Sunday September 23, 2018
Latest Updates

കണ്ണീരണിഞ്ഞ് കോര്‍ക്ക് :അകാലത്തില്‍ പൊലിഞ്ഞ മലയാളി നഴ്സ് സിനി ചാക്കോയ്ക്ക് മലയാളി സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി

കണ്ണീരണിഞ്ഞ് കോര്‍ക്ക് :അകാലത്തില്‍ പൊലിഞ്ഞ മലയാളി നഴ്സ് സിനി ചാക്കോയ്ക്ക് മലയാളി സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി

കോര്‍ക്ക് : അകാലത്തില്‍ പൊലിഞ്ഞുപോയ മലയാളി നഴ്‌സ് സിനി ചാക്കോയുടെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലിയര്‍പ്പിച്ച് കോര്‍ക്കിലെ മലയാളി സമൂഹം. ഇന്ന് വൈകിട്ട് വില്‍ട്ടന്‍ ചര്‍ച്ചില്‍ നടത്തപ്പെട്ട അനുസ്മരണ ബലിയില്‍ പങ്കെടുക്കാന്‍ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സിനിയുടെ സഹപ്രവര്‍ത്തകരും,നാനാ ജാതി മതസ്ഥരായ നിരവധി മലയാളികളും പങ്കെടുക്കാനെത്തി.

ഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പ്രകൃതമായിരുന്നു സിനിയുടേത്.പഠിച്ച സ്ഥാപനങ്ങളിലെല്ലാം ഒന്നാം സ്ഥാനത്തോടെ തന്നെ മുന്നേറിയ സിനി ജോലി സ്ഥലത്തും ഏവര്‍ക്കും മാതൃകയായിരുന്നു.ജോലി ചെയ്ത ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏവര്‍ക്കും പ്രീയങ്കരിയായിരുന്ന സിനിയുടെ വേര്‍പ്പാട് ഇനിയും വിശ്വസിക്കാന്‍ ആയിട്ടില്ല സഹപ്രവര്‍ത്തകര്‍ക്ക്.’ഏത് തിരക്കിലും നിറപുഞ്ചിരിയുമായി ഒരു മാലാഖയെ പോലെയാണ് അവള്‍ ജോലി ചെയ്തിരുന്നത്.’ വാര്‍ഡിലെ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകയ്ക്ക് സിനിയുടെ ഓര്‍മ്മകള്‍ പങ്ക് വെച്ചത് അങ്ങനെയാണ്.

കോര്‍ക്കില്‍ എത്തിയ ആഴ്ച മുതല്‍ തന്നെ ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളിയുടെ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സിനി ചാക്കോ.അത് കൊണ്ട് തന്നെ കോര്‍ക്കിലെ നിരവധി കുടുംബങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും സിനിയ്ക്കായിരുന്നു.

ഇന്നലെ (വ്യാഴാഴ്ച)കോര്‍ക്കില്‍ നിര്യാതയായ കോട്ടയം കുറിച്ചി സ്വദേശിനി വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമായ സിനി ചാക്കോ(27)യ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ പൊതുസമൂഹത്തിന് അവസരം ഉണ്ടായിരിക്കും.
പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും സമയക്രമം 
ഏപ്രില്‍ 14 ന്(ശനി)
സിനിയുടെ മൂന്നാം ചരമദിനത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകളൂം വിശുദ്ധ കുര്‍ബാനയും ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് കോര്‍ക്ക് ബ്‌ളാക്ക് റോക്ക് സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിക്കും.

ഉച്ചയ്ക്ക് ഒരുമണിയ്ക്ക് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ ക്രമ പ്രകാരമുള്ള സംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടം ആരംഭിക്കും.നാല് മണിയ്ക്ക് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടം നടത്തപ്പെടും.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍ 15 ന് ഞായറാഴ്ച്ച
ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് നാല് മണിയ്ക്ക് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് പുറപ്പെടും.5 മണിയ്ക്ക് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അയര്‍ലണ്ടിലെ വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള വൈദീകര്‍ പങ്കെടുക്കും.
കുര്‍ബാനയ്ക്ക് ശേഷം കുക്കിലിയോണ്‍ പ്രാര്‍ത്ഥിച്ചു ധൂപപ്രാര്‍ത്ഥനയോടെ സിനിയ്ക്ക് കോര്‍ക്കിലെ ജന സമൂഹം വിട നല്‍കും.

 


വാര്‍ത്ത :രാജന്‍ വി(കോര്‍ക്ക്)

Scroll To Top