Friday December 02, 2016
Latest Updates

അട്ടിമറി ശ്രമം: തുര്‍ക്കിയില്‍ 1,000ലേറെ സ്‌കൂളുകള്‍ അടച്ചുപൂട്ടി; പൊലീസിന് കൂടുതല്‍ അധികാരം

അട്ടിമറി ശ്രമം: തുര്‍ക്കിയില്‍ 1,000ലേറെ സ്‌കൂളുകള്‍ അടച്ചുപൂട്ടി; പൊലീസിന് കൂടുതല്‍ അധികാരം

ഡബ്ലിന്‍:പ്രസിഡണ്ട് റിസപ് തയ്യിപ് എര്‍ദോഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ നടന്ന പട്ടാള അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് കര്‍ശന നിലപാടുകളുമായി തുര്‍ക്കി. 1,000ഓളം സ്വകാര്യ സ്‌കൂളുകളാണ് സര്‍ക്കാര്‍ ഉത്തരവു പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചുപൂട്ടിയത്. അട്ടിമറിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ നാല് മുതല്‍ ഒരു മാസം വരെ അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ വയ്ക്കാം എന്ന തരത്തില്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 15ന് രാത്രി നടന്ന അട്ടിമറി ശ്രമത്തെ ജനം ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നു. പ്രസിഡന്റ് രാജ്യത്ത് മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം നിരോധിച്ച വധശിക്ഷ വീണ്ടും നിയമമാക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തെ യൂറോപ്യന്‍ യൂണിയന്‍ എതിര്‍ത്തു. അത് തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാനുള്ള ശ്രമത്തിന് മങ്ങലേല്‍പ്പിക്കുമെന്നും ഇയു മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇതിനെതിരെ തിരിച്ചടിച്ച എര്‍ദോഗാന്‍ ഇയു പക്ഷപാതപരവും മുന്‍വിധി നിറഞ്ഞതുമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് വിമര്‍ശനമുയര്‍ത്തി. യൂണിയനില്‍ അംഗത്വം നേടാനായി കഴിഞ്ഞ 53 വര്ഷമായി തുര്‍ക്കിയെ ഇയു കാത്തു നിര്‍ത്തുകയാണെന്നും, മറ്റൊരു രാജ്യവും ഇത്രയും ദുരിതങ്ങള്‍ സഹിച്ചിട്ടുണ്ടാകില്ല എന്നും എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു.

യുഎസിലെ പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന ഇസ്ലാമിക പണ്ഡിതന്‍ ഫെത്തുല്ല ഗുലനാണ് അട്ടിമറിക്ക് ചരടുവലിച്ചത് എന്നാണ് എര്‍ദോഗാന്റെ ആരോപണം. എര്‍ദോഗാന്റെ കടുത്ത വിമര്‍ശകനാണ് ഗുലന്‍. അതേസമയം വ്യക്തമായ തെളിവു നല്‍കിയാല്‍ മാത്രം ഗുലനെ വിട്ടു നല്‍കാം എന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. അട്ടിമറി ശ്രമത്തെക്കുറിച്ച് യുഎസ് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു എന്ന ആരോപണം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

അട്ടിമറിയെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ 246 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Scroll To Top