Thursday September 21, 2017
Latest Updates

ആദരാഞ്ജലിയര്‍പ്പിക്കാന്‍ സ്ലൈഗോ സമൂഹം ഒന്നടങ്കമെത്തി:നിറകണ്ണുകളോടെ ശ്യാമയ്ക്ക് യാത്രാമൊഴി 

ആദരാഞ്ജലിയര്‍പ്പിക്കാന്‍ സ്ലൈഗോ സമൂഹം ഒന്നടങ്കമെത്തി:നിറകണ്ണുകളോടെ ശ്യാമയ്ക്ക് യാത്രാമൊഴി 

സ്ലൈഗോ:സ്ലൈഗോയില്‍ ഇന്നലെ നിര്യാതയായ മലയാളി നഴ്‌സ് ശ്യാമ സയ്‌നി അബ്രാഹാമിന് സ്ലൈഗോയിലെ ജനസമൂഹം കണ്ണീരോടെ വിട നല്‍കി.ഇന്നലെ രാവിലെ മുതല്‍ തോരാതെ പെയ്ത മഴയില്‍ പ്രകൃതിപോലും വിങ്ങിപ്പൊട്ടവെ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സ്ലൈഗോയിലെ ഇന്ത്യാക്കാര്‍ ഒന്നടക്കം എത്തിയിരുന്നു.നൂറു കണക്കിന് ഐറീഷ്‌കാരും,സമീപ കൌണ്ടിയില്‍ നിന്നും ഡബ്ലിനില്‍ നിന്നുമുള്ള മലയാളികളും ശ്യാമയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയിരുന്നു.

വൈകിട്ട് ആറര മണിയോടെ ഫ്യൂണറല്‍ ഹോമില്‍ നിന്നും ഭൗതികദേഹം സ്ലൈഗോയിലെ നസ്രേത് ഹില്‍ ചാപ്പലിലേയ്ക്ക് കൊണ്ടുവന്നു. അവിടെയാണ് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നതും.ഭൗതിക ശരീരം എത്തുന്നതിന് മുമ്പേ തന്നെ വളരെയേറെ പേര്‍ ദേവാലയത്തില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.ഏഴുമണി മുതല്‍ ഇടവിടാതെ എത്തി കൊണ്ടിരുന്ന ജനസഞ്ചയം പ്രാര്‍ഥനാപൂര്‍വ്വം മൃതപേടകത്തിനു വലം വെച്ചു കടന്നുപോയി.പള്ളിയുടെ പുറത്തേയ്ക്ക് നീണ്ട ക്യൂ 7.45 ഓടെ അവസാനിച്ചപ്പോള്‍ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ചാപ്ല്യന്‍ ഫാ.ജോണ്‍ കാരലിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഫ്യൂണറല്‍ മാസ് ആരംഭിച്ചു.പ്രാര്‍ഥനാ ശുശ്രൂഷകളില്‍ ഒറിസയില്‍ നിന്നുള്ള വൈദീകന്‍ ഫാ.ദുസ്മന്തോ മഹാനായക്,ഫാ.സ്റ്റീഫന്‍ വാല്‍ഷ്,ഫാ.ടോം ഹീവര്‍,ഫാ.പാറ്റ് ലോംബോര്‍ഡ് എന്നിവരും സഹകാര്‍മ്മികരായിരുന്നു

കുര്‍ബാനമധ്യേ അനുസ്മരണ പ്രസംഗം നടത്തിയതും ശ്യാമയെ വര്‍ഷങ്ങളായി അടുത്തറിയാവുന്ന ഫാ.ജോണ്‍ തന്നെയായിരുന്നു.ഭൂഖണ്ഡങ്ങള്‍ താണ്ടി അയര്‍ലണ്ടില്‍ എത്തി ശ്യാമ ചെയ്ത സേവനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.ശ്യാമ സ്ലൈഗോയെ അളവറ്റു സ്‌നേഹിച്ചിരുന്നു.സ്ലൈഗോ ശ്യാമയേയും.എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി,ഒരിക്കല്‍ കണ്ട ആര്‍ക്കും മറക്കാനാവാത്ത കര്‍മ്മകുശലതയോടെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച ശ്യാമയുടെ വേര്‍പ്പാട് സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹത്തിന് മാത്രമല്ല ഐറിഷ് സമൂഹത്തിനും നികത്താനാവാത്ത വിടവാണെന്നും അദ്ദേഹം അനുസ്മരിച്ചു.

പ്രിയതമയുടെ വേര്‍പ്പാടിന്റെ കനത്ത ദുഖവും പേറി സയ്‌നി അബ്രാഹാമും, ജൂണിയര്‍ സെര്‍റ്റ് വിദ്യാര്‍ഥിനി കൂടിയായ ഏക മകള്‍ വോള്‍ഗയും ശ്യാമയ്ക്ക് സമീപമുണ്ടായിരുന്നു.മസ്‌ക്കറ്റില്‍ നിന്നും തിങ്കളാഴ്ച്ച വൈകിട്ട് സ്ലൈഗോയിലെത്തിയ ശ്യാമയുടെ ഏക സഹോദരന്‍ ഷാജിയും അവരോടൊപ്പം ചേര്‍ന്നിരുന്നു.

തന്റെ വേര്‍പ്പാടില്‍ സയ്‌നിയും വോള്‍ഗയും കരയരുതെന്ന് ശ്യാമയുടെ ആഗ്രഹമായിരുന്നു.മാസങ്ങള്‍ മുമ്പേ അനിവാര്യമായ യാത്രയെ കുറിച്ച് ശ്യാമയ്ക്ക് ബോധ്യമുണ്ടായിരുന്നു.അതിനുള്ള ഒരുക്കത്തിലായിരുന്നു അവള്‍.അന്ത്യയാത്രയില്‍ ധരിക്കാനുള്ള വസ്ത്രങ്ങള്‍ ഏതാണെന്ന് പോലും ശ്യാമ നിര്‍ദേശിച്ച് സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു.കഴിഞ്ഞ നാലാഴ്ച്ച നോര്‍ത്ത് വെസ്റ്റ് ഹോസ്‌പൈസില്‍ ആയിരിക്കുമ്പോഴും കുടുംബത്തോടൊപ്പം പൂര്‍ണ്ണമായി ആയിരിക്കാനാണ് ശ്യാമ ആഗ്രഹിച്ചത്.ഭൂമിയിലെ തന്റെ ‘കുടുംബസ്വര്‍ഗത്തില്‍’ആയിരിക്കുന്ന സന്തോഷം മറ്റെല്ലാ ആഘോഷങ്ങളിലും അധികമായിരുന്നു ശ്യാമയ്ക്ക്.വോല്‍ഗയുടെ ക്രിസ്മസ് പരീക്ഷയില്‍ അവള്‍ക്ക് ധൈര്യം കൊടുത്തു പറഞ്ഞയച്ച അമ്മ പരീക്ഷ കഴിഞ്ഞു പതിവുപോലെ അവളെയും കൂട്ടി ഐറീഷ് റസ്‌റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാനും സമയം കണ്ടെത്തി.ഒരു നുള്ളു ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ശ്യാമ.എങ്കിലും വീല്‍ ചെയറില്‍ പോയി പതിവ് റസ്‌റ്റോറന്റില്‍ മകള്‍ക്കായി ആ അമ്മ വിരുന്നൊരുക്കി.മൃതപേടകത്തിന് മുമ്പില്‍ പക്ഷേ വോള്‍ഗയ്ക്ക് അമ്മയോട് വാക്ക് പാലിക്കാനായില്ല.ഹൃദയം നിറയെ സ്‌നേഹം ചൊരിഞ്ഞ ആ അമ്മ അവളുടെ വിതുമ്പലിന്റെ സ്വരം സ്വര്‍ഗത്തിലിരുന്നു കേട്ടിരിക്കും!

ഇന്നലെ രാവിലെ മുതല്‍ സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹം സയ്‌നിയ്ക്കും വോള്‍ഗയ്ക്കും കൂട്ടായുണ്ടായിരുന്നു.രാവിലെ ഏഴുമണിയോടെ നിര്യാതയായ ശ്യാമയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാനായത് മിന്നല്‍ വേഗത്തിലാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ പ്രവര്‍ത്തകരോടൊപ്പം മലയാളികളും തദ്ദേശിയരും ഒരേ മനസായി ഇതിനു പിന്നിലുണ്ടായിരുന്നു.പത്തുമണിയോടെ തന്നെ ഡെത്ത് സര്‍ട്ടിഫിക്കേറ്റ് ഇഷ്യൂ ചെയ്തു.തൊട്ടു പിന്നാലെ എംബാം ചെയ്യുകയും നാട്ടിലേയ്ക്ക് കൊണ്ടുപോകുവാനുള്ള ടിക്കറ്റും മറ്റൊരുക്കങ്ങളും തയാറായി. ഭൗതികദേഹം അന്ത്യോപചാരം അര്‍പ്പിക്കാന്‍ പൊതു ദര്‍ശനത്തിന് വെയ്ക്കാനുള്ള തീരുമാനം ഉച്ചയോടെയുണ്ടായി.12 മണിക്കൂറിനുള്ളില്‍ ഫ്യൂണറല്‍ മാസും പൂര്‍ത്തിയായി.

കുടുംബത്തിനും സ്ലൈഗോ ഇന്ത്യന്‍ കമ്യൂണിറ്റിയ്ക്കും  വേണ്ടി നൈനാന്‍ തോമസ് നന്ദി രേഖപ്പെടുത്തി.രോഗാവസ്ഥയിലും കുടുംബത്തിന്റെ ദുഃഖവേളയിലും സഹായവും ആശ്വാസവുമായി എത്തിയവര്‍ക്കെല്ലാം കൃതജ്ഞതയര്‍പ്പിച്ചു.

സ്ലൈഗോയില്‍ നിന്നും ഇന്ന് ഡബ്ലിനില്‍ എത്തിയ്ക്കുന്ന മൃതദേഹം 31 നു രാവിലെ കേരളത്തിലേയ്ക്ക് കൊണ്ട് പോകും.ഭര്‍ത്താവ് സയ്‌നിയും മകള്‍ വോള്‍ഗയും സഹോദരന്‍ ഷാജിയും അതേ വിമാനത്തിലാണ് കേരളത്തിലേയ്ക്ക് പോകുന്നത്.

ജനുവരി ഒന്നിന് ശ്യാമയുടെ ഇടവക ദേവാലയമായ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള നടമേല്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍.നടമേല്‍ വടക്കേടത്ത് വീട്ടില്‍ നിന്നും ഉച്ചയ്ക്ക് 11.30 ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.

അയര്‍ലണ്ടിന്റെ മണ്ണിനെ ഏറെ സ്‌നേഹിച്ചിരുന്ന ശ്യാമയ്ക്ക് ഇനി ജന്മനാടിന്റെ സ്‌നേഹത്തില്‍ അലിഞ്ഞുറങ്ങാം. എങ്കിലും പുഞ്ചിരിക്കുന്ന ആ മുഖം സ്ലൈഗോക്കാര്‍ക്ക് മറക്കാനാവില്ല… ഇന്നലെ നസ്രേത് ഹില്‍ ചാപ്പലില്‍ അനുശോചനസന്ദേശങ്ങള്‍ എഴുതാനായി വെച്ചിരുന്ന ബുക്കില്‍ ഏറെ പേരും കുറിച്ചു വെച്ച വാചകം അത് തന്നെയായിരുന്നു… ‘ശ്യാമ ..നീ ഞങ്ങള്‍ക്ക് പ്രീയപ്പെട്ടവളായിരുന്നു….സ്ലൈഗോ നിന്നെ മറക്കില്ല’.
ഐറിഷ് മലയാളി ന്യൂസ് സര്‍വീസ് shya 8shya 6shy 1

shya 9 shya 5 shya 4 shya3

Scroll To Top