Saturday March 24, 2018
Latest Updates

ആദരപൂര്‍വ്വം ഡബ്ലിന്‍,ജോസഫ് ജോര്‍ജിന് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശ്രദ്ധാജ്ഞലി

ആദരപൂര്‍വ്വം ഡബ്ലിന്‍,ജോസഫ് ജോര്‍ജിന് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശ്രദ്ധാജ്ഞലി

ഡബ്ലിന്‍:കഴിഞ്ഞയാഴ്ച ഡബ്ലിനില്‍ നിര്യാതയായ മലയാളി എഞ്ചിനിയര്‍ ജോസഫ് ജോര്‍ജിന് അയര്‍ലണ്ടിലെ മലയാളികള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.ഇന്നലെ വൈകുന്നേരം 6 മുതല്‍ 7 മണി വരെ ആഡംസ് ടൌണ്‍ എസ്‌കറിലെ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ജോസഫ് ജോര്‍ജിന്റെ ഭൗതിക ശരീരം ഒരു നോക്ക് കാണാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അദ്ദേഹത്തിന്റെ മുന്‍കാല സഹപ്രവര്‍ത്തകരും നിരവധി മലയാളികളും എത്തിയിരുന്നു.

എസ്‌കര്‍ ദേവാലയത്തിലെ പാരിഷ് കൌണ്‍സില്‍ അംഗം കൂടിയായിരുന്നു ജോസഫ് ജോര്‍ജിന് എസ്‌കര്‍ പാരിഷിന്റെയും,അയര്‍ലണ്ടിലെ വിവിധ സഭാവിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ ശുശ്രൂഷകള്‍ നടത്തിയത്.

ഫ്യൂണറല്‍ ഹോമില്‍ നിന്നും 5.45 ന് ദേവാലയത്തിലേയ്ക്ക് മൃതദേഹം കൊണ്ടുവന്നു.തുടര്‍ന്ന് ഫാ.ആന്റണി ചീരംവേലിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ റീത്തിലും,എസ്‌ക്കര്‍ പള്ളി വികാരി ഫാ.ജോണ്‍ ഹസറ്റ് ലത്തീന്‍ റീത്തിലുമുള്ള പ്രാര്‍ഥനകളും മരണാനന്തര ശുശ്രൂഷകളും നയിച്ചു.ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമ പള്ളി വികാരി ഫാ.ഫിലിപ്പ് വര്‍ഗീസ് ,ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി അനീഷ് എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു.
ഷിബു ചീരംവേലി,ഏലിയാമ്മ ജോസഫ്,റെജി കുര്യന്‍,ജോജി അബ്രാഹം,സുനില്‍ ജോണ്‍,ജിന്‍സി,എന്നിവര്‍ അള്‍ത്താരയില്‍ പ്രത്യേക പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു.
പ്രദീപ് ലീംറിക്ക്,ഡോ.പാഷ്വാര്‍(കോര്‍ക്ക് ),രാജിവ്,രവി ഹൂബ്ലി(ബാങ്ക് ഓഫ് അയര്‍ലണ്ട്) അമരേന്ദ്ര,തുടങ്ങിയവര്‍ ജോസഫിനെകുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വെച്ചു.

ദീര്‍ഘകാലം ജോസഫിന്റെ സുഹൃത്തായിരുന്ന ഡബ്ലിനിലെ എസ്‌കര്‍ സ്വദേശി സൈമന്റെ അനുസ്മരണം ആരുടേയും നയനങ്ങളെ ഈറനണിയ്ക്കുന്നതായിരുന്നു.ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് നിന്നെത്തിഅയര്‍ലണ്ടില്‍ സ്‌നേഹസൗഹൃദം തീര്‍ത്ത ഒരു മാലാഖയായിരുന്നു തന്റെ പ്രീയ സുഹൃത്തെന്ന് അദ്ദേഹം പറഞ്ഞു.

കോര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യം ആളും അര്‍ഥവും നല്കിയായിരുന്നു.ഡബ്ലിനിലെ മലയാളി സമൂഹത്തോടൊപ്പം ഭൗതികദേഹം ഇന്ത്യയിലേയ്ക്ക് അയക്കുന്നതിനുള്ള ചിലവുകള്‍ പങ്കു വെച്ച് അവര്‍ മാതൃകയായി.ജോസഫിന് മകള്‍ ഹനായോടുള്ള അതീവമായ സ്‌നേഹവാത്സല്യങ്ങള്‍ ഓര്‍ത്തെടുത്ത ഡോ .പാഷ്വാര്‍ അനുശോചന പ്രസംഗം നടത്തവേ കോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തിനൊപ്പം ജോസഫിന്റെ കുടുംബം ഉണ്ടായിരുന്ന നാളുകള്‍ കണ്ണീരോടെ അനുസ്മരിച്ചു.FU22
എസ്‌കര്‍ പള്ളിയില്‍ ഇന്നലെ നടന്നത് ജോസഫ് ജോര്‍ജിന്റെ സംസ്‌കാരചടങ്ങുകളുടെ ആദ്യഘട്ടം മാത്രമായിരുന്നില്ല.അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അനുപമമായ ഒരു ഒത്തുചേരല്‍ കൂടിയായിരുന്നു.ആര്‍ക്കും അധികം പരിചയമില്ലാതെ, ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച ഒരു മലയാളിയുടെ ആകസ്മിക മരണത്തില്‍ അനുശോചനമറിയിച്ചും,ആദരവ് പ്രകടിപ്പിച്ചും എത്തിയവരില്‍ ജാതി മത ഭേദമന്യേ അയര്‍ലണ്ടിലെ എല്ലാ ഇന്ത്യന്‍ സമൂഹങ്ങളുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു.ആരും ആവശ്യപ്പെടാതെ തന്നെ ഓരോ സമൂഹവും ഭൌതികദേഹം ഇന്ത്യയിലേയ്ക്ക് അയയ്ക്കാനുള്ള സാമ്പത്തിക സഹായം അടക്കമുള്ള സഹകരണം ജോസഫ് ജോര്‍ജിന്റെ കുടുംബത്തിന് ഒരുക്കി നല്കി.

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം തങ്ങള്‍ക്ക് നല്കിയ സഹകരണം ജീവിതത്തില്‍ ഒരിക്കലും തങ്ങളുടെ കുടുംബാംഗങ്ങള്‍ മറക്കില്ലെന്ന് കുടുംബത്തിന് വേണ്ടി നന്ദിപ്രസംഗം നടത്തിയ പരേതന്റെ സഹോദരന്‍ ജോണ്‍സന്‍ ജോര്‍ജ് പറഞ്ഞു.
വൈകിട്ട് 7 മണിയോടെ ശുശ്രൂഷകള്‍ അവസാനിച്ചു. ചങ്ങനാശ്ശേരി കുന്നത്താനം തൃക്കൊടിത്താനം ചാഞ്ചൊടി സ്വദേശി പടിഞ്ഞാറേതില്‍ ജോസഫ് ജോര്‍ജിന്റെ മകന് ഇനി ജന്മനാട്ടിലേയ്ക്ക് അന്ത്യയാത്ര.കാസില്‍ ഗേറ്റ് മ്യൂസിലെ നാലാം നമ്പര്‍ വീട്ടില്‍ ഇനി ഹാനയുടെ ചിത്രങ്ങള്‍ മാത്രം.ഉണരുമ്പോഴും ഉറങ്ങുമ്പോഴും കാണാനായി മകള്‍ ഹാനയുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ സിറ്റിംഗ് റൂമിലും ബെഡ് റൂമിലും പ്രിയപ്പെട്ട ആ അപ്പന്‍ പതിപ്പിച്ചു വെച്ചിരുന്നു.കോര്‍ക്കിലേയും ഡബ്ലിനിലെയും വീടുകള്‍ ആ മകള്‍ക്ക് സമ്മാനമായി നല്‍കിയാണ് അപ്പന്‍ കടന്നുപോയത്.save
നിയമാനുസൃതമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.  ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അഹമദാബാദിലെ  ബാപ്പു നഗര്‍  പള്ളിയിലായിരിക്കും സംസ്‌കാരശുശ്രൂഷകള്‍ നടത്തപ്പെടുക

 

Scroll To Top