Friday May 25, 2018
Latest Updates

ജനം തോല്‍പ്പിച്ച പട്ടാള വിപ്ലവം:തുര്‍ക്കിയില്‍ കഴിഞ്ഞ രാത്രി സംഭവിച്ചത്

ജനം തോല്‍പ്പിച്ച പട്ടാള വിപ്ലവം:തുര്‍ക്കിയില്‍ കഴിഞ്ഞ രാത്രി സംഭവിച്ചത്

1923ല്‍ ടര്‍ക്കി എന്ന രാജ്യം രൂപീകരിച്ച ശേഷം മൂന്നാം തവണ രാജ്യത്തിന്റെ അധികാരം പട്ടാളം പിടിച്ചെടുത്തിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് ലോകത്തെ കഴിഞ്ഞ രാത്രിയില്‍ ഞെട്ടിച്ചുകളഞ്ഞു.. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ തൂത്തെറിയാനാണ് തങ്ങളുടെ തീരുമാനമെന്ന് മുതര്‍ന്ന സൈനികോദ്യോഗസ്ഥര്‍ വ്യക്തമാക്കിയ വാര്ത്ത യൂറോപ്പില്‍ ആകെ ഭീതി പരത്തി. എന്നാല്‍ പട്ടാള അട്ടിമറി വിജയിച്ചിട്ടില്ലെന്നും, രാജ്യം സര്‍ക്കാരിന്റെ ഭരണത്തില്‍ തന്നെയാണെന്നും ടര്‍ക്കിഷ് സര്‍ക്കാരിന്റെ ഉന്നതവൃത്തങ്ങളും പുലര്‍ച്ചയോടെ അറിയിച്ചതോടെ യൂറോപ്യന്‍ ഭരണാധികാരികള്‍ക്കും തെല്ലാശ്വാസമായി.

പൊതുഗതാഗതം, വിവരസാങ്കേതികവിദ്യ, രാജ്യത്തിന്റെ ഔദ്യോഗിക പ്രക്ഷേപണ കേന്ദ്രം എന്നിവിടങ്ങളിലെല്ലാം സൈനികര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സ്ഥിതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇതിന്റെയെല്ലാം തുടക്കം. ഇതിന്റെ ഭാഗമായി അങ്കാറ, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍ സൈനിക ഓപ്പറേഷനുകള്‍ നടക്കുകയും ചെയ്തു. ഇസ്താംബുളിലേയ്ക്കും പുറത്തേയ്ക്കും ഗതാഗതം നിരോധിച്ചുകൊണ്ട് ബോസ്ഫോറസിലെ പാലങ്ങള്‍ സൈന്യം അടച്ചു. അങ്കാറയില്‍ സൈനിക ജെറ്റുകള്‍ പറന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.

രാത്രി ഏകദേശം 9.30ഓടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം, സൈന്യത്തിലെ ഒരു വിഭാഗം അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി അറിയിച്ചു. എന്നാല്‍ കുറച്ചു സമയത്തിനു ശേഷം രാജ്യത്തിന്റെ ഔദ്യോഗിക പ്രക്ഷേപണ കേന്ദ്രമായ ടിആര്‍ടിയില്‍ സൈന്യം ഇങ്ങനെ പ്രസ്താവന നടത്തി:
‘താറുമാറായിക്കിടക്കുന്ന ഭരണഘടന, മനുഷ്യാവകാശം, സ്വാതന്ത്ര്യം, നിയമം, സുരക്ഷ എന്നിവ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ അധികാരം സൈന്യം പിടിച്ചെടുത്തിരിക്കുന്നു.’
രാജ്യത്തിന്റെ തന്ത്രപ്രധാനഭാഗങ്ങളിലെല്ലാം സൈന്യം നിലയുറപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ 17 പൊലീസുകാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സൈനിക അട്ടിമറിയെ പിന്തുണച്ചും, എതിര്‍ത്തും നിരവധി പേര്‍ തെരുവിലിറങ്ങിയിട്ടുമുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നീ നവമാധ്യമങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

അതേസമയം സൈന്യത്തിലെ എത്ര പേര്‍ അട്ടിമറിക്ക് പിന്നിലുണ്ട്, ആരാണ് ഇവരെ നയിക്കുന്നത് തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറുകയും, അട്ടിമറിക്കെതിരെ രംഗത്തിറങ്ങാന്‍ ജനങ്ങളോട് ഫേസ്ടൈമിലൂടെ ആഹ്വാനം ചെയ്തിരിക്കുകയുമാണ്. ഇന്നല്ലെങ്കില്‍ നാളെ അട്ടിമറി ശ്രമം പരാജയപ്പെടുമെന്നും ഈ വീഡിയോയില്‍ അദ്ദേഹം പറയുന്നു.

എന്തായാലും പ്രസിഡണ്ടിന്റെ ആഹ്വാനം സ്വീകരിച്ചെത്തിയ ആയിരക്കണക്കിന് ജനങ്ങള്‍ തുര്‍ക്കിയെ സൈന്യത്തില്‍ നിന്നും രക്ഷിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

Scroll To Top