Sunday October 21, 2018
Latest Updates

ഞങ്ങള്‍ ഇരയുടെ പേര് പറയുന്നില്ല….പക്ഷേ ഇത് നാണക്കേടാണ്..

ഞങ്ങള്‍ ഇരയുടെ പേര് പറയുന്നില്ല….പക്ഷേ ഇത് നാണക്കേടാണ്..

ഡബ്ലിന്‍:ലിഗയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം  സര്‍ക്കാര്‍ തന്ത്രപരമായി ഒതുക്കിയതാണെന്ന ആരോപണം ശക്തമാവുന്നു.ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞത് മുതല്‍ ഇന്നലെ മൃതസംസ്‌കാരം നടത്തുന്നത് വരെയുള്ള സമയങ്ങളില്‍ കുറ്റകൃത്യത്തെ ലഘൂകരിക്കാനും,സ്വയം മുഖം രക്ഷിക്കാനുമുള്ള പരിശ്രമങ്ങളില്‍ സര്‍ക്കാരും പോലീസും ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

ലിഗയുടെ പേര് പറയുന്നത് പോലും വിലക്കിക്കൊണ്ട് ഡിജിപി പുറപ്പെടുവിച്ച പ്രസ്താവന ഇന്ത്യന്‍ പൊലീസിന് തന്നെ അപമാനകരമാവുകയാണ്.നാടായ നാടെല്ലാം പോസ്റ്റര്‍ പതിപ്പിച്ച് ഒരു മാസത്തോളം വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയപ്പോഴൊന്നും അനങ്ങാതിരുന്ന പോലീസ് ബലാത്സംഗത്തിന് ശേഷമാണ് ലിഗ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയപ്പോള്‍ ആരും ഇരയുടെ പേര് മിണ്ടരുതെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്..?

കുറ്റകൃത്യത്തില്‍ ആരോപിതരായിരിക്കുന്ന ചെറുപ്പക്കാര്‍ പൊട്ടികരഞ്ഞു കൊണ്ട് പോകുന്ന കാഴ്ച ഇന്നലെ കേരള സമൂഹം കണ്ടതാണ്.അതി ക്രൂരമായി പോലീസ് തങ്ങളെ മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ഇന്ന് മജിസ്ട്രേറ്റിന് നല്‍കിയ പരാതിയിലും ഇവര്‍ പറയുന്നു.ആവശ്യമെങ്കില്‍ ഇവര്‍ക്കു വൈദ്യസഹായം നല്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അശ്വതി ജ്വാലയെ പോലുള്ള പൊതു പ്രവര്‍ത്തകരെ ആട്ടിയോടിച്ചതോടെ ലിഗയുടെ സഹോദരിയെ പോലീസ് കൈയ്യിലെടുത്തു.അന്ന് മുതല്‍ സര്‍ക്കാര്‍ നിയോഗിച്ച അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് ഇലിസയുടെ നടപ്പ്.ഇദ്ദേഹം ‘ട്രാന്‍സലേറ്റ് ചെയ്യുന്ന’ വാക്കുകളാണ് ഇലിസയുടെ ആശ്രയം.അതനുസരിച്ച് തന്നെ മറുപടി പറയാനും അവര്‍ നിര്‍ബന്ധിതയായിരിക്കുകയാണ്.

ഇന്നലെ സംസ്‌കാരം നടക്കുന്ന സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും അവരെ അകറ്റാതെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഇലിസ തയാറായില്ല.തികച്ചും പ്രൈവറ്റായി സംസ്‌കാരം നടത്തണമെന്ന് ഇലിസ ആവശ്യപ്പെട്ടിരുന്നതും പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എന്നാണ് അറിയുന്നത്.

 

ഭര്‍ത്താവ് ആന്‍ഡ്രുവാകട്ടെ ഇതിനോട് യോജിച്ചിരുന്നില്ല.ക്രിസ്ത്യന്‍ ക്രമത്തില്‍ സംസ്‌കാരം നടത്തണം എന്ന നിര്‍ദേശത്തെ പോലീസ് തള്ളിക്കളയുകയായിരുന്നു.

ഇന്നലെ സംസ്‌കാരവേളയിലും ആന്‍ഡ്രുവിനെ യാതൊരു അഭിപ്രായപ്രകടനവും നടത്താന്‍ പോലീസ് അനുവദിച്ചില്ലെന്ന് ഡബ്ലിനില്‍ നിന്നും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ മലയാളികള്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

‘ഞങ്ങള്‍ സംസാരിക്കുമ്പോള്‍ പോലീസ് യൂണിഫോമിലും,മഫ്ടിയിലുമായി ചുറ്റും നില്‍ക്കുകയായിരുന്നു.ആന്‍ഡ്രുവിന് സംസാരിക്കാന്‍ പോലും അവസരം നിഷേധിക്കപ്പെട്ട അവസ്ഥയിലായിരുന്നു.അയര്‍ലണ്ടിലെ രാത്ഗര്‍ സ്വദേശികളായ ഏതാനം ഐറിഷുകാരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.അവരെ പരിചയപ്പെടുത്താന്‍ ആന്‍ഡ്രു ഡബ്ലിനില്‍ നിന്നുള്ള മലയാളികളെ പ്രത്യേകമായി വിളിച്ചപ്പോഴാണ് പോലീസ് നടത്തുന്ന നാടകങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്ന് അയാള്‍ തുറന്നടിച്ചത്.

കേരളത്തിന്റെ അതിര്‍ത്തി പരിധിക്കുള്ളില്‍ ലിഗയുടെ ബന്ധുക്കളെയും നിശബ്ദമാക്കാന്‍ പൊലീസിന് സാധിച്ചേക്കാം.അവര്‍ അടുത്ത ആഴ്ച അയര്‍ലണ്ടില്‍ എത്തുമ്പോള്‍ പറയാനുള്ളത് തുറന്നു പറയും എന്ന സൂചന.

കോവളത്ത് ലാത്വിയന്‍ വനിത കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഈ മാസം 17 വരെ പോലീസ് കസ്റ്റിയില്‍ വിട്ടു കൊടുത്തു.. തിരുവല്ലം, പനത്തുറ സ്വദേശികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

പ്രതികളെ ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിന് പുറമെ ബലാത്സംഗം, മയക്കുമരുന്ന് നിരോധന നിയമം എന്നിവ കൂടി ചുമത്തിയാണ് അറസ്റ്റ്. കാണാതായ മാര്‍ച്ച് 14 തന്നെ യുവതി കൊല്ലപ്പെട്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

രാവിലെ ഒമ്പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിത അവിടെ നിന്ന് പനത്തുറ ഭാഗത്തേക്ക് ഒറ്റക്കു നടന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന അവരെ സമീപിച്ച് വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ചുതന്നെയാണ് കൃത്യം നടത്തിയത് .എന്നിങ്ങനെ ലളിതമായ ഒരു വിവരണമാണ് പോലീസ് നല്‍കിയിരിക്കുന്നത്.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതലായി ഒന്നും പുറത്തു പറയാനില്ലെന്നും,സാഹചര്യ തെളിവുകള്‍ വെച്ചാണ് പ്രതികളെ പിടികൂടിയിരിക്കുന്നതെന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സാഹചര്യതെളിവുകള്‍ വെച്ച് കേസ് അന്തിമമായി വിജയിപ്പിച്ചെടുക്കണമെങ്കില്‍ പൊലീസിന് ഭഗീരഥപ്രയത്നം നടത്തേണ്ടി വരുമെന്നാണ് സൂചന.ഇതിനിടെയാണ് അതിക്രൂരമായി മര്‍ദ്ധിച്ചാണ് തങ്ങളെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന രീതിയില്‍ പ്രതികള്‍ കോടതിയില്‍ പരാതിപ്പെട്ടത്.
ഇന്നലെ നടന്ന സംസ്‌കാര ചടങ്ങില്‍ ടൂറിസം മന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.ഞായറാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന ലിഗ അനുസ്മരണ സമ്മേളത്തിനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

ഇന്നലെ ലിഗയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വിദേശ മാധ്യമങ്ങളില്‍ പലതും അതീവ പ്രതിഷേധത്തോടെയാണ് കേരളാ ടൂറിസത്തെ വിമര്‍ശിച്ചിരിക്കുന്നത്.

അടുത്ത ടൂറിസം ബ്രോഷറില്‍ ആയുര്‍വേദ ചികിത്സയും, ബലാത്സംഗവും, കൊലപാതകവും,സര്‍ക്കാര്‍ ചിലവില്‍ സംസ്‌ക്കാരവും ,പിന്നീട് ഇരയുടെ ബന്ധുക്കള്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ,അനുസ്മരണ ശുശൂഷയും,പാട്ടുകച്ചേരിയും എന്നൊരു പാക്കേജ് കൂടി ഉള്‍പ്പെടുത്തിയാല്‍ ഗംഭീരമായി.നമ്മുക്ക് ടൂറിസം വളര്‍ത്താം …

എന്തായാലും കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഒരൊറ്റദിവസം കൊണ്ട് ലിഗയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ തക്ക ശേഷി പോലീസിനുണ്ടെന്ന് തെളിയിക്കാന്‍ ലോക്നാഥ് ബെഹ്റയ്ക്കായി. അഭിപ്രായസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും നീതി വ്യവസ്ഥയ്ക്ക് തടസ്സമാവുമെന്ന വിചിത്ര നിലപാടെടുക്കാന്‍ ഒരു ജനാധിപത്യ രാജ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും എല്ലാ അര്‍ഹതയുമുണ്ട് !ബലേ ഭേഷ് ….

റെജി സി ജേക്കബ്
ഐറിഷ് മലയാളി ന്യൂസ്

Scroll To Top