Saturday August 19, 2017
Latest Updates

നിര്‍മ്മലയ്ക്ക് ഡബ്ലിന്റെ ആദരം,കണ്ണീര്‍ മഴ പെയ്തിറങ്ങിയ അനുസ്മരണം,സംസ്‌കാര ശിശ്രൂഷകള്‍ ഇന്ന് എരുമേലി മുക്കൂട്ടുതറയില്‍  

നിര്‍മ്മലയ്ക്ക് ഡബ്ലിന്റെ ആദരം,കണ്ണീര്‍ മഴ പെയ്തിറങ്ങിയ അനുസ്മരണം,സംസ്‌കാര ശിശ്രൂഷകള്‍ ഇന്ന് എരുമേലി മുക്കൂട്ടുതറയില്‍  

ഡബ്ലിന്‍ :കേരളത്തില്‍ വെച്ച് കഴിഞ്ഞ ദിവസം നിര്യാതയായ ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് നിര്‍മ്മലാ രാജേഷിനെ ദുഃഖം കണ്ണീര്‍മഴയായി പെയ്തിറങ്ങിയ വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ ഡബ്ലിനിലെ മലയാളി സമൂഹം അനുസ്മരിച്ചു.ഇന്നലെ ക്ലോണ്‍ഡാല്‍ക്കിനിലെ റൌളയിലുള്ള ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ഓഫ് മേരി പള്ളിയില്‍ അപൂര്‍വമായ ഒരു അനുസ്മരണ ശിശ്രൂഷയാണ് കടന്നു പോയത്.

തങ്ങളുടെ പ്രിയപ്പെട്ട നിര്‍മ്മലയെക്കുറിച്ച് ഓര്‍ത്തവരെല്ലാം അക്ഷരാര്‍ഥത്തില്‍ ഹൃദയത്തില്‍ കരയുകയായിരുന്നു.ആ കൂട്ടത്തില്‍ സഹപ്രവര്‍ത്തകരെന്നോ,കര്‍ദ്ദിനാള്‍ പിതാവോ എന്ന വ്യത്യാസം ഇല്ലായിരുന്നു.

എല്ലാവരെയും അത്രയധികം സ്‌നേഹിച്ച ഒരു മനുഷ്യാത്മാവായിരുന്നു നിര്‍മ്മലയെന്ന തിരിച്ചറിവ് ചടങ്ങിനെത്തിയവരെയും കണ്ണീരിലാഴ്ത്തി.nir 4

ദൈവപദ്ധതിയുടെ നിറവേറ്റലിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കാനാണ് നാം തയാറെടുക്കേണ്ടതെന്ന് ചടങ്ങില്‍ പങ്കെടുത്തു അനുസ്മരണ പ്രഭാഷണം നടത്തിയ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ ഓര്‍മ്മിപ്പിച്ചു.’കര്‍തൃ സന്നിധിയില്‍ ഒട്ടേറെ നേട്ടങ്ങളും ആയാണ് നിര്‍മ്മല കടന്നു പോയത്.സ്വര്‍ഗത്തില്‍ ദൈവ സന്നിധിയില്‍ ഒരു സമൂഹത്തിനു വേണ്ടി മാധ്യസ്ഥം വഹിക്കാന്‍ പ്രിയപ്പെട്ട ഒരാള്‍ നേരത്തെ കടന്നു പോയത് നേട്ടമായി തന്നെ നമ്മള്‍ കരുതണം.സഭയ്ക്കും സമൂഹത്തിനും വേണ്ടി യാചിക്കാന്‍ സ്വര്‍ഗത്തില്‍ ഒരാള്‍ ഉണ്ടെന്നത് ഒരാളുടെ വിയോഗം മൂലമുള്ള നിരാശയെ മാറ്റി നിര്‍ത്താന്‍ നമ്മെ സഹായിക്കും.

സഹനമെന്നത് ജീവിത മഹത്വത്തിലേയ്ക്കുള്ള പ്രവേശനകവാടമാണെന്ന് ഓര്‍ക്കുമ്പോള്‍ സഹനത്തെ സ്‌നേഹിക്കാനും നമുക്കാവണം.’കര്‍ദിനാള്‍ പറഞ്ഞു.വ്യക്തിപരമായി നിര്‍മ്മലയെ അറിയാമായിരുന്ന തനിക്ക് അവരുടെ നഷ്ട്ടം ഡബ്ലിനിലെ സമൂഹത്തെ എത്ര മാത്രം വേദനിപ്പിക്കുന്നുണ്ട് എന്ന് മനസിലാക്കാനാകുമെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ പറഞ്ഞു. ധൂപ പ്രാര്‍ഥനയ്ക്കും അനുസ്മരണ ശിശ്രൂഷകള്‍ക്കും അദ്ദേഹം പ്രധാന കാര്‍മ്മികത്വം വഹിച്ചു.

സീറോ മലബാര്‍ സഭാ ചാപ്ല്യന്മാരായ ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലി,
സീറോ മലങ്കര സഭാ ചാപ്ല്യന്‍ ഫാ. അബ്രാഹം പതാക്കല്‍.ഫാ.അനില്‍ തോമസ് എന്നിവര്‍ പ്രാര്‍ഥനാ ശിശ്രൂഷകള്‍ക്ക് സഹ കാര്‍മികത്വം വഹിച്ചു.

ഫാ.ജോസ് ഭരണികുളങ്ങര,ഫാ. അബ്രാഹം പതാക്കല്‍.അനില്‍ മാരാമണ്‍,ബീനാ ജോര്‍ജ്,ജെസ്സി ജോസ് എന്നിവര്‍ പരേതയെ അനുസ്മരിച്ച് സംസാരിച്ചു.

ഇന്നലെ ഡബ്ലിനില്‍ നടത്തിയ അനുസ്മരണ ചടങ്ങുകള്‍ ഓണ്‍ ലൈനില്‍ ലഭ്യമായിരുന്നതിനാല്‍ എരുമേലി മുക്കൂട്ടുതറയിലെ ചെളിക്കുഴിയില്‍ വസതിയിലിരുന്ന് നിര്‍മ്മലയുടെ കുടുംബാംഗങ്ങളും ഇവിടെ നടത്തപ്പെട്ട ചടങ്ങില്‍ പ്രാര്‍ഥനാപൂര്‍വ്വം പങ്കെടുത്തു.ഭര്‍ത്താവ് രാജേഷ്,മക്കളായ റെനില്‍,ലയ,എന്നിവരും ദുഖിതരായ മറ്റു കുടുംബാംഗങ്ങളോടുമൊപ്പം അദ്ധ്യാപക ദമ്പതികള്‍ കൂടിയായ നിര്‍മ്മലയുടെ മാതാപിതാക്കളും അവിടെ സന്നിഹിതരായിരുന്നു.

 ഫിംഗ്ലസില്‍ അനുസ്മരണ ചടങ്ങുകള്‍

ഇന്നലെ  വൈകിട്ട് 7.30 ന് നിര്‍മ്മലയുടെ അയര്‍ലണ്ടിലെ താമസസ്ഥലമായിരുന്ന ഫിംഗ്ലസിലെ പ്രീമിയര്‍ സ്‌ക്വയറിലെ അയല്‍വാസികളും സുഹൃത്തുക്കളും പരേതയുടെ ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ഥനകള്‍ക്കായി ഒത്തു ചേര്‍ന്നു.ബോട്ടാണിക്കല്‍ ഗാര്‍ഡന് എതിര്‍വശത്തുള്ള ഔര്‍ ലേഡി ഓഫ് ഡോളാരസ് ദേവാലയത്തിലായിരുന്നു ശിശ്രൂഷകള്‍.

സംസ്‌കാര ശിശ്രൂഷകള്‍ 

നിര്‍മ്മലയുടെ സംസ്‌കാര കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ന് (വ്യാഴം)  രാവിലെ ഇന്ത്യന്‍ സമയം 7 30 മുതല്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍ നിന്നും കാണാവുന്നതാണ്..https://eventsonlive.com/website/home/

നിര്‍മ്മലയുടെ ഭൗതിക ശരീരം ഇന്നലെ  വൈകിട്ട്  5 മണിയ്ക്ക്  വസതിയില്‍ എത്തിച്ചു.സംസ്‌കാര ശിശ്രൂഷകള്‍  രാവിലെ 10 മണിയ്ക്ക് മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള ഭവനത്തില്‍ നിന്നും ആരംഭിക്കും.തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് സംസ്‌കാര ശിശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും

Scroll To Top