Monday December 05, 2016
Latest Updates

സ്ഥിതി വഷളാകുന്നു: തുര്‍ക്കിയില്‍ 3 മാസത്തെ അടിയന്തരാവസ്ഥ

സ്ഥിതി വഷളാകുന്നു: തുര്‍ക്കിയില്‍ 3 മാസത്തെ അടിയന്തരാവസ്ഥ

ഇസ്താംബുല്‍:പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണം കൈക്കലാക്കാന്‍ ശ്രമം നടന്ന തുര്‍ക്കിയില്‍ പ്രസിഡന്റ് റിസപ് തയ്യിപ് എര്‍ദോഗാന്‍ 3 മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നതിനായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന അട്ടിമറി ശ്രമത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നു.

രാജ്യം അഭിമുഖീകരിക്കുന്ന തീവ്രവാദത്തെ ചെറുക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കി. എങ്കിലും ജനാധിപത്യം പുലരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

അതേസമയം തുര്‍ക്കിയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നവര്‍ വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുറം രാജ്യങ്ങളിലുള്ളവര്‍ ഉടന്‍ തിരിച്ചെത്തണമെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തുള്ള പലരും അട്ടിമറിക്ക് പിന്തുണ നല്‍കി എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. യുഎസിലെ പെന്‍സില്‍വാനിയയില്‍ താമസമാക്കിയ മതപണ്ഡിതന്‍ ഫെത്തുല്ല ഗുലന്‍ ആണ് അട്ടിമറിക്ക് പിന്നില്‍ എന്നാണ് തുര്‍ക്കിയുടെ ആരോപണം. എന്നാല്‍ ഗുലന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

ഗുലനുമായി ബന്ധമുണ്ടെന്ന് സംശയത്തിന്റെ പേരില്‍ ഇന്നലെ 900 പൊലീസുകാരെ തലസ്ഥാനമായ അങ്കാറയില്‍ സസ്പെന്‍ഡ് ചെയ്തു.

Scroll To Top