Tuesday October 16, 2018
Latest Updates

രണ്ടാം ഡാനിയേലയാണോ ലിഗ ? ഐറിഷ്‌കാരി ലിഗ കോവളത്ത് മരിച്ചത് പീഡനത്തിന് ശേഷമെന്ന് ബന്ധുക്കള്‍

രണ്ടാം ഡാനിയേലയാണോ ലിഗ ? ഐറിഷ്‌കാരി ലിഗ കോവളത്ത് മരിച്ചത് പീഡനത്തിന് ശേഷമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: ഈ ദുരന്തങ്ങള്‍ ഇന്ത്യക്ക് നാടക്കേടാണ്.2017 മാര്‍ച്ച് 14 ന് ഗോവയിലെ പലോളം ബീച്ച് പരിസരത്ത് നരാധമന്‍മാരുടെ ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട കൗണ്ടി ഡോണഗേലില്‍ നിന്നുള്ള ഐറിഷ്‌കാരി ഡാനിയേല മാക്ലോലന് സംഭവിച്ച അതേ ദുരന്തമാണോ കോവളത്ത് മരണപ്പെട്ട ലിഗ സ്‌ക്രോമനും സംഭവിച്ചത്? അത്തരം സൂചനകളാണ് തിരുവനന്തപുരത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ നിന്നും കേരളത്തിലേയ്ക്ക് ആയുര്‍വേദ ചികിത്സയ്ക്ക് പോയ യുവതി കൊല്ലപ്പെട്ടതാവാമെന്ന സൂചനകള്‍ ശക്തമാണ്.അതേ സമയം യുവതി പീഡനത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് ലിഗ സ്‌ക്രോമെന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

ഇന്നലെ കണ്ടെത്തിയ ജഡം ഇന്ന് രാവിലെ അടിയന്തരമായി പോസ്റ്റ് മോര്‍ട്ടം നടത്താന്‍ പോലീസ് തിരക്കുകൂട്ടിയതായി ബന്ധുക്കളും,തിരുവനന്തപുരത്തെ സാമൂഹ്യപ്രവര്‍ത്തകരും ആരോപിച്ചു. ആര്‍ ഡി ഓ യുടെ സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന ലിഗയുടെ ബന്ധുക്കളുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുരേഷ് ഗോപി എം പിയും,ആര്‍ഡിഓ സ്ഥലത്തെത്തണമെന്ന നിലപാട് എടുത്തതോടെ വലഞ്ഞ പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന്റെ വീഡിയോഗ്രഫി എടുക്കാന്‍ അനുമതി നല്‍കിയതോടെയാണ് ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും വഴങ്ങിയത്.

മൃതദേഹം കണ്ട സ്ഥലത്ത് ലിഗയ്ക്ക് ഒറ്റയ്ക്ക് പോകാന്‍ ‘ഒരു കാരണവശാലും ആവില്ല. പീഡനത്തിന് ശേഷം ലിഗയെ ഇവിടെ എത്തിച്ചുവെന്നാണ് നാട്ടുകാരും പറയുന്നത്.വള്ളികാടുകള്‍ക്കിടയില്‍ ജഡം കുരുങ്ങിയ അവസ്ഥയിലായിരുന്നു.വള്ളികളില്‍ തൂങ്ങികിടന്ന ജഡത്തില്‍ നിന്നും വേറിട്ടാണ് തലയോട്ടി കിടന്നിരുന്നത്.

ലിഗയെ തേടി കാസര്‍ഗോട്ടേക്ക് പോയിരുന്ന ഭര്‍ത്താവ് ആന്‍ഡ്രുവും,സഹോദരി ഇലിസയും ഇന്ന് പുലര്‍ച്ചെ തിരിച്ചുവന്ന് മൃതദേഹം തിരിച്ചറിഞ്ഞു.

കനത്ത നിരാശയിലാണ് ലിഗയുടെ സഹോദരി ഇലീസ.

ഇനി ഒറ്റയ്ക്ക് മടക്കം 

‘കണ്ണടയ്ക്കുമ്പോള്‍ ഞാന്‍ കാണുന്നു, നിന്നെ വീണ്ടും പുണരുന്ന നിമിഷം.. അടക്കിപ്പിടിച്ച ശബ്ദം എന്നെ വീണ്ടും ഓര്‍മിപ്പിക്കുന്നു.. ഇതു മറ്റൊരു ഘട്ടം മാത്രം, ഇതും കടന്നുപോകും…’ ഫെയ്‌സ് ബുക്കില്‍ ഇലീസയുടെ വരികളാണ്. സഹോദരി ലിഗയ്‌ക്കൊപ്പം അയര്‍ലണ്ടിലേക്ക് മടങ്ങേണ്ടിയിരുന്നതായിരുന്നു ഇലീസ. പക്ഷേ പോയില്ല. സഹോദരിയില്ലാതെ മടങ്ങാനാകുന്നില്ല. അതു വിശദീകരിച്ച പോസ്റ്റില്‍ പ്രതീക്ഷയുടെ തിരിവെട്ടമുണ്ട്, ഒരു മാസത്തെ ആകുലതകളുണ്ട്, നാളെ കാത്തിരിക്കുന്നതെന്തെന്ന ആകാംക്ഷയുമുണ്ട്. ‘ഞാന്‍ ഇവിടെ തങ്ങുകയാണ്. അവളില്ലാതെ നാട്ടിലേക്കു വിമാനം കയറുന്നതു ചിന്തിക്കാനാവുന്നില്ല. മറ്റൊരു ശബ്ദവുമില്ല ചുറ്റിനും , ചിന്തകളുടെ നെഞ്ചിടിപ്പല്ലാതെ, സ്വപ്നങ്ങളില്ലാത്ത രാത്രികളിലേക്കു പ്രാര്‍ഥനകള്‍ ഇഴുകിച്ചേര്‍ന്നുപോയി.

തീവ്രമായ ഒരാശ മാത്രം, നിന്നെ വീണ്ടും പുണരുന്ന ആ നിമിഷം.. ഇങ്ങനെ പോകുന്നു ആത്മാവില്‍ തൊടുന്ന കവിത പോലെ ഇലീസയുടെ വരികള്‍. ഒരു മാസത്തെ കാത്തിരിപ്പിനും ലിഗയ്ക്കായ് കേരളം നീളെ അലഞ്ഞുള്ള തിരച്ചിലിനും സോഷ്യല്‍ മീഡിയയുടെ പിന്തുണയും ഇലീസയ്ക്കുണ്ടായിരുന്നു.

ഇപ്പോഴിതാ കേരളമാകെ ആകാംക്ഷാപൂര്‍വ്വമുള്ള അന്വേഷണങ്ങള്‍ക്ക് അറുതിയായി.

ക്രൗഡ് ഫണ്ടിംഗിന് വന്‍ പിന്തുണ 

ആന്‍ഡ്രു ജോര്‍ദാനാവട്ടെ പ്രത്യാശ നഷ്ടപ്പെട്ടവനായാണ് കേരളത്തില്‍ അലഞ്ഞത്.പണം തീര്‍ന്നപ്പോള്‍ ആന്‍ഡ്രു അയര്‍ലണ്ടിലേക്ക് തിരികെ പോന്നു.ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം അയര്‍ലണ്ടില്‍ എത്തി,ദേശീയ ടെലിവിഷന്‍ അടക്കമുള്ള മാധ്യമങ്ങളുടെ സഹായം തേടി. ‘ഗോ ഫണ്ട് മീ ‘ എന്ന ക്രൗഡ് സോഴ്‌സിങ് പ്ലാറ്റ്‌ഫോമില്‍ ലിഗയ്ക്കായുള്ള ആന്‍ഡ്രുവിന്റെ തിരച്ചിലിനു ലോകമെങ്ങും നിന്നു സഹായം കിട്ടുന്നുണ്ട്.പതിനൊന്ന് ദിവസം കൊണ്ട് ദിവസം കൊണ്ട് 5.7 ലക്ഷം രൂപയാണ് ലിഗയെ കണ്ടെത്താനായുള്ള  ശ്രമങ്ങള്‍ക്ക് പിന്തുണയായി ആന്‍ഡ്രുവിന്റെ ഫണ്ടില്‍ എത്തിയത്.

ഇന്ന് പ്രിയതമയുടെ ജഡം കണ്ട ഈ സ്വോര്‍ഡ്സ്‌കാരന്‍ കൊച്ചു കുട്ടിയെപ്പോലെ വിതുമ്പികരഞ്ഞു.പിന്നെ ഒരു പ്രതിഷേധം പോലെ കോവളത്തെ പഴയ ‘കൂട്ടുകാരുടെ’യടുത്തേയ്ക്ക് യാത്രയായി.കേരളത്തിലെത്തിയ ആന്‍ഡ്രു കനത്ത മാനസികാസ്വാസ്ഥ്യത്തിന് അടിമയായിരുന്നു.

പോലീസ് തികഞ്ഞ ഉത്തരവാദിത്വ രാഹിത്യമാണ് കാട്ടിയതെന്ന് ആന്‍ഡ്രുവിന് പരാതിയുണ്ടായിരുന്നു.ഒരു ടൂറിസ്റ്റ് എന്ന പരിഗണന കേരളാപോലീസ് ഞങ്ങള്‍ക്ക് നല്‍കിയില്ല.എല്ലാ സംഭവങ്ങളും ഒളിപ്പിച്ചു വെയ്ക്കാനായിരുന്നു അവരുടെ താത്പര്യം.

ലിഗയെ കാണാതായി മണിക്കൂറുകള്‍ക്കകം പോലീസില്‍ പരാതി നല്‍കിയിട്ടും ദിവസങ്ങള്‍ക്ക് ശേഷമാണു പോലീസ് അന്വേഷണം തുടങ്ങിയത്.പോലീസിന്റെ ഈ അനാസ്ഥ ലിഗയുടെ മരണത്തിന് വഴി തെളിച്ചുവെന്ന ആന്‍ഡ്രുവിന്റെ വാദത്തിന് മറുപടി പറയാന്‍ കേരളത്തിലെ ഭരണകൂടത്തിന് ഏറെ ക്ലേശിക്കേണ്ടി വരും.

ഐറിഷ് മലയാളി ന്യൂസ് 

RELATED NEWS

http://irishmalayali.ie/liga-murdered/

ഇന്ത്യയില്‍ അതിക്രൂരമായ കൂട്ട ബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ഐറിഷ് യുവതി ഡോണഗേല്‍ സ്വദേശിനി ,ഞെട്ടലോടെ അയര്‍ലണ്ട്

http://irishmalayali.com/irish-girl-dead-in-india-nwews/

 

Scroll To Top