Friday September 22, 2017
Latest Updates

നാല് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു  മരണങ്ങളുടെ ഞെട്ടലില്‍ അയര്‍ലണ്ടിലെ മലയാളികള്‍

നാല് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു  മരണങ്ങളുടെ ഞെട്ടലില്‍ അയര്‍ലണ്ടിലെ മലയാളികള്‍

ഡബ്ലിന്‍:നാല് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു മരണങ്ങളുടെ ഞെട്ടലിലാണ് അയര്‍ലണ്ടിലെ മലയാളികള്‍.കോര്‍ക്കില്‍ ശനിയാഴ്ച്ച നിര്യാതയായ ജിനു ലൈജുവിന്റെ മൃതദേഹം വ്യാഴാഴ്ച്ച നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതെയുള്ളൂ.അതിനിടെയാണ് ആര്‍ഡിയില്‍ നിന്നുള്ള റെജി സെബാസ്റ്റ്യന്റെ മരണവാര്‍ത്ത ഇന്നലെ രാത്രിയെത്തിയത്.

ആര്‍ഡിയിലെ ഏവര്‍ക്കും പ്രിയപ്പെട്ടയാളായിരുന്നു റെജി.ആശുപത്രിയിലും,ആര്‍ഡിയിലെ മലയാളി സമൂഹത്തിലും ,അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയിലുമൊക്കെ സജീവസാന്നിദ്ധ്യമായിരുന്ന റെജിയുടെ നിര്യാണവാര്‍ത്ത അറിഞ്ഞവര്‍ രാത്രിയില്‍ തന്നെ അവരുടെ ഭവനത്തില്‍ എത്തിയിരുന്നു.രാത്രി ഒരു മണിയോടെ മൃതദേഹം ഡ്രോഗഡ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലായീരുന്ന റെജി സെബാസ്റ്റ്യന്‍ ഇന്നലെയും സാധാരണപോലെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി കുളിയ്ക്കാന്‍ പോയതായിരുന്നു.രണ്ടാം നിലയിലുള്ള ബാത്ത് റൂമിലേയ്ക്ക് പോയ റെജിയെ പതിവ് സമയം കഴിഞ്ഞും കാണാതായപ്പോഴാണ് ഭര്‍ത്താവ് സെബാസ്റ്റ്യന്‍ തിരക്കി ചെന്നത്.അവശയായി നിലത്തിരിക്കുന്ന അവസ്ഥയിലായിരുന്നു റെജി.പെട്ടന്ന് തന്നെ അയല്‍ക്കാരായ മലയാളി സുഹൃത്തുക്കളെ വിളിച്ചു വരുത്തി സി പി ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ ഡ്യൂട്ടി ഓഫ് ആയതിനാല്‍ മക്കളെ സ്‌കൂളില്‍ അയയ്ക്കാനുള്ള ഒരുക്കങ്ങള്‍ ഒക്കെ ചെയ്തത് റെജിയായിരുന്നു.പത്തു വയസുകാരി സഞ്ജുവും,ഏഴു വയസുകാരന്‍ ജോസഫും,അഞ്ചു വയസുകാരി ജോയിസ് സെബാസ്റ്റ്യനുമാണ് ഈ ദമ്പതികളുടെ മക്കള്‍.

പതിവുള്ള നടത്തവും ഇന്നലെ മുടക്കിയില്ല.ഉച്ചയ്ക്ക് കുട്ടികള്‍ മടങ്ങി വരും മുന്‍പേ സെബാസ്റ്റ്യനുമൊപ്പം ഏറെ ദൂരം നടന്നു,മടങ്ങും വഴി സുഹൃത്തായ മലയാളിയുടെ വീട്ടില്‍ കയറി ക്ഷേമം അന്വേഷിക്കാനും മറന്നില്ല.

മക്കളെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിച്ച ആ അമ്മ അവരെ മൂന്നു പേരെയും കുളിപ്പിച്ചു ഭക്ഷണവും കൊടുത്ത് ഗുഡ് നൈറ്റുംചൊല്ലി ഉറക്കാന്‍ വിട്ടതിനു ശേഷമാണ് കുളിക്കാനായി ബാത്ത് റൂമിലേയ്ക്ക് പോയത്.

ഇന്ന് രാവിലെ അവര്‍ ഉറക്കമുണരുമ്പോള്‍ അമ്മയെ തേടും.ഇന്നലെ രാത്രി, അവര്‍ സംഭവങ്ങള്‍ ഒന്നും അറിയാതെ ഗാഡ നിദ്രയിലായിരുന്നു.അവരോട് എന്തുപറയണം എന്നറിയാതെ ഹൃദയം നിറയെ സങ്കടവുമായി കാത്തിരിക്കുകയാണ് സെബാസ്റ്റ്യന്‍.

പത്തു വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ സെബാസ്റ്റ്യനും റെജിയും ആര്‍ഡിയില്‍ സ്വന്തമായി വീട് വാങ്ങിയിരുന്നു.മൂന്ന് കൊല്ലം മുന്‍പ് ഐറിഷ് പൗരത്വം എടുത്തു.

റെജിയുടെ ഒരു സഹോദരന്‍ സജി സെബാസ്റ്റ്യന്‍ ഡാണ്‍ഡാല്‍ക്കനില്‍ നഴ്‌സാണ്.മരണ വിവരം അറിഞ്ഞയുടന്‍ ഇദ്ദേഹം സ്ഥലത്തെ ത്തിയിരുന്നു.ഫാ.അജി സെബാസ്റ്റ്യന്‍ (ഫരീദാബാദ് രൂപത)അമല്‍ സെബാസ്റ്റ്യന്‍(ന്യൂ സിലാന്‍ഡ് )എന്നിവരാണ് പരേതയുടെ മറ്റു സഹോദരങ്ങള്‍.ഇവരുടെ മാതാപിതാക്കള്‍ രണ്ടു പേരും ജീവിച്ചിരിപ്പുണ്ട്.ഇന്നലെ വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു വരും വഴിയാണ് മകളുടെ വിയോഗ വാര്‍ത്ത ഇവര്‍ അറിഞ്ഞത്.

മൃതദേഹം കേരളത്തില്‍ കൊണ്ടുപോയി സംസ്‌കരിക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നു 

Scroll To Top