Sunday August 20, 2017
Latest Updates

അഡ്വ.ജോളിയുടെ വിയോഗത്തില്‍ കണ്ണീര്‍പൊഴിച്ച് തുള്ളാമോറിലെ മലയാളി സമൂഹം,’നഷ്ട്ടപ്പെട്ടത് ജ്യേഷ്ഠ സഹോദരനെ’

അഡ്വ.ജോളിയുടെ വിയോഗത്തില്‍ കണ്ണീര്‍പൊഴിച്ച് തുള്ളാമോറിലെ മലയാളി സമൂഹം,’നഷ്ട്ടപ്പെട്ടത് ജ്യേഷ്ഠ സഹോദരനെ’

തുള്ളാമോര്‍:ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് തുള്ളാമോറില്‍ ആ വാര്‍ത്തയെത്തിയത്.തുള്ളാമോര്‍ ആശുപത്രിയിലെ ഡയാലസീസ് യൂണിറ്റിലേയ്ക്കായിരുന്നു ആ ഫോണ്‍ സന്ദേശം.തുള്ളാമോറില്‍ നിന്നുള്ള ആരോ ഒരാള്‍ തൊടുപുഴയില്‍ അപകടത്തില്‍ പെട്ട് ഗുരുതരമായ നിലയിലാണ്.ഫോണ്‍ സന്ദേശം ലഭിച്ചയാള്‍ക്ക് കൂടുതല്‍ ഒന്നും ചോദിക്കാനാവുന്നതിനു മുമ്പേ ഫോണ്‍ കട്ടായി.

ഡയാലസീസ് യൂണിറ്റില്‍ നിന്നും ലഭിച്ച സംഭ്രമകജനകമായ ആ വാര്‍ത്ത തുള്ളാമോറിലെ മലയാളികളെ അക്ഷരാര്‍ഥത്തില്‍ ആശങ്കയിലാഴ്ത്തി.ഏതാനം മിനുട്ടുകള്‍ക്കകം അപകടം സ്ഥിരീകരിച്ച് അടുത്ത ഫോണും എത്തി.’ജോളി ചേട്ടനാണ് അപകടം.പറ്റിയിരിക്കുന്നത്.ഗുരുതരമാണ്’

ഒരു കുടുംബം പോലെ കഴിയുന്നവരാണ് തുള്ളാമോറിലെ മലയാളി സമൂഹം.ആകെ ഇരുപതോളം മലയാളി കുടുംബങ്ങളെ ഇവിടെയുള്ളൂ എന്നത് അവരുടെ ബന്ധം ഗാഡമാക്കി.പരസ്പരം ആശങ്കകള്‍ കൈമാറി അവര്‍ തീരുമാനിച്ചു.’നമ്മുക്ക് പ്രാര്‍ഥിക്കാം ,അതിനല്ലേ കഴിയു?’ ഷോബിന്‍ 

ഇതിനിടെ നാട്ടിലേയ്ക്ക് ഫോണ്‍ വിളിച്ചു വിവരങ്ങള്‍ അറിഞ്ഞു കൊണ്ടിരുന്നു.ബീറില്‍ നിന്നും നാട്ടിലേയ്ക്ക് പോയിരുന്ന ഷോബിനെ വിവരം അറിയിച്ചു.കോലഞ്ചേരിയില്‍ എത്തിയ ഷോബിന്‍ വിവരങ്ങള്‍ അപ്പോഴപ്പോള്‍ തുള്ളാമോറില്‍ അറിയിച്ചു കൊണ്ടിരുന്നു.നാട്ടില്‍ അഞ്ചു മണിയായപ്പോള്‍ ഷോബിന്‍ തുള്ളാമോറിലേയ്ക്ക് വിളിച്ചു.’ജോളിചേട്ടനെ സര്‍ജറിയ്ക്ക് കേറ്റുകയാണ്.’പിന്നെ ഒരു നിശബ്ദത.’കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് തോന്നുന്നു.

ആ സമയം തുള്ളാമോറിലെ ജോളിയുടെ വീട്ടില്‍തന്നെ ചെന്ന് പ്രാര്‍ഥിക്കുവാന്‍ അവര്‍ തീരുമാനിച്ചു.ജോളിയും കുടുംബവും നാട്ടില്‍ പോയപ്പോള്‍ താക്കോല്‍ അടുത്ത വീട്ടില്‍ കൊടുത്തിട്ടാണ് പോയിരുന്നത്.നൊടിയിടിയ്ക്കുള്ളില്‍ ആ കൊച്ചു സമൂഹത്തിലെ എല്ലാ വീടുകളില്‍ നിന്നും ജോലിയ്ക്ക് പോയവര്‍ ഒഴികെയുള്ളവര്‍ അവിടെയെത്തി.പ്രാര്‍ഥന തുടങ്ങി അല്‍പ്പം കഴിയും മുമ്പേ വീണ്ടും ഫോണ്‍ റിംഗ് ചെയ്തു.ആശങ്കയോടെ ഫോണ്‍ അറ്റന്റ് ചെയ്യവേ അവര്‍ ആ ദുരന്തവാര്‍ത്ത ഏറ്റുവാങ്ങാന്‍ തയാറായി.

ജോളിചേട്ടന്‍ അവര്‍ക്കെല്ലാം തന്നെ ഒരു മൂത്ത ജേഷ്ഠനെ പോലെയായിരുന്നു.തുള്ളാമോര്‍ സമൂഹത്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടു നില്‍ക്കുന്നവരില്‍ ഒരാള്‍.തുള്ളാമോറിലെ ആദ്യ മലയാളികളില്‍ ഒരാള്‍.പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ ആയാലും ഓണാഘോഷം പോലെയുള്ള പൊതു പരിപാടികള്‍ ആയാലും ആദ്യാവസാനം ജോളിചേട്ടനും കുടുംബവും ഉണ്ടാവും.ജൂനിയര്‍ ഇന്ഫന്റ്‌സില്‍ പഠിക്കുന്ന ആല്‍ബെര്‍ട്ടും ആറാം ക്ലാസുകാരിയായ അന്നയും അപ്പന്റെ കൂടെയുണ്ടാവും എപ്പോഴും.ഓണം ആഘോഷിക്കാനായി നാട്ടില്‍ നില്‍ക്കാതെ തുള്ളാമോറിലെ ‘മലയാളി കുടുംബത്തോടൊപ്പം’ഓണം ആഘോഷിക്കാനായിരുന്നു ജോളി തീരുമാനിച്ചിരുന്നത്.ഓഗസ്റ്റ് 18 ന് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്.പക്ഷേ വിധി അദ്ദേഹത്തെ സ്വര്‍ഗത്തിലെ വിരുന്നുണ്ണാന്‍ നേരത്തെ കൂട്ടികൊണ്ട് പോയി.

ആര്‍ക്കും ഒന്നും സംസാരിക്കാന്‍ പോലുമായില്ല.ജോളിചേട്ടന്‍ തുള്ളാമോര്‍കാര്‍ക്ക് അത്ര പ്രിയപ്പെട്ടവനായിരുന്നു. ആശുപത്രികളില്‍ ജോലിയില്‍ ഉണ്ടായിരുന്ന തുള്ളാമോര്‍ മലയാളികള്‍ ഒന്നടങ്കം വൈകിട്ട് അഞ്ചരയോടെ തന്നെ ജോലി നിര്‍ത്തി വീടുകളില്‍ എത്തി.സ്വന്തം വീട്ടില്‍ ഒരു മരണം നടന്നാല്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവരെല്ലാം കണ്ണീരിലായിരുന്നു.

ഏഴുമണിയോടെ പോര്‍ട്ട്‌ലീഷില്‍ നിന്നും ഫാ, ജോര്‍ജ് അഗസ്റ്റ്യന്‍ എത്തി.വീണ്ടും എല്ലാവരും ജോളിയുടെ വീട്ടിലേയ്ക്ക് പോയി.തുള്ളാമോറിലെ ഇന്ത്യന്‍ സമൂഹം മുഴുവന്‍ അവിടെയുണ്ടായിരുന്നു.അച്ചന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയും ഒപ്പീസും നടത്തി.ആശ്വാസവാക്കുകളില്‍ ഫാ.ജോര്‍ജ്, ജോളിചേട്ടന്റെ നന്മയുള്ള ഓര്‍മ്മകളെ വീണ്ടും ഉണര്‍ത്തി.
വീണ്ടും പ്രാദേശിക ദേവാലയത്തിലെ വികാരിയച്ചനും എത്തി.പള്ളിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ജോളി ചേട്ടനെ അനുസ്മരിച്ച് ഇടവകാ സമൂഹം ഒന്നാകെ തിങ്കളാഴ്ച്ച 12 മണിയ്ക്ക് ബലിയര്‍പ്പിക്കാം എന്ന് തീരുമാനിച്ചു.

തുള്ളാമോറില്‍ നിന്നുള്ള നാല് കുടുംബങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ അവധിക്കായി ഉള്ളത്.ഇവരും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി മലയാളികളും വിവരമറിഞ്ഞു മൂവാറ്റുപുഴയിലും മൂലമറ്റത്തും എത്തിയിരുന്നു.
ഇന്ന് രാവിലെ പ്രശസ്ത ഫോട്ടോഗ്രാഫറും .തുള്ളാമോറിലെ ജോളിയുടെ അയല്‍വാസിയുമായ എ എന്‍ അനില്‍കുമാറും,ഭാര്യ സന്ധ്യയും മൂലമറ്റത്തെ ലൂസിയുടെ വീട്ടില്‍ എത്തി ദുഃഖത്തില്‍ പങ്കുചേര്‍ന്നു.സങ്കടക്കടലില്‍ ആയിരുന്നു കുടുംബം ഒന്നാകെ എന്ന് അനില്‍കുമാര്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.ലൂസിയുടെ വിദേശത്തുള്ള മറ്റു സഹോദരങ്ങള്‍ എല്ലാം തന്നെ കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ ഉണ്ടായിരുന്നു.തിരിച്ചു ജോലിസ്ഥലങ്ങളിലേയ്ക്ക് പോയവര്‍ ദുരന്ത വാര്‍ത്ത അറിഞ്ഞു തിരിച്ചു വരുന്നുണ്ട്.

ജോളിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങള്‍ ലൂസി, അനില്‍കുമാറിനെയും ഭാര്യയേയും ഏല്‍പ്പിച്ചിട്ടുണ്ട്.’ഏറ്റവും നല്ലതു പോലെ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഒരുക്കിയേ കൊണ്ട് വരാവുള്ളു അനിലേ’..കണ്ണീര്‍ പൊഴിച്ച് പ്രിയതമനെ കാത്തിരിക്കുകയാണ് ലൂസിയും മക്കളും.

ഭൂമിയില്‍ ഈ തുള്ളാമോറുകാരാവും ജോളിച്ചേട്ടനെ ഏറെ സ്‌നേഹിച്ചിരുന്നത് എന്ന് തോന്നും ഇവരുടെ ദുഃഖം കണ്ടാല്‍. അത്രമേല്‍ സങ്കടമാണ് തുള്ളാമോറില്‍ പെയ്തിറങ്ങുന്നത്.

തങ്ങളുടെ പ്രീയപ്പെട്ട ജോളിചേട്ടന്റെ ആത്മശാന്തിയ്ക്കായി അടുത്ത വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഫാ.ജോസ് ഭരണികുളങ്ങരയുടെ കാര്‍മികത്വത്തിലും തുള്ളാമോറില്‍ ദിവ്യബലിയും അനുസ്മരണ ശിശ്രൂഷകളും ഒരുക്കിയിട്ടുണ്ട്.

റെജി സി ജേക്കബ് 

Scroll To Top