Tuesday January 24, 2017
Latest Updates

മായാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നിറകണ്ണോടെ ലിമറിക്ക് മലയാളികള്‍

മായാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നിറകണ്ണോടെ ലിമറിക്ക് മലയാളികള്‍

കാഹര്‍ കോണ്‍ലീഷ് (ലീംറിക്ക്):ഇന്‍ഡോറില്‍ വെച്ച് ഇന്നലെ നിര്യാതയായ കാഹര്‍ കോണ്‍ലീഷ് സെന്റ് മൈക്കിള്‍സ് നഴ്‌സിംഗ് ഹോമിലെ മലയാളിയായ സ്റ്റാഫ് നഴ്‌സ് സോഫിയാ ലോറന്‍സിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഇന്‍ഡോറിലെ ഓള്‍ഡ് സെഹോര്‍ റോഡിലുള്ള സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രല്‍ പള്ളി സിമിത്തേരിയില്‍ നടത്തപ്പെടും.

എല്‍ ഐ ജി സ്‌ക്വയറിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പരേതയുടെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ഇന്‍ഡോര്‍ ബൈപ്പാസ് റോഡിലെ എമ്പയര്‍ എസ്റ്റേറ്റിലുള്ള(ഹൌസ് 169 )വീട്ടിലെത്തിക്കും,അവിടെ നിന്നും വിലാപയാത്രയായി സെന്റ് ഫ്രാന്‍സീസ് കത്തീഡ്രല്‍ പള്ളിയിലെത്തിക്കും.

ഇന്നലെ മരണവാര്‍ത്തയറിഞ്ഞയുടന്‍ ഇന്‍ഡോറിലെ മലയാളികളും ഗോവാക്കാരും അടക്കമുള്ള സോഫിയായുടെ നിരവധി സുഹൃത്തുകള്‍ വീട്ടിലെത്തിയിരുന്നു,സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളും ഇവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

സോഫിയായുടെ നിര്യാണവാര്‍ത്ത ലീംറിക്കിലേയും,കാഹര്‍ കോണ്‍ലീഷിലേയും മലയാളികള്‍ അടക്കമുള്ള സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്.ഒരു മാസം മുമ്പ് വരെ ഒരു മാലാഖയെ പോലെ സദാ സേവന സന്നദ്ധയായി തങ്ങള്‍ക്കിടയില്‍ ഓടി നടന്ന’ചേച്ചി’പെട്ടന്ന് കടന്നു പോയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കള്‍.

കൂടുതലും നൈറ്റ് ഡ്യൂട്ടിയാണ് ചെയ്തിരുന്നതെങ്കിലും കാഹര്‍ കോണ്‍ലീഷ് ഇടവക ദേവാലയത്തിലെ രാവിലെ പത്തു മണിയുടെ വിശുദ്ധ കുര്‍ബാനയുടെ സമയം വരെ,സോഫിയ ഉറങ്ങാതെ കാത്തിരിക്കും.കുര്‍ബാനയ്ക്ക് ശേഷം സെന്റ് മൈക്കിള്‍സ് നഴ്‌സിംഗ് ഹോമിലെ അന്തേവാസികള്‍ക്ക് സ്ഥിരമായി ദിവ്യകാരുണ്യം എത്തിച്ചു നല്കിയിരുന്നത് സോഫിയായാണ്.കഴിഞ്ഞ ഞായറാഴ്ച്ച സോഫിയയ്ക്ക് വേണ്ടി കാഹര്‍ കോണ്‍ലീഷ് ഇടവകയിലെ എല്ലാവരും ഒന്നിച്ച് കൂടി പ്രാര്‍ഥനാ ശിശ്രൂഷ നടത്തിയെന്നരിയുമ്പോള്‍ ഈ ഇന്ത്യാക്കാരിയെ അയര്‍ലണ്ടിലെ ഒരു ഗ്രാമം എങ്ങനെ സ്‌നേഹിച്ചിരുന്നു എന്നോര്‍ക്കുക! ബലിയര്‍പ്പണത്തിനിടയില്‍ ഇടവകാ വികാരി സോഫിയ ചെയ്തിരുന്ന ‘ദിവ്യകാരുണ്യായാത്രയ്ക്ക്’ ഒരു പകരക്കാരന്‍ മുമ്പോട്ടു വരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ആയിരിക്കുവാന്‍ സോഫിയ ഇടയ്ക്ക് നാട്ടിലേയ്ക്ക് തിരിച്ചു പോയെങ്കിലും പിന്നീട് സാഹചര്യങ്ങള്‍ വീണ്ടും ചേച്ചിയെ അയര്‍ലണ്ടില്‍ എത്തിച്ചു.പഠനം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന മകളെ അയര്‍ലണ്ടില്‍ ഉപരി പഠനത്തിനായി എത്തിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ആകസ്മികമായി വിധി, അര്‍ബുദത്തിന്റെ രൂപത്തില്‍ സോഫിയയെ തേടിയെത്തിയത്.

കൂടുതല്‍ പേരുമായി അധികം സമ്പര്‍ക്കം പുലര്‍ത്തുന്നതിലധികമായി ജോലിയോടുള്ള ഉത്തരവാദിത്വത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന അവര്‍ നഴ്‌സിംഗ് ഹോമിലെ അന്തേവാസികള്‍ക്കെന്നത് പോലെ സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു.ഇന്നലെ സെന്റ് മൈക്കിള്‍സ് നഴ്‌സിംഗ് ഹോം ശോകമൂകമായി തങ്ങളുടെ പ്രിയ സോഫിയയുടെ ഓര്‍മ്മയിലായിരുന്നു.നന്മകള്‍ മാത്രം പകര്‍ന്ന ആ സഹോദരിയ്ക്ക് ഓര്‍മ്മകളുടെ വാടാത്ത പൂക്കള്‍ കൊണ്ട് മനസില്‍ അവര്‍ അന്ത്യോപചാരം ചൊല്ലി…നിറയെ സ്‌നേഹം പകര്‍ന്ന ആ ഇന്ത്യാക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് അതല്ലേ ചെയ്യാനാവു?

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 5 മണിയ്ക്ക് ലിമറിക്കിലെ ഡൂര്‍ഡൊയല്‍ സെന്റ് പോള്‍സ് ഹാളില്‍ വെച്ച് സോഫിയ ലോറന്‍സിന് ആദരാഞ്ജലിയര്‍പ്പിച്ച് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.


 

Scroll To Top