Thursday May 24, 2018
Latest Updates

കോര്‍ക്കിലെ ഷീന്‍ കുര്യാക്കോസിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കോര്‍ക്കിലെ ഷീന്‍ കുര്യാക്കോസിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കട്ടപ്പന:വാഹനാപകടത്തില്‍ മരണമടഞ്ഞ കോര്‍ക്കിലെ മലയാളി ഷീന്‍ കുര്യാക്കോസ് തൂങ്കുഴിയ്ക്ക് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.ഷീനിന്റെ ഭൌതികദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വെള്ളയാംകുടി സെന്റ് ജോര്‍ജ്‌സ് ദേവാലയ സിമിത്തേരിയില്‍ സംസ്‌കരിച്ചു,നാടിനെ ദുഃഖസാഗരത്തില്‍ ആഴ്ത്തിയ ദുരന്തത്തിന്റെ വേദന കടിച്ചമര്‍ത്തി ഷീനിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ മലയോര ജനത മുഴുവന്‍ എത്തിയിരുന്നു.
പാദുവാപുരത്തുള്ള തൂങ്കുഴി ഭവനത്തിലെ ശുശ്രൂഷകള്‍ രാവിലെ 10 മണിയോടെ ആരംഭിച്ചു.വെള്ളയാംകുടി സെന്റ് ജോര്‍ജ്‌സ് പള്ളി വികാരി ഫാ.ജോസ് പ്ലാച്ചിക്കല്‍ വീട്ടിലേ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.നൂറുകണക്കിന് പേര്‍ പങ്കെടുത്ത വിലാപയാത്ര വെള്ളയാംകുടി പള്ളിയിലെത്തിച്ചപ്പോഴും നിരവധി പേര്‍ പ്രിയ സുഹൃത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കാത്തു നിന്നിരുന്നു.പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ഷീന്‍ കുര്യാക്കോസിന്റെ കുടുംബാംഗം കൂടിയായ ഫാ,മാത്യു തൂങ്കുഴി മുഖ്യകാര്‍മ്മികനായിരുന്നു.കാഞ്ഞിരപ്പള്ളി രൂപതയീലെ ഫാ.ഇമ്മാനുവല്‍ മങ്കന്താനം,കാമാക്ഷി പള്ളി വികാരി ഫാ.ജോബി വാഴയില്‍ തുടങ്ങി നിരവധി വൈദീകര്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.

ഇന്നലെ രാത്രി 9 മണിയോടെ ഷീനിന്റെ ഭാര്യ അമ്പിളി കോര്‍ക്കില്‍ നിന്നും വെള്ളയാംകുടിയില്‍ എത്തിയിരുന്നു.പ്രിയതമന്റെ അപ്രതീക്ഷിത വേര്‍പ്പാടിന്റെ ദുഃഖം സൃഷ്ട്ടിച്ച വേദന ആകെ തളര്‍ത്തിയ നിലയിലായിരുന്നു അമ്പിളി.ആറുവയസുകാരി പൊന്നുമോള്‍ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.എന്താണ് സംഭവിക്കുന്നതെന്ന് അവള്‍ക്ക് പൂര്‍ണ്ണമായും മനസിലായിരിക്കും.സ്‌കൂളില്‍ മോളെ വിട്ടതിന് ശേഷമാണ് ഷീന്‍ കട്ടപ്പനയില്‍ നിന്നും എടത്വയ്ക്ക് പോയത്.പപ്പാ ഇന്നലെ വെണ്‍പട്ടില്‍ പൊതിഞ്ഞ് ഈശോയുടെ വീട്ടിലേയ്ക്ക് പോയെന്നാണ് വല്യപ്പച്ചന്‍ അവളോട് പറഞ്ഞത്.

ഷീനിന്റെ എണ്‍പത് വയസുകാരനായ പിതാവ് കുര്യാക്കോസ് പ്രായാധിക്യം വകവയ്ക്കാതെ പള്ളിയിലും മകനെ സ്‌നേഹയാത്ര അയയ്ക്കാന്‍ എത്തിയിരുന്നു.ഇടയ്ക്കിടെ കണ്ണീരൊഴുക്കി കേഴുന്ന ആ വൃദ്ധപിതാവീന്റെ വേദന ആര്‍ക്കും കണ്ടു നില്‍ക്കാന്‍ ആവില്ലായിരുന്നു.ചാച്ചനെയും അമ്മയെയും ഒറ്റയ്ക്കാക്കി അനാഥരാക്കാന്‍ ഇഷ്ട്ടമില്ലാതെ അയര്‍ലണ്ടില്‍ നിന്നും നാട്ടിലെത്തി മനസു നിറയെ സ്‌നേഹം തന്ന ആ പൊന്നുമോന്റെ വിയോഗം അവര്‍ക്ക് സഹിക്കാനാവുന്നതല്ലായിരുന്നു.

ശയ്യാവലംബയായ ഷീനിന്റെ മാതാവ് മകന്റെ വിയോഗ വാര്‍ത്ത ശരിക്കും അറിഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസം വൈദീകര്‍ ഭവനത്തിലെത്തി ഷീനിന്റെ അമ്മയ്ക്ക് രോഗിലേപനശുശ്രൂഷ നടത്തിയിരുന്നു.ഇടയ്‌ക്കെപ്പോഴോ ഉണര്‍ന്നപ്പോള്‍ ആരാണ് മരിച്ചതെന്ന അമ്മയുടെ ചോദ്യം കേട്ടു നിന്നവര്‍ തകര്‍ന്നുപോയി.വീണ്ടും അര്‍ദ്ധബോധാവസ്ഥയിലേയ്ക്ക് വഴുതി വീണ ആ അമ്മയ്ക്ക് തുണയാകാന്‍ ഇനിയാരുമില്ല.എടത്വയിലെ സുഹൃത്തുക്കളുടെ വീട്ടിലെ സംസ്‌കാര ശുശ്രൂഷയ്ക്ക് ഷീന്‍ ബൈക്കില്‍ പോകാനുള്ള കാരണം അമ്മയുടെ അടുത്തു ഏറ്റവും പെട്ടന്ന് തിരിച്ചെത്താനുള്ള ആഗ്രഹം കൊണ്ടായിരുന്നുവെന്ന് ഷീനിന്റെ കട്ടപ്പനയിലെ സുഹൃത്തുക്കള്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ നിന്നും നാട്ടിലെത്തിയിട്ടുള്ള നിരവധി സുഹൃത്തുക്കള്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ ഷീന്‍ കുര്യാക്കോസിന്റെ വേര്‍പ്പാടിന്റെ ഞെട്ടലിലാണ് കോര്‍ക്കിലെ മലയാളികള്‍.കോര്‍ക്ക് മലയാളി സമൂഹത്തിലെ ഏവര്‍ക്കും ചിരപരിചിതനായിരുന്നു ഷീന്‍.കാറ്ററിംഗ് രംഗത്ത് ഷീനിന്റെ കൈപുണ്യമറിയാത്തവര്‍ കുറവാണ്.

നാട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള തീരുമാനം പെട്ടന്നെടുത്തതായിരുന്നില്ല.ശരീരം ഇവിടെയാണെങ്കിലും മനസ് കട്ടപ്പനയിലെ കുടുംബ വീട്ടിലായിരുന്നു എപ്പോഴും.തനിച്ചു താമസിക്കുന്ന മാതാപിതാക്കളെക്കുറിച്ചുള്ള ആകുലതകള്‍ ഷീനിനെ വ്യാകുലനാക്കിയിരുന്നു.

വെള്ളയാംകുടി പള്ളിങ്കണത്തില്‍ തന്നെ സ്‌നേഹിച്ച എല്ലാവരോടും യാത്രാമൊഴി ചൊല്ലി ഷീന്‍ സ്വര്‍ഗ്ഗയാത്രയായി.ഇനി സ്വര്‍ഗത്തില്‍ ഏവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ ഒരു മാലാഖയായി..പൊന്നുപോലെ സ്‌നേഹിച്ച ചാച്ചനും അമ്മയ്ക്കും അമ്പിളിയ്ക്കും പൊന്നുമോള്‍ ആഞ്ജലീന മരിയയ്ക്കും കാവല്‍മാലാഖയായി ആകാശങ്ങളില്‍ വാഴാന്‍ ഒരാത്മാവ് കൂടി !kusheen 12 sheen 9 sheen 6 sheen 3 sheen 1

.

Scroll To Top