Tuesday September 25, 2018
Latest Updates

വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ സിനിയ്ക്ക് കോര്‍ക്കിലെ ജനസമൂഹം യാത്രാമൊഴിയേകി

വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ സിനിയ്ക്ക്  കോര്‍ക്കിലെ ജനസമൂഹം യാത്രാമൊഴിയേകി

കോര്‍ക്ക് :വിശുദ്ധിയുടെ സൗരഭ്യം വീശി വെറും ആറു മാസം മാത്രം കോര്‍ക്ക് നഗരത്തില്‍ പാര്‍ക്കാനെത്തിയ കോട്ടയം കുറിച്ചി സ്വദേശിനിയ്ക്ക് ഇനിയിടം സ്വര്‍ഗീയ ഉദ്യാനത്തില്‍.ഉയിര്‍പ്പിന്റെ വലിയ വിശ്വാസസത്യത്തില്‍ പ്രത്യാശയര്‍പ്പിച്ച് അയര്‍ലണ്ടിലെ ജനത സിനി ചാക്കോയെന്ന ഇരുപത്തിയേഴുകാരിയ്ക്ക് യാത്രാമൊഴിയേകി.

അയര്‍ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കോര്‍ക്കിലെ ഇന്ത്യന്‍ സമൂഹം ദര്‍ശിച്ചതില്‍ ഏറ്റവും പ്രൗഢഗംഭീരമായ യാത്രയയിപ്പാണ് പഠനത്തിലും ജോലിയിലും എന്നും ഒന്നാം സ്ഥാനത്തായിരുന്ന ഈ ഇന്ത്യന്‍ സുന്ദരിയ്ക്ക് ഐറിഷ് ജനതയൊരുക്കിയത്.ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ കോര്‍ക്ക് രൂപതയുടെ ബിഷപ്പ് ഡോ.ജോണ്‍ ബെക്ലിയും എത്തിയിരുന്നു എന്നത് കോര്‍ക്കിലെ ജനത എത്ര ആദരവാണ് ഇന്ത്യന്‍ സമൂഹത്തിനോട് കാട്ടുന്നതെന്നുള്ളതിന് തെളിവായി.

ഇന്ന് ഒരു മണി മുതല്‍ സിനിയുടെ ഭൗതീകദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമായി നൂറുകണക്കിന് പേര്‍ എത്തിയിരുന്നു.
വൈകിട്ട് നാല് മണിയ്ക്ക് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് പുറപ്പെട്ടു,തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയ്ക്ക് വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചു വിവിധ ദേശീയതകളില്‍ നിന്നുള്ള നഴ്‌സുമാരടക്കമുള്ള സഹപ്രവര്‍ത്തകരാണ് മൃതപേടകം ആദ്യവും അവസാനവും സംവഹിച്ചത്.പള്ളിയാങ്കണത്തിലേക്ക് എത്തിയ മൃത്യപേടകം കോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ആറു പ്രതിനിധികള്‍ ഏറ്റുവാങ്ങി.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു ദേശത്തിന്റെ മനസ് കീഴടക്കിയവളായി കുറിച്ചിക്കാരി ഈ പെണ്‍കുട്ടിയെന്ന യാഥാര്‍ഥ്യത്തിന് നേര്‍സാക്ഷ്യമായി സിനിയ്ക്ക് ആദരമേകാന്‍ വന്ന ജനസഞ്ചയം.

അഞ്ചുമണിയോടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര കോര്‍ക്ക് വില്‍ട്ടന്‍ പള്ളിയില്‍ എത്തി.തുടര്‍ന്ന് നടത്തപ്പെട്ട അനുസ്മരണ ബലിയില്‍ സീറോ മലബാര്‍ സഭാ ചാപ്ലൈന്‍ ഫാ.സെബാസ്‌ററ്യന്‍ അറയ്ക്കല്‍,കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ചാപ്ലൈന്‍ ഫാ.പോള്‍ തെറ്റയില്‍,ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് സക്കറിയ,ഫാ.അനീഷ് ജോണ്‍(ഡബ്ലിന്‍)എന്നിവരടക്കം നിരവധി വൈദീകര്‍ കാര്‍മ്മികരായി.

ഫോട്ടോ: ജോണ്‍സണ്‍ ചാള്‍സ് കോര്‍ക്ക്

ഐറിഷ് മലയാളി ന്യൂസ് 

.

Scroll To Top