Friday July 21, 2017
Latest Updates

തുര്‍ക്കിയില്‍ ഭരണഘടനാ ഭേദഗതി പാസായി, ഇനി പ്രസിഡന്‍ഷ്യല്‍ ഭരണക്രമം

തുര്‍ക്കിയില്‍ ഭരണഘടനാ ഭേദഗതി പാസായി, ഇനി പ്രസിഡന്‍ഷ്യല്‍ ഭരണക്രമം

ഇസ്താംബൂള്‍: തുര്‍ക്കിയുടെ ചരിത്രം തിരുത്തിക്കുറിച്ച്, രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിന് ജനങ്ങളുടെ അംഗീകാരം. പാര്‍ലമെന്ററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്റ ഭരണഘടന ഭേദഗതി നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 51.3 ശതമാനം ആളുകളാണ് ഭേദഗതിയെ അനുകൂലിച്ചത്.

ആദ്യ 50 ശതമാനം വോട്ടുകളെണ്ണിയപ്പോള്‍ 86 ശതമാനം ‘യെസ്’ വോട്ടുകള്‍ ലഭിച്ചുവെങ്കിലും പിന്നീട് ഭൂരിപക്ഷം ചുരുങ്ങുകയായിരുന്നു.ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണകക്ഷി വിജയം അവകാശപ്പെട്ടു. രാജ്യം ചരിത്രപരമായ തീരുമാനമെടുത്തെന്ന് എര്‍ദോഗന്‍ അവകാശപ്പെട്ടപ്പോള്‍, ഈ വിജയം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും രാജ്യത്തിന്റെ ശത്രുക്കള്‍ക്കുമുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി ബിനാലിയില്‍ദിരിം പറഞ്ഞു.

രാജ്യത്തെ 167,140 പോളിംഗ് സ്റ്റേഷനുകളിലായി 5.5 കോടി ആളുകളാണ് ഹിതപരിശോധനയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. പുതിയ ഭരണഘടന വരുന്നതിനോട് സമ്മതമാണോ അല്ലയോ എന്ന ചോദ്യങ്ങള്‍ മാത്രമാണ് ബാലറ്റ് പേപ്പറിലുണ്ടായിരുന്നത്.

രാജ്യത്തെ സുസ്ഥിരവും വികസിതവുമാക്കി മാറ്റുമെന്ന വാഗ്ദാനമാണ് പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഹിതപരിശോധനയില്‍ എര്‍ദോഗന് അനുകൂലമായതോടെ 2029 വരെ ഇദ്ദേഹത്തിന് പ്രസിഡന്റായി തുടരാം. പാര്‍ലമെന്റിന്റെ അനുമതി കൂടാതെ ബജറ്റ് അവതരിപ്പിക്കാനും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പിന്‍വലിക്കാനും നിര്‍ദിഷ്ട ഭരണഘടന തുര്‍ക്കി പ്രസിഡന്റിന് അനുമതി നല്‍കുന്നു. മന്ത്രിമാര്‍ എടുക്കുന്ന തീരുമാനങ്ങളെ മറികടക്കാനും പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭരണഘടനാ ഭേദഗതി.

Scroll To Top