Saturday January 20, 2018
Latest Updates

ആപ്പിള്‍ അടക്കമുള്ള കമ്പനികളെ അമേരിക്കയിലേയ്ക്ക് തിരിച്ചു പിടിക്കാനൊരുങ്ങി ട്രംപിന്റെ ഉപദേശക സംഘം,ഭീതിയോടെ യൂറോപ്പ്യന്‍ യൂണിയന്‍

ആപ്പിള്‍ അടക്കമുള്ള കമ്പനികളെ അമേരിക്കയിലേയ്ക്ക് തിരിച്ചു പിടിക്കാനൊരുങ്ങി ട്രംപിന്റെ ഉപദേശക സംഘം,ഭീതിയോടെ യൂറോപ്പ്യന്‍ യൂണിയന്‍

ഡബ്ലിന്‍:അമേരിയ്ക്കയിലെ പുതിയ ഭരണകൂടം ടാക്സ് നവീകരണപ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ ഉടമസ്ഥതയിലുള്ള കമ്പനികളെ തിരികെ സ്വന്തം രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ ഉറപ്പാണെന്ന് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്റ്റീഫന്‍ മൂര്‍.

അയര്‍ലണ്ട് മാത്രമല്ല,കാനഡയിലും ജര്‍മ്മിനിയിലും ഫ്രാന്‍സിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ കമ്പനികളെ തിരിച്ചെത്തിക്കുക വഴി അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടക്കാനുള്ള നടപടികള്‍ ഉണ്ടാകും.അദ്ദേഹം വ്യക്തമാക്കി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അയര്‍ലണ്ട് അടക്കമുള്ള പല രാജ്യങ്ങളും ആശങ്കയിലാണ്. കടുത്ത ദേശീയ വാദിയും, വംശീയ വാദിയുമായ ട്രംപിന്റെ ഭരണം തങ്ങളെ എത്തരത്തിലാകും ബാധിക്കുക എന്നാണ് ഇവര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ആദ്യമായി അയര്‍ലണ്ടില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളെയാകും ട്രംപിന്റെ ഭരണം ബാധിക്കുക. അമേരിക്കന്‍ കമ്പനികളിലെ ജോലി അമേരിക്കക്കാര്‍ക്കു തന്നെ ലഭിക്കും എന്ന് ട്രംപ് പ്രചാരണത്തിനിടെ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി, അമേരിക്കയ്ക്കു പുറത്തു പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളെ യുഎസില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിനായി കോര്‍പ്പറേറ്റ് ടാക്സ് 35ല്‍ നിന്നും 15%മുതല്‍20 ശതമാനം വരെയാക്കി ആക്കി കുറയ്ക്കമെന്നായിരുന്നു വാഗ്ദാനം. ഇത് നടപ്പിലാക്കുകയാണെങ്കില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ അടക്കമുള്ള പ്രമുഖ കമ്പനികള്‍ തങ്ങളുടെ ബിസിനസ് യുഎസില്‍ തന്നെ കേന്ദ്രീകരിക്കും.അയര്‍ലണ്ടിലെ കോര്‍പ്പറേഷന്‍ ടാക്സ് 12.5% മാത്രമാണ് എന്നതാണ് ഈ കമ്പനികളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചത്.

യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യകരാറായ ദി ട്രാന്‍സ്അറ്റ്ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റിനോട് (ടിടിഐപി) ട്രംപ് പ്രചാരണത്തിന്റെ തുടക്കം മുതലേ വിമുഖത കാട്ടിയിരുന്നു. അതിനാല്‍ ട്രംപിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ കരാര്‍ മരവിപ്പിക്കാനാണ് സാധ്യത. ട്രാന്‍സ് പസിഫിക് പാര്‍ട്ടനര്‍ഷിപ്പിനെ കാത്തിരിക്കുന്നതും ഇതേ വിധിയായിരിക്കും. ഇത് അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ക്ക് തിരിച്ചടിയാകും. എന്നാല്‍ ബ്രെക്സിറ്റിലൂടെ പുറത്തെത്തിയ ബ്രിട്ടനും, ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസും വാണിജ്യപങ്കാളികളാകും.

അമേരിക്കയിലെ അധികൃത ഐറിഷ് കുടിയേറ്റക്കാരാണ് ട്രംപിന്റെ ഭരണത്തിന്റെ കഷ്ടത ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്ന ഒരു കൂട്ടര്‍. ഇവരെ തിരിച്ച് അയര്‍ലണ്ടിലേയ്ക്ക് നാടുകടത്താനാണ് സാധ്യത. പുതിയ കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ താമസിക്കാനുള്ള പ്രതീക്ഷയും മങ്ങും. ഇതിനു പുറമെ ഐറിഷ് വിദ്യാര്‍ത്ഥികള്‍ മുമ്പ് വ്യാപകമായി ഉപയോഗിച്ച് യുഎസിലേയ്ക്കുള്ള ജെ 1 വിസ ട്രംപിന്റെ നേതൃത്വം മരവിപ്പിക്കുമെന്നും റിപ്പബ്ലിക്കന്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും.

പ്രധാനമന്ത്രി എന്‍ഡ കെന്നിയടക്കമുള്ള ഐറിഷ് ഭരണാധികാരികളും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അത്ര രസത്തിലല്ല. ട്രംപിന്റെ പ്രചാരണ തന്ത്രങ്ങളെ കെന്നി മുമ്പ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിനാല്‍ അയര്‍ലണ്ട്- യുഎസ് ബന്ധം കൂടുതല്‍ ഉലയാനാണ് സാധ്യത.

അതെ സമയം ബി ബിസി റേഡിയോയോട് നടത്തിയ അഭിമുഖത്തില്‍ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞത് അയര്‍ലണ്ടും അമേരിക്കയും നല്ല നിലയിലുള്ള ബന്ധം തുടരും എന്ന് തന്നെയാണ്.സെന്റ് പാട്രിക്‌സ് ഡേയോട് അനുബന്ധിച്ചുള്ള ഐറിഷ് പ്രധാനമന്ത്രിയുടെ പതിവ് അമേരിക്കന്‍ സന്ദര്‍ശനത്തെ സംബന്ധിച്ച് നിയുക്ത പ്രസിഡണ്ടുമായി താന്‍ സംസാരിച്ചുവെന്നും,പരമ്പരാഗതമായ അത്തരം സന്ദര്‍ശനങ്ങള്‍ സാധാരണപോലെ നടക്കാനാണ് സാധ്യതയെന്നും സ്റ്റീഫന്‍ മൂര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഐറിഷ് ധനമന്ത്രി മൈക്കല്‍ നൂനാന്‍, ട്രംപിനെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചതിനെ ശുഭസൂചനയായി കാണുന്നവരും കുറവല്ല. യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സിന് ഐറിഷ് വേരുകളുള്ളതും ശുഭപ്രതീക്ഷയാണ്.

യൂറോപ്പിന് ഒട്ടാകെ ട്രംപിന്റെ വിജയത്തില്‍ അത്ര സന്തോഷമല്ലയുള്ളത്. നാറ്റോ പോലുള്ള സൈനികസഖ്യങ്ങളോട് പൊതുവെ മുഖം തിരിച്ചു നില്‍ക്കുന്നയാളാണ് ട്രംപ്.ഉരുണ്ടു കൂടുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റഷ്യ, യൂറോപ്പിനെ ആക്രമിക്കുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ യുഎസ് യൂറോപ്പിന് സംരക്ഷണം നല്‍കുമോ എന്ന കാര്യം അതിനാല്‍ത്തന്നെ ഉറപ്പില്ലതാനും.

Scroll To Top