Tuesday September 25, 2018
Latest Updates

ശരവണ പായസം -ഒരു സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പ് 

ശരവണ പായസം -ഒരു സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പ് 

ജോസഫ് റിതേഷ് 
ന്നലെ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ശരവണന്റെ ഓര്‍മ്മദിനം ആയിരുന്നു. ഞാനും അദ്ദേഹത്തിന്റെ സഹോദര തുല്യനായ ജയന്‍ ചേട്ടനും കുടുംബവും അവിടെ പോയിരുന്നു. അങ്ങിനെ ഒരു പരിപാടി ഒരുക്കിയ എല്ലാ പ്രിയ സുഹൃത്തുകള്‍ക്കും നന്ദി. പെട്ടന്ന് ഉള്ള പോക്കായതിനാല്‍ പലരും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പറഞ്ഞപ്പോഴും ഞാന്‍ മൗനിയായി പോയി. This is a small tribute to his memories.
ഏഴു വര്‍ഷം ക്രംലിന്‍ ഏരിയയില്‍ താമസിച്ച ശേഷം 2013 ലാണ് ഞങ്ങള്‍ ലൂക്കനില്‍ വീട് വാങ്ങാന്‍ തീരുമാനിക്കുന്നത് .നേരത്തെ പരിചയം ഉള്ള ജയന്‍ ചേട്ടനോട് വീടുകള്‍ കാണാന്‍ പോകുമ്പോള്‍ അഭിപ്രായം ചോദിക്കും. അങ്ങിനെ ഒരു ദിവസം foxborough യില്‍ ഒരു വീടിനു viewing ഉള്ളപ്പോഴാണ് ശരവണനെ അവിടെ കണ്ടത്. ജയന്‍ ചേട്ടന്‍ വിളിച്ച പ്രകാരം എനിക്ക് സഹായം ആയി വന്നതാണ് .അദ്ദേഹത്തിന്റെ ഏരിയ ആയിട്ട് കൂടി വീടിനു ചില കുറവുകള്‍ ഉണ്ടായതു ചൂണ്ടിക്കാട്ടി അന്നെന്നെ മടക്കി.അന്ന് അവര്‍ രണ്ടു പേരും പറഞ്ഞു തന്ന പ്രകാരം ഞാന്‍ ആ വര്‍ഷം തന്നെ MoyGlas എസ്റ്റേറ്റില്‍ വീട് വാങ്ങുകയും ചെയ്തു.

പിന്നീട് 2017 വരെ ജയന്‍ ചേട്ടന്റെ വീട്ടിലെ എല്ലാ ചടങ്ങുകളിലും വീട്ടുകാരനെ പോലെ ശരവണന്‍ അവിടെ ഉണ്ടായിരുന്നു. കളറുകളുടെ ആരാധകന്‍ ആയിരുന്നു ശരവണന്‍. മഞ്ഞ, പച്ച,നീല എന്നിങ്ങനെ എനിക്കിട്ടാല്‍ കൂതറ ലുക്ക് ഉണ്ടാകുമായിരുന്ന T shirt കള്‍ ഇട്ട് ശരവണന്‍ ഒരു സിനിമാ നടനെ പ്പോലെ നടക്കും. അതുപോലെ നല്ല പാന്റ്സും അടിപൊളി കളര്‍ ഷൂസുകളും. ‘എന്താടാ ചക്കരെ നിനക്കു വല്ല സിനിമയിലും പോയിക്കൂടായിരുന്നോ’ എന്ന് ചോദിയ്ക്കാന്‍ തോന്നുന്ന ഗ്ലാമര്‍…അതായിരുന്നു ശരവണന്‍ ..

2017 ഓണത്തിന് കണ്ട ശേഷം പിന്നെ ശരവണനെ ഓര്‍ത്തത് സുനിതയുടെ കാറില്‍ ഒരു വലിയ scratch വീണപ്പോഴാണ്. എവിടെ repair ചെയ്യണം എന്നറിയാന്‍ വിളിക്കാന്‍ തോന്നിയത് ശരവണനെ ആണ്. ആശയാണ് ഫോണ്‍ എടുത്തത്. ശരവണന്‍ വയറു വേദനയായി Connolly ഹോസ്പിറ്റല്‍ എമര്‍ജന്‍സിയിലാണ് . ഫ്രീ ആകുമ്പോള്‍ തിരിച്ചു വിളിക്കും എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വിളി വന്നു. കലശലായ വേദന ശബ്ദത്തില്‍ അറിയാന്‍ കഴിഞ്ഞു. എന്നാല്‍ പിന്നെ ട്രീറ്റ്‌മെന്റ് കഴിഞ്ഞു വിളിച്ചോളാം എന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല. കാര്യം അറിഞ്ഞ ശേഷം, ‘ഞാന്‍ വീട്ടില്‍ വന്നിട്ട് ഉടനെ നമുക്കു ശരിയാക്കാം’ എന്ന് പറഞ്ഞു വെച്ചു .അതായിരുന്നു ശരവണന്‍. സ്വന്തം ബുദ്ധിമുട്ടിലും അന്യന്റെ കാര്യത്തില്‍ priority കാണുന്നയാള്‍.
പിറ്റേന്ന് അറിഞ്ഞു ശരവണന്‍ ICU വില്‍ ആയി എന്ന്. അധികം ആളുകള്‍ അറിഞ്ഞിരുന്നില്ല. ഞാനും ജയന്‍ ചേട്ടനും അവിടെ ചെല്ലുമ്പോള്‍ നിറയെ ട്യൂബുകള്‍ക്കിടയില്‍ ശരവണന്‍.

ഓര്‍മയുണ്ടായിരുന്നു. ആശ പറഞ്ഞ പ്രകാരം കയ്യില്‍ പിടിച്ചപ്പോള്‍ കരം മൃദുവായി ഞെക്കി. സാധാരണ ആള്‍ക്കാര്‍ പറയുന്ന പോലെ ആശ്വാസ വാക്കുകള്‍ ഞാനും പറഞ്ഞു. ‘ഉടനെ സുഖം ആകും’. ശരവണന്‍ നിഷേധ ഭാവത്തില്‍ തലയാട്ടി. ഇപ്പോഴും എന്നെ അത്ഭുത പെടുത്തുന്ന intuition..അതോ ഈ യുദ്ധം തോല്‍വിയുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടോ?

നാലു ദിവസം പോരാടി ശരവണന്‍ പോയി. പല മതക്കാരും കുടുംബവും സുഹൃത്തുക്കളും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടും മരണം എന്ന ചന്തുവിനെ തോല്‍പിക്കാന്‍ അവനായില്ല.
കാലം മുറിവുകള്‍ ഉണക്കും. ആ കുടുംബം ശക്തിയോടേ ഈ അവസ്ഥ തരണം ചെയ്യും എന്ന് മനസ്സ് പറയുന്നു. ഓര്‍ക്കുമ്പോള്‍ സന്തോഷം തരുന്ന ഒരു പാട് സ്‌നേഹം ശരവണന്‍ വാരിക്കോരി കൊടുത്തിട്ടുണ്ട്. അയാളുടെ കുട്ടികള്‍ക്ക് പ്രത്യേകിച്ച്…24 മണിക്കൂറും പുതപ്പു പോലെ, കുട പൊലെ, മേല്‍ക്കൂര പോലെ, superman പോലെ അവരെ ശരവണന്‍ സംരക്ഷിച്ചിരുന്നത് ഓര്‍ക്കുന്നു…
ഒരു കവിതാ ശകലം ഓര്‍മ്മ വരുന്നു.
‘കാലമിനിയും ഉരുളും, വിഷു വരും, വര്‍ഷം വരും, തിരുവോണം വരും
ഓരോ തളിരിലും പൂ വരും കായ് വരും
അപ്പോള്‍ ആരെന്തും എന്തെന്നും ആര്‍ക്കറിയാം
ആരെന്നും എന്തെന്നും ആര്‍ക്കറിയാം…’
ശരവണ പായസത്തിന്റെ മധുരം നുകര്‍ന്ന എല്ലാവര്‍ക്കുമായി ആയി ഇത് നേരുന്നു.

Scroll To Top