Thursday September 21, 2017
Latest Updates

മാനസനിളയില്‍ സംഗീത പൂഞ്ചിറകേറി മലയാളിയ്ക്ക് വിരുന്നൊരുക്കിയ റസൂല് …

മാനസനിളയില്‍ സംഗീത പൂഞ്ചിറകേറി മലയാളിയ്ക്ക് വിരുന്നൊരുക്കിയ റസൂല് …

യൂസഫലി കേച്ചേരിയുടെ കാവ്യയാത്രകള്‍ മലയാളി മനസിന് സമ്മാനിച്ചത് വെറും ചലച്ചിത്ര സംഗീതം മാത്രമായിരുന്നില്ല.മനസു നിറയെ ആര്‍ദ്രഭാവങ്ങള്‍ നിറയ്ക്കുന്ന പാട്ടിന്റെ പാലാഴിയായിരുന്നു.സ്വര്‍ഗത്തില്‍ നിന്ന് മലയാളിയ്ക്ക് സംഗീതവുമായെത്തിയ മാലാഖയെന്ന് ചിലരെങ്കിലും യൂസഫലിയെ വിളിച്ചത് ആ പാട്ടുകളിലെ ദൈവാംശം കണ്ടായിരുന്നു.പാട്ടിന്റെ വരികളോടൊപ്പം ആസ്വാദകന്റെ മനസ് കൂടി സഞ്ചരിച്ചു കൊണ്ടേയിരിക്കും യൂസഫലിയുടെ ഈരടികളില്‍. മലയാളി ഒരിക്കലും മറക്കില്ലാത്ത മലയാളം ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന മധുരഗാനങ്ങള്‍.

സാധാരണ ആല്‍ബങ്ങള്‍ ശ്രദ്ധേയമാകുന്നത് പാട്ടിന്റെ വരികള്‍ നന്നാവുന്നതുകൊണ്ടല്ല; മറിച്ച് സംഗീതം നന്നാവുന്നതുകൊണ്ടാണ്. എന്നാല്‍ സിനിമാ പാട്ടിന്റെ ആരാധകര്‍ പൊതുവേ അങ്ങനെയല്ല; അവര്‍ പാട്ടിന്റെ വരികള്‍ കൂടി നോക്കും.
തരംഗിണിക്കുവേണ്ടി യൂസഫലി എഴുതിയ ഏതാണ്ടെല്ലാ ആല്‍ബങ്ങളും വന്‍ ഹിറ്റുകളായിരുന്നു. അതിന്റെ സംഗീതസംവിധാനത്തെക്കാളുപരി വരികളായിരുന്നു ശ്രദ്ധേയമെന്നത് വ്യക്തം. 
എണ്‍പതുകള്‍ മുതല്‍ ഗാനങ്ങളുടെ രചനയില്‍ കാര്യമായ നിലവാരത്തകര്‍ച്ച വന്ന കാലത്ത് വരികള്‍കൊണ്ടു മാത്രം ഇത്തരത്തില്‍ പാട്ടുകള്‍ ശ്രദ്ധേയമായത് ഒ.എന്‍.വിയുടെയും യൂസഫലിയുടെയും മാത്രം. ഭാസ്‌കരന്‍ മാഷാവട്ടെ അക്കാലത്ത് വളരെക്കുറച്ചേ എഴുതിയുള്ളൂ. 
യൂസഫലികേച്ചേരിയുടെ ഗാനങ്ങള്‍ അത്തരത്തില്‍ എടുത്തുപറയേണ്ടവ തന്നെയാണ്. തരംഗിണിയുടെ ‘രാഗതരംഗിണി’ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും അക്കാലത്ത് ഹിറ്റായി. ‘അമാവാസി നാളില്‍ ഞാനൊരു പൂര്‍ണചന്ദ്രനെ കണ്ടു…’ എന്നതായിരുന്നു ആ ദ്യഗാനം. ഈ പാട്ട് കേട്ടിട്ടില്ലാതതവര്‍ അക്കാലത്ത് ചുരുക്കം. കേള്‍ക്കുക മാത്രമല്ല അതിന്റെ വരികളുടെ പ്രത്യേകത എല്ലാവരെയും വല്ലാതെ ആകര്‍ഷിച്ചതാണ്.

ഓമനേ നിന്‍കവിള്‍ കുങ്കുമം കണ്ടപ്പോള്‍ സായംസന്ധ്യക്ക് മുഖം കറുത്തു.., 
നിന്‍മേനി നെന്‍മേനി വാകപ്പൂവോ..,
പൂജാ മണിയറ തുറക്കൂ മലരേ, റോജാ രാജകുമാരീ.തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ വളരെവേഗം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.

വരികളുടെ സുതാര്യതയും ആശയക്‌ളിഷ്ടതയും ആകര്‍ഷണീയമായ ഭാഷയുമാണ് യൂസഫലിയുടെ ഗാനങ്ങളുടെ പ്രത്യേകത. ഭാവനയും പ്രണയവികാരത്തിന്റെ തീവ്രാനുഭവങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഭാഷാശുദ്ധിയും മലയാളിത്തമെന്ന പൊതുവികാരവും നമ്മുടെ തനതു സംസ്‌കാരത്തെക്കുറിച്ചുള്ള സമഗ്രമായ അറിവും അനുഭവസമ്പത്തും അനുഗ്രഹീതമായ ഭാഷയുമാണ് യൂസഫലിക്കുള്ളത്.
ഇതുപോലെ എഴുതിയ ഏതാണ്ടെല്ലാ പാട്ടുകളും വല്ലാതെ മനസില്‍ കൊള്ളുന്നതാണെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
തരംഗിണിയുടെ തന്നെ ഓണപ്പാട്ടുകളില്‍ 
ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു…,
കുളിച്ചു കുറിയിട്ട് കുപ്പിവളയിട്ട് കുമ്മിയടിക്കാന്‍ വാ.., 
തുളസീ കൃഷ്ണതുളസീ നിന്‍ നെഞ്ചിലെരിയുന്ന ചന്ദനത്തിരിയിലൊരഭൗമ ദിവ്യസുഗന്ധം..,
കിനാവലിന്നലെ വന്നൂ നീയെന്‍ കിസലയ മൃദുലാംഗീ.., 
കല്യാണി മുല്ലേ നീയുറങ്ങൂ മണിക്കിനാവിന്‍ മഞ്ചലില്‍..,
ത്രിസന്ധ്യ വിടചൊല്ലും നേരം തൃശുര്‍ നടക്കാവിന്നോരം..,
പുഷ്യരാഗക്കമ്മലണിഞ്ഞു പൂവാംകുരുന്നില.. തുടങ്ങിയ അദ്ദേഹമെഴുതിയ എല്ലാ പാട്ടുകളും എടുത്തുപറയേണ്ടവ തന്നെയാണ്.

അറുപതുകള്‍ മുതല്‍ അഞ്ചു ദശാബ്ദങ്ങളിലും അതത് കാലഘട്ടത്തിനുവേണ്ടി അദ്ദേഹം പാട്ടുകളെഴുതി.അറുപതുകളില്‍ 
സുറമയെഴുതിയ മിഴികളേ,
പാവടപ്രായത്തില്‍,
ഇക്കരെയാണെന്റെ താമസം,
അനുരാഗഗാനം പോലെ,
എഴുതിയതാരാണ് സജാത,
മാന്‍കിടാവിനെ മാറിലേന്തുന്ന.. തുടങ്ങിയ ഗാനങ്ങളിലൂടെ വയലാറിനും ഭാസ്‌കരന്‍ മാഷിനും പകരം വെക്കാവുന്ന ആള്‍ തന്നെയെന്ന് അദ്ദേഹം തെളിയിച്ചു.
ഇവരില്‍ രണ്ടുപേര്‍ക്കും ഇല്ലാത്തെ മറ്റെന്തോ പ്രത്യേകത അദ്ദേഹത്തിന്റെ പാട്ടുകളിലുണ്ടെന്നത് അനുഭവവേദ്യമാണ്.
എഴുപതുകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു.
തമ്പ്രാന്‍ തൊടുത്ത് മലരമ്പ്…, 
പൊന്നില്‍ കുളിച്ച രാത്രി,
പതിനാലാം രാവുദിച്ചത് മാനത്തോ ,
സ്വര്‍ഗം താണിറങ്ങി വന്നതോ,
വെണ്ണയോ വെണ്ണിലാവുറഞ്ഞുതോ,
കടലേ നീലക്കടലേ, നീലയമുനേ സ്‌നേഹയമുനേ,
വേമ്പനാട്ടുകായലിന് ചാഞ്ചാട്ടം,
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്, 
മുറുക്കിച്ചുവന്നതോ,
തുള്ളിക്കൊരുകുടം,
മറഞ്ഞിരുന്നാലും മനസിന്റെയുള്ളില്‍,
കാലിത്തൊഴുത്തില്‍ പിറന്നവനേ തുടങ്ങിയ ഗാനങ്ങള്‍ കാലഘട്ടം മുഴുവന്‍ നിറഞ്ഞുനിന്നു.

എണ്‍പതുകളില്‍ പഴയ കാല ഗാനരചയിതാക്കള്‍ പലരും പതിയെ പിന്‍വാങ്ങിയപ്പോഴും യൂസഫലി നല്ല പാട്ടുകളുമായി തന്റെ സാന്നിധ്യം തുടര്‍ന്നുകൊണ്ടേയിരുന്നു.
ചഞ്ചലാക്ഷീ,
മാനേ മധുരക്കരിമ്പേ,
കുങ്കുമസൂര്യന്‍ രാഗാംശു ചാര്‍ത്തി,
സംഗീതമേ നിന്‍ പൂഞ്ചിറകില്‍,
റസൂലേ നിന്‍കനിവാലെ,
മാനത്തെ ഹൂറിപോലെ,
ശിശിരമേ നീ ഇതിലേ വാ
തുടങ്ങിയ അക്കാലഘട്ടവുമായ യോജിക്കുന്നതും എന്നാല്‍ കാവ്യഗുണമുള്ളതുമായ പാട്ടുകളുംചൂടുള്ള കുളിരിനു ചുംബനമെന്നാരുപേരിട്ടു,വൈശാഖസന്ധ്യേ,പാട്ടൊന്നു പാടുന്നേന്‍ പാണനാര് തുടങ്ങിയ കാവ്യ ഗുണമുള്ള പാട്ടുകളും എണ്‍പതുകളിലെഴുതി.

ഇതില്‍ മലയാളഗാനങ്ങളിലെ കാവ്യസമ്പത്തിനെപ്പറ്റി പറയുമ്പോള്‍ ഒരിക്കലും മാറ്റിവെക്കാന്‍ കഴിയാത്ത ധ്വനിയിലെയും തൊണ്ണൂറുകളില്‍ സര്‍ഗം, പരിണയം,ഗസല്‍,ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, സ്‌നേഹം, വാസന്തിയും ലക്ഷമിയും പിന്നെഞാനും, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രളിലൂടെ അസ്തമിച്ചുപോയി എന്നു പലരും കരുതിയ മലയാള ഗാനങ്ങളിലെ കാവ്യഗുണത്തിന് അദ്ദേഹം മറുപടി നല്‍കി. ഒ.എന്‍.വി തൊണ്ണൂറുകളില്‍ സജീവമായ കാലത്തെഴുതിയ ഗാനങ്ങളേ ഇതിനോടു പകരംവെക്കാനുണ്ടയിരുന്നുള്ളൂ. ഒരുപക്ഷേ യൂസഫലിയുടെ ഏറ്റവും ജനപ്രിയവും കാവ്യഗുണമുള്ളതുമായ പാട്ടുകള്‍ ഇത്തരം ചിത്രങ്ങളിലേതുമാകണം. അത് ആസ്വാദകരുടെ അഭിരുചിയനുസരിച്ച് വ്യത്യസ്തമാകുമെന്നേയുള്ളൂ. എന്നാല്‍ പുത്തന്‍ സഹസ്രാബ്ദത്തില്‍ സംഗീതസംസ്‌കാരം ഒന്നാകെ മാറിയപ്പോഴും യൂസഫലിയുടെ കാവ്യങ്ങള്‍ക്ക് സ്വീകാര്യതയുണ്ടായി എന്നത് ആശ്വാസമായിരുന്നു. രണ്ടായിരത്തില്‍ അദ്ദേഹം നിറഞ്ഞു നിന്നു. മഴ,ജോക്കര്‍, വര്‍ണക്കാഴ്ചകള്‍, ഇങ്ങനെയെരു നിലാപക്ഷി, ദാദാസാഹിബ്,മധുരനൊമ്പരക്കാറ്റ്, കരുമാടിക്കുട്ടന്‍,ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കുഞ്ഞിക്കൂനന്‍, സ്‌നേഹിതന്‍, സദാനന്ദന്റെ സമയം തുടങ്ങിയ സിനിമകളിലൊക്കെ ഒന്നിനൊന്ന് മെച്ചമായ പാട്ടുകള്‍ അദ്ദേഹമെഴുതി.

സംഗീതസംസ്‌കാരം എത്ര മാറിയാലും യൂസഫലിയുടെ പാട്ടുകള്‍ക്ക് മരണമില്ലാത്ത സ്വീകാര്യതയുണ്ടായിരിക്കുമെന്നതിന് സംശയമില്ല.

മലയാളിത്തമെന്ന് നാം സങ്കല്‍പിക്കുന്ന എല്ലാ ചേരുവകളും പദഭംഗിയും കാവ്യഭാവനയും സംസ്‌കാരബിംബങ്ങളും തരളഭാവവും ആധികാരികതയുമുള്ള ഗാനങ്ങളായേ
മാനസനിളയില്‍,
ജാനകീജാനേ, 
അഞ്ചുശരങ്ങളും,
പാര്‍വണേന്ദുമുഖീ, 
കൃഷ്ണകൃപാസാഗരം,
സ്വരരാഗഗംഗാപ്രവാഹമേ,
വൈശാഖപൗര്‍ണമിയോ,
സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച,
ആലിലക്കണ്ണാ,
ഗേയം ഹരിനാമധേയം,
തുടങ്ങിയവയെ നമുക്ക് കാണാന്‍ കഴിയൂ. നമ്മുടെ സംഗീതകാവ്യശാഖക്ക് ഇത്രയും മഹത്തായ സംഭാവന നല്‍കിയ കവിയെ എന്നെന്നും നന്ദിയോടെയേ മലയാളം സ്മരിക്കൂ. 


Scroll To Top