതുവരെ കണ്ടെത്താനായിട്ടില്ല.

തിരച്ചിലിനിടെ റഷ്യയുടെ എംഐ8 ഹെലികോപ്റ്ററിന് നേരെയാണ് വിമത സേന തോക്കുപയോഗിച്ച് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ വിജനമായ സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയെങ്കിലും മോര്‍ട്ടാര്‍ ആക്രമണത്തില്‍ അത് തകര്‍ന്നതായും ഒരു മറീന്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന രണ്ട് ഹെലികോപ്റ്ററുകളും പ്രദേശത്തു നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

ഹെലികോപ്റ്റര്‍ ആന്റി ടാങ്ക് മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതായി വിമത സേനയും അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു.പ്രശ്‌നം രൂക്ഷമാകാതിരിക്കുന്നതിനായി ബ്രസല്‍സിലെ അടിയന്തര മീറ്റിംഗിനു പിന്നാലെ ഇന്നലെ ടര്‍ക്കിഷ് തലസ്ഥാനമായ അങ്കാറയില്‍ നാറ്റോ (നോര്‍ത്ത് അത്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍)അംബാസഡറുമാരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത 28 നാറ്റോ നയതന്ത്രപ്രതിനിധികള്‍ റഷ്യയ്‌ക്കെതിരെ കാര്യമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.എങ്കിലും അംഗരാജ്യമായ തുര്‍ക്കിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും നാറ്റോ സഖ്യരാഷ്ട്രമെന്ന നിലയില്‍ തുര്‍ക്കിയുടെ ഭൂപരമായ താല്‍പര്യങ്ങളെ പിന്തുണയ്ക്കുന്നതായും നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞു.. രാജ്യാതിര്‍ത്തിക്ക് പുറത്തുകൂടി പോകുന്ന റഷ്യന്‍ യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യം ടര്‍ക്കിക്ക് ഇല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

നാറ്റോ സഖ്യത്തില്‍ ഭിന്നിപ്പ് രൂക്ഷമാക്കുന്നതായും വാര്‍ത്തകളുണ്ട്.അമേരിക്ക,ജര്‍മ്മിനി,യൂ. കെ,കാനഡ എന്നിവയും താരതമ്യേനെ ചെറിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും 28 അംഗ നാറ്റോയില്‍ അംഗമാണെങ്കിലും അയര്‍ലണ്ട് സഖ്യത്തിലില്ല.

Scroll To Top